അവര്‍ 5 പേരുണ്ട്; രക്ഷപ്പെട്ടത് സന്ദീപ് വാര്യര്‍ മാത്രം... മറ്റൊരു ഒഴുക്കിന് സാധ്യത, കളിക്കാന്‍ മുരളിയും
പാലക്കാട്: സന്ദീപ് വാര്യര്‍ ആഴ്ചകള്‍ക്ക് മുമ്പ് വരെ ബിജെപിയുടെ മുഖമായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിരന്തരം അവഗണന നേരിടുന്നു എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ രാഷ്ട്രീയ കേരളം ഞെട്ടലോടെയാണ് കേട്ടത്. എകെ ബാലനും സംഘവും ഇറങ്ങി കളിക്കുന്നതിന് മുമ്പേ വിഡി സതീശനും ഷാഫി പറമ്പിലും വികെ ശ്രീകണ്ഠനും നടത്തിയ ചടുല നീക്കം സന്ദീപിനെ കോണ്‍ഗ്രസ് ക്യാമ്പിലെത്തിച്ചു. പോകുന്നവര്‍ പോട്ടെ എന്ന് നിസാരമാക്കിയവര്‍ അറിഞ്ഞില്ല വരാന്‍ പോകുന്ന എട്ടിന്റെ പണി.
ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണുമ്പോള്‍ തന്നെ കാലിനടയിലെ മണ്ണ് ഒലിച്ചിട്ടുണ്ടെന്ന് ബിജെപിക്ക് ബോധ്യമായിരുന്നു. ശക്തി കേന്ദ്രമായ പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ പ്രതീക്ഷ വച്ച പല ബൂത്തുകളിലും പാര്‍ട്ടി തിരിച്ചടി നേരിട്ടു. 2021ല്‍ നേടിയ വോട്ടിനേക്കാള്‍ വളരെ കുറഞ്ഞ വോട്ടാണ് ചില ബൂത്തുകളില്‍ കിട്ടിയത്. മുന്‍സിപ്പാലിറ്റി കഴിഞ്ഞ് മൂന്ന് പഞ്ചായത്തുകളിലേക്ക് വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ ഇതിനേക്കാള്‍ തിരിച്ചടിയാണ് കിട്ടാന്‍ പോകുന്നതെന്ന് ബിജെപി മനസിലാക്കി.

സന്ദീപ് വാര്യര്‍ ബിജെപി നേതൃത്വവുമായി ഉടക്കി നിന്നിരുന്ന വേളയില്‍ അദ്ദേഹത്തിന് പിന്തുണയര്‍പ്പിച്ച് മുന്‍സിപ്പാലിറ്റിയിലെ ചില സ്ഥലങ്ങളില്‍ ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ഈ മേഖലകളില്‍ വോട്ട് ഭിന്നിക്കുമെന്ന് ഭയന്ന ബിജെപി നേതൃത്വം ശക്തമായ ഏകീകരണ ശ്രമം നടത്തി. ഒരു പരിധി വരെ അതില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ പണി കിട്ടിയത് മറ്റു ഭാഗങ്ങളിലാണ്.
കല്‍പ്പാത്തി, പുത്തൂര്‍ തുടങ്ങിയ മേഖലകളില്‍ തനിക്ക് ബന്ധമുള്ളവരുമായി സന്ദീപ് സംസാരിച്ചു എന്നാണ് വിവരം. ഇവിടെ സന്ദീപ് കയറി കളിക്കുമെന്ന് ബിജെപി നേതൃത്വം പ്രതീക്ഷിച്ചില്ല. ബിജെപിക്ക് ഉറപ്പുള്ള വോട്ടര്‍മാരില്‍ പലരും വോട്ട് ചെയ്തില്ല എന്ന വിവരം നേതൃത്വം പരിശോധിക്കും. മുന്‍സിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കി എന്നാണ് സന്ദീപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കൃഷ്ണകുമാറിനും കെ സുരേന്ദ്രനുമെതിരെ കടുത്ത ഭാഷയില്‍ അദ്ദേഹം വിമര്‍ശനമുന്നയിക്കുകയും ചെയ്തു.
ബിജെപിക്ക് അടുത്ത പണി
അതേസമയം, കോണ്‍ഗ്രസ് അടുത്ത നീക്കത്തിന് ഒരുങ്ങുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ പാലക്കാട് ചുമതല കെ മുരളീധരനാണ് നല്‍കിയിരിക്കുന്നത്. അദ്ദേഹം വരുംദിവസങ്ങളില്‍ പാലക്കാട് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കുകയാണ്. മുരളിക്ക് വേണ്ടി പ്രത്യേക ഓഫീസ് തുറക്കുമെന്നും സൂചനയുണ്ട്. മുരളിക്കൊപ്പം ചേര്‍ന്ന് സന്ദീപ് കൂടി പാലക്കാട് കേന്ദ്രീകരിക്കുന്നതോടെ ബിജെപിക്ക് തലവേദന ഇരട്ടിയാകും.
ബിജെപിയുടെ നഗരസഭാ കൗണ്‍സിലര്‍മാരില്‍ നാല് പേര്‍ കോണ്‍ഗ്രസ് ക്യാമ്പിലേക്ക് മാറുമെന്ന് സൂചനയുണ്ട്. മുരളിയും സന്ദീപും മുന്‍സിപ്പാലിറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതോടെ ഈ നീക്കങ്ങളും പ്രതീക്ഷിക്കാം. ഏത് തിരഞ്ഞെടുപ്പ് വന്നാലും കൃഷ്ണകുമാര്‍ തന്നെ ബിജെപി സ്ഥാനാര്‍ഥിയാകുന്നു എന്ന സന്ദീപിന്റെ ആക്ഷേപം ബിജെപി പ്രവര്‍ത്തകരിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.
തിരഞ്ഞെടുപ്പ് വേളയില്‍ ഏറെ ചര്‍ച്ചയായത് അഞ്ച് പേരുടെ കളംമാറ്റമാണ്. പിവി അന്‍വര്‍, ഡോ. പി സരിന്‍, എകെ ഷാനിബ്, എന്‍കെ സുധീര്‍, സന്ദീപ് വാര്യര്‍ തുടങ്ങി കളംമാറിയ അഞ്ചില്‍ നാല് പേരുടെയും രാഷ്ട്രീയ ഭാവി ഇപ്പോള്‍ ചോദ്യ ചിഹ്നമായി നില്‍ക്കുന്നു. സന്ദീപ് വാര്യര്‍ മാത്രമാണ് ഇക്കൂട്ടത്തില്‍ ചിരിയോടെ നില്‍ക്കുന്നത്. സന്ദീപിനെ ഉപയോഗിച്ച് ബിജെപി വോട്ടുകളില്‍ കൂടുതല്‍ വിള്ളലുണ്ടാക്കാനുള്ള ആലോചനയിലാണ് യുഡിഎഫ് നേതൃത്വം.












Click it and Unblock the Notifications