'റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ ഗണപതി ഹോമം നടത്താറില്ലേ'; ശാസ്ത്രത്തെ സ്പീക്കര്‍ രക്ഷിക്കേണ്ടെന്ന് മുരളി
കോട്ടയം: മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെയും സി പി എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി. സ്പീക്കര്‍ മര്യാദയ്ക്ക് സഭ നടത്തിയാല്‍ മതി എന്ന് മുരളീധരന്‍ പറഞ്ഞു. ശാസ്ത്രത്തെ രക്ഷിക്കാന്‍ കേരളത്തില്‍ പ്രത്യേകിച്ച് അവതാരങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം പരിഹസിച്ചു. ശബരിമലയുടെ കാര്യത്തില്‍ കൈ പൊള്ളിയ സി പി എമ്മിന് ഗണപതിയുടെ കാര്യത്തില്‍ കൈയും മുഖവും പൊള്ളുമെന്നും മുരളീധരന്‍ പറഞ്ഞു.
ഭരണ പരാജയം മറയ്ക്കാന്‍ ഗണപതിയെ വലിച്ചിഴയ്‌ക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് എല്ലാ ദൈവങ്ങളേയും വിശ്വാസങ്ങളേയും ബഹുമാനിക്കുന്ന പാര്‍ട്ടിയാണ്. ശബരിമല വിഷയം വന്നപ്പോള്‍ ഭക്തരുടെ വികാരങ്ങള്‍ മാനിക്കണം എന്ന നിലപാടില്‍ ആയിരുന്നു പാര്‍ട്ടി ഉറച്ച് നിന്നത്. ഈ വിഷയത്തിലും അതേ നിലപാടാണ് കോണ്‍ഗ്രസിനുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

'ശാസ്ത്രവും പുരാണവും തമ്മില്‍ പ്രത്യേകിച്ച് ഇപ്പോള്‍ യാതൊരു യുദ്ധവും നടന്നിട്ടില്ല. ശാസ്ത്രത്തെ രക്ഷിക്കാനായി സ്പീക്കര്‍ വരേണ്ട. അദ്ദേഹം മര്യാദയ്ക്ക് സഭ നടത്തട്ടെ. പുരാണങ്ങളില്‍ നിന്ന് ശാസ്ത്രത്തെ രക്ഷിക്കാന്‍ ഇവിടെ ആരും വരേണ്ട കാര്യമില്ല,' എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. തുമ്പയില്‍ നിന്ന് റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ത്തന്നെ അവര്‍ ഗണപതി ഹോമമൊക്കെ നടത്താറുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശാസ്ത്രജ്ഞന്‍മാര്‍ ദൈവത്തില്‍ വിശ്വസിക്കുന്നവരാണ് എന്നും അപ്പോള്‍ ശാസ്ത്രത്തെ രക്ഷിക്കാന്‍ പ്രത്യേകിച്ച് ഒരു അവതാരത്തിന്റെ ആവശ്യം കേരളത്തിലും ഇന്ത്യയിലും ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു. എന്‍ എസ് എസ് എല്ലാക്കാലത്തും സ്വീകരിച്ചത് മതേതര നിലപാടാണ് എന്നും മന്നം ജയന്തി നടക്കുമ്പോള്‍ അവിടെ ഏതെങ്കിലും ഒരു ആര്‍ എസ് എസുകാരനെ സ്റ്റേജില്‍ കയറ്റിയതായി നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ഹിന്ദു വിശ്വാസങ്ങള്‍ സംരക്ഷിക്കാനും മറ്റു വിശ്വാസങ്ങളെ ബഹുമാനിക്കാനും ശീലിച്ചവരാണ് എന്‍ എസ് എസ് അദ്ദേഹം പറഞ്ഞു. മന്നത്ത് പത്മനാഭന്റെ കാലം മുതലുള്ള ആ പാരമ്പര്യമാണ് ഇപ്പോള്‍ സെക്രട്ടറി തുടരുന്നത് എന്നും അതല്ലാതെ എന്‍ എസ് എസിനെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ നോക്കിയാല്‍ ആ പരിപ്പ് ഇവിടെ വേവില്ല എന്നും അദ്ദേഹം പറഞ്ഞു.
അമ്പലത്തില്‍ പോയാലും കുറി തൊട്ടാലും ആര്‍ എസ് എസ് ആണെന്ന് പറയുന്നത് വഴി ആര്‍ എസ് എസിന് ഇല്ലാത്ത വേദി ഉണ്ടാക്കി കൊടുക്കാനാണ് സി പി എം ശ്രമിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. എല്ലാ ദിവസവും ഓരോ വകുപ്പിനെക്കുറിച്ചും പരാതി ഉയരുകയാണ്. എന്നാല്‍ അതിനെല്ലാം മറയിടാന്‍ ഒരു മിത്തുമായിട്ട് ഇപ്പോള്‍ ഇറങ്ങിയിരിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഷംസീര്‍ ചെയ്ത അബദ്ധം മനസ്സിലാക്കി ക്ഷമ ചോദിക്കണം എന്നും കാഞ്ഞങ്ങാട്ട് ചില യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചപ്പോള്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കാണിച്ച വിശാലമനസ്‌കതയുടെ പത്തിലൊന്നെങ്കിലും കാണിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ ശാസ്ത്രത്തെ രക്ഷിക്കാന്‍ വന്ന ഒരു അവതാരമാണ് എന്ന് ഷംസീര്‍ പറഞ്ഞാല്‍ അങ്ങനെയൊരു അവതാരത്തെ ഈ മണ്ണില്‍ ആവശ്യമില്ല എന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications