അധ്യക്ഷനാകുമോ? കെ മുരളീധരന്റെ മറുപടി ഇങ്ങനെ..കളി തുടങ്ങി ഗ്രൂപ്പ് നേതാക്കളും
തിരുവനന്തപുരം; ആരാകും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ മുല്ലപ്പള്ളി രാജിവെച്ചതോടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കത്തിലാണ് ഹൈക്കമാന്റ്. ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് അതീതമായി പ്രതിപക്ഷ നേതാവിനെ കണ്ടെത്തിയ മാതൃകയിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനാണ് ഹൈക്കമാന്റ് ആലോചന. എന്നാൽ ഗ്രൂപ്പ് നേതാക്കളുടെ എതിർപ്പുകളാണ് ഇപ്പോൾ തലവേദനയായിരിക്കുന്നത്.
സംസ്ഥാനത്ത് മഴ കനക്കുന്നു- ചിത്രങ്ങൾ

സംസ്ഥാനത്തെ ഗ്രൂപ്പ് കളികൾ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ഒരു പരിധി വരെ കാരണമായെന്ന വിമർശനമാണ് നേരത്തേ ഉയർന്നത്. ഹൈക്കമാന്റ് സംസ്ഥാനത്തേക്ക് അയച്ച ചവാൻ സമിതിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ഗ്രൂപ്പ് നീക്കങ്ങൾ അവസാനിച്ചില്ലേങ്കിൽ തിരിച്ചടികൾ തുടർക്കഥയാകുമെന്ന് സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കളും വിമർശനം ഉയർത്തി.ഈ പശ്ചാത്തലത്തിലാണ് ഗ്രൂപ്പുകളെ പാടെ അവഗണിച്ച് വിഡി സതീശനെ ഹൈക്കമാന്റ് പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. തലമുറ മാറ്റത്തിനായി യുവ നേതാക്കളും ഹൈക്കമാന്റ് തിരുമാനത്തിനൊപ്പം നിന്നു.

സമാന രീതിയിൽ കെപിസിസി അധ്യക്ഷനെ കണ്ടെത്താനായിരുന്നു ദേശീയ നേതൃത്വത്തിന്റെ തിരുമാനം. തിരഞ്ഞെടുപ്പ് തിരിച്ചടി സംബന്ധിച്ച് തെളിവെടുക്കാൻ കേരളത്തിലെ നേതാക്കളുമായി ചർച്ച നടത്തിയ ചവാൻ സമിതി അധ്യക്ഷനെ സംബന്ധിച്ച് അഭിപ്രായം തേടാതിരുന്നതും ഈ പശ്ചാത്തലത്തിലായിരുന്നു.

എന്നാൽ പ്രതിപക്ഷ മാതൃകയിൽ കെപിസിസി പ്രസിഡന്റിനെ ഏകപക്ഷീയമായി പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും കടുത്ത അതൃപ്തി ഉയർത്തി രംഗത്തെത്തി. ഐ, ഐ ഗ്രൂപ്പുകളിലെ മുതിർന്ന നേതാക്കളും തിരുമാനത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നേതാക്കളെ പരിഗണിച്ചില്ലേങ്കിൽ തിരിച്ചടിയാകുമെന്ന ആശങ്ക ഹൈക്കമാന്റിനുണ്ട്.

താഴെതട്ട് പ്രവർത്തിക്കണമെങ്കിൽ ഗ്രൂപ്പ് പിന്തുണ കൂടിയെ തീരു. മാത്രമല്ല പിന്നീടുള്ള സാഹചര്യങ്ങളുടെ ഉത്തരവാദിത്തവും ഹൈക്കമാന്റ് തന്നെ ഏറ്റെടുക്കേണ്ടി വരും.
ഇതോടെ സംസ്ഥാന നേതാക്കളുടെ തിരുമാനം കൂടി പരിഗണിച്ചാകണം പുതിയ അധ്യക്ഷൻ എന്നാണ് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നിർദ്ദേശിച്ചിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന നേതാക്കളുടെ അഭിപ്രായം തേടാൻ താരിഖ് അൻവറിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അൻവർ നേതാക്കളുമായി ആശയവിനിമയം തുടരുകയാണ്. എംപിമാർ, എംഎൽഎമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ എന്നിവരോടാണ് അഭിപ്രായം തേടുന്നത്.

ഇതിനോടകം തന്നെ നേതാക്കളിൽ ചിലരുമായി താരിഖ് ചർച്ച നടത്തി കഴിഞ്ഞു. ഇരു ഗ്രൂപ്പുകളിലേയും നേതാക്കളിൽ ചിലർ പേരുകൾ നിർദ്ദേശിക്കുന്നുണ്ടെങ്കിലും മുതിർന്ന നേതാക്കളാരും മനസ് തുറന്നിട്ടില്ല. ഗ്രൂപ്പുകളുടെ തിരുമാനം തന്നെയാകും ഇക്കാര്യത്തിൽ നിർണായകമായേക്കുക.

നിലവിൽ കെ സുധാകരന്റെ പേരിനാണ് മുൻതൂക്കം. രാഹുൽ ഗാന്ധി ഉൾപ്പെടെ സുധാകരനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ ചെന്നിത്തലയും ഉമ്മൻചാണ്ടിക്കും സുധാകരൻ അധ്യക്ഷനാകുന്നതിനോട് താത്പര്യമില്ല. എതിർപ്പുകൾ ഉയർന്നാൽ മറ്റ് പേരുകളും പരിഗണിച്ചേക്കും. ലോക്സഭ എംപി കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ്, അടൂർ പ്രകാശ് , കെ മുരളീധരൻ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.

ഗ്രൂപ്പ് പിടിവലി ഉയർന്നാൽ സമവായ നീക്കം എന്ന നിലയിലാണ് മുരളീധരന്റെ പേര് ചർച്ചയാകുന്നത്. എന്നാൽ ഇതിനെതിരെ മുരളീധരൻ രംഗത്തെത്തി. തന്റെ പേര് വലിച്ചിഴക്കേണ്ടതില്ലെന്നും നിലവിൽ താൻ അഭിപ്രായം അറിയിച്ചിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

എംംപിമാർ കെപിസിസി അധ്യക്ഷൻമാരാകുന്നതിൽ തെറ്റില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ വിഡി സതീശന്റെ തുടക്കം മികച്ചതാണെന്നും മുരളീധരൻ പ്രതികരിച്ചു. നേരത്തേ കെ സുധാകരനെ മുരളീധരൻ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അതേസമയം ഗ്രൂപ്പുകൾ ആരുടെ പേര് നിർദ്ദേശിക്കും എന്നതും നിർണായകമാണ്.
Recommended Video

കെ സുധാകരനെ പിന്തുണയ്ക്കുമോ ഇതോ അതോ എ,ഐ ഗ്രൂപ്പുകൾ ഒന്നിച്ച് മറ്റൊരു പേര് നിർദ്ദേശിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എന്തായാലും വരുന്ന ആഴ്ചയിൽ തന്നെ പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഓഫ് വൈറ്റിൽ ഗോർജ്യസ് ആയി ജാൻവി കപൂർ.. നടിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ












Click it and Unblock the Notifications