മൂന്നാമതും പിണറായി ഭരിച്ചാല്‍ മക്കള്‍ മാതാപിതാക്കളാലും മാതാപിതാക്കള്‍ മക്കളാലും കൊല്ലപ്പെടും: മുരളീധരന്‍
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളത്തില്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ മക്കള്‍ മാതാപിതാക്കളുടെ കൈ കൊണ്ടും മാതാപിതാക്കള്‍ മക്കളുടെ കൈ കൊണ്ടും കൊല്ലപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സംസ്ഥാനത്ത് അടുത്തിടെയായി അക്രമസംഭവങ്ങള്‍ തുടര്‍ച്ചയാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
കേരളത്തിലേക്ക് കഞ്ചാവും ലഹരിയും ഒഴുകിക്കൊണ്ടിരിക്കുകയാണ് എന്നും അതാണ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളെ വെറുപ്പിക്കുന്നതില്‍ ഡോക്ടറേറ്റ് എടുത്തയാളാണ് പിണറായി വിജയനെന്നും മുരളീധരന്‍ പരിഹസിച്ചു. സംസ്ഥാനത്തിന്റെ സര്‍വ മേഖലയിലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

'കുട്ടികളുടെ അവസ്ഥ എന്താണിവിടെ? ഇന്ന് പരീക്ഷ എഴുതേണ്ട കുട്ടി ജീവിച്ചിരിപ്പുണ്ടോ? എന്താണ് കാരണം, മയക്കുമരുന്ന്. മദ്യത്തേക്കാള്‍ മാരകമായ കഞ്ചാവും മയക്കുമരുന്നും ഇന്ന് നമ്മുടെ സംസ്ഥാനത്ത് വ്യാപകമായി ലഭിക്കുന്നുണ്ട്. ഇന്ന് കുട്ടികള്‍ കൊല്ലണമെന്ന വാശിയിലാണ് ഓരോന്ന് ചെയ്യുന്നത്. താമരശേരിയില്‍ ആ കുഞ്ഞ് മരണപ്പെട്ടത് തലയോട്ടി തകര്‍ന്നിട്ടല്ലേ. ആ കൊന്ന കുട്ടിയുടെ പിതാവാളാണ് ആയുധം കൊടുത്തയച്ചത്,' മുരളീധരന്‍ ആരോപിച്ചു.
ടിപി ചന്ദ്രശേഖരനെ കൊന്ന കേസിലെ പ്രതികളുടെ കൂടെ അയാള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറലാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലേ എന്നും അദ്ദേഹം ചോദിച്ചു. കഞ്ചാവ് പിടിക്കലാണോ നാട്ടുകാരുടെ ജോലി എന്നും അതിന് ഇവിടെ എക്സൈസ് ഇല്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇത് ചെയ്യാതെ ജനങ്ങളോട് പ്രതിജ്ഞയെടുക്കാന്‍ പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം കേരളത്തില്‍ ലഹരി വ്യാപകമാണ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. ലഹരി തടയുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായി എന്നും സംസ്ഥാനത്ത് വര്‍ധിക്കുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും എന്ന വിഷയത്തില്‍ നിയമസഭയില്‍ നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സതീശന്‍ ആരോപിച്ചു. നിലവില്‍ കേരളത്തില്‍ എക്‌സൈസിന് ആവശ്യത്തിന് വാഹനം പോലും ഇല്ലാത്ത സ്ഥിതിയാണ്.
അതിക്രമങ്ങളിലെ പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കാന്‍ പാടില്ല എന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലയടിച്ച് പൊട്ടിച്ചതിനെ രക്ഷാപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയാണ് ഇവിടെ ഉള്ളത് എന്നും സതീശന്‍ കുറ്റപ്പെടുത്തി. വര്‍ധിക്കുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും എന്ന വിഷയത്തില്‍ ആയിരുന്നു ഇന്ന് നിയമസഭയില്‍ ചര്‍ച്ച.












Click it and Unblock the Notifications