കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കും; വികെ പ്രശാന്ത് പാടുപെടും, ബിജെപിയുടെ കളി നടക്കില്ല
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ജനവിധി തേടും. പാര്‍ട്ടി നേതൃത്വത്തെ അദ്ദേഹം ഇക്കാര്യം അറിയിച്ചുവെന്ന് സൂചന. കെ മുരളീധരന്‍ മല്‍സരിച്ചാല്‍ സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി വട്ടിയൂര്‍ക്കാവ് മാറും. നേരത്തെ രണ്ട് തവണ ഇവിടെ ജയിച്ച വ്യക്തിയാണ് കെ മുരളീധരന്‍.
തലസ്ഥാന ജില്ലയില്‍ ഏറെ കാലമായി സജീവമാണ് കെ മുരളീധരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ തോറ്റ ശേഷം അദ്ദേഹം ഇടക്കാലത്ത് പാലക്കാട് ജില്ലയില്‍ സജീവമായിരുന്നു എങ്കിലും പിന്നീട് തലസ്ഥാനത്തേക്ക് ശ്രദ്ധ പതിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ കോണ്‍ഗ്രസ് സംഘടാന സംവിധാനം താരതമ്യേന ശക്തമായ മണ്ഡലം കൂടിയാണ് വട്ടിയൂര്‍ക്കാവ്. കെ മുരളീധരന്‍ മനസ് തുറന്നതോടെ രാഷ്ട്രീയ ചിത്രം മാറുകയാണ്.

വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ മല്‍സരിക്കുന്നതോടെ തിരുവനന്തപുരം മണ്ഡലത്തില്‍ രണ്ടു പേരുകളാണ് കേള്‍ക്കുന്നത്. കെഎസ് ശബരീനാഥന്‍, വിഎസ് ശിവകുമാര്‍ എന്നിവരില്‍ ആരെങ്കിലും തിരുവനന്തപുരത്ത് മല്‍സരിക്കും. കേസുകള്‍ ഒഴിവായതോടെ ശിവകുമാര്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞു. മുരളീധരന്‍ വട്ടിയൂര്‍ക്കാവ് ആണ് എന്ന് മനസിലായതോടെ മറ്റു മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം എളുപ്പമാകും.
തൃശൂരിലെ പരാജയത്തിന് ശേഷം ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ല എന്ന് കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് ഈ നിലപാട് അദ്ദേഹം മയപ്പെടുത്തുകയും ചെയ്തു. തിരുവനന്തപുരം രണ്ടും പിന്നീട് തിരുവനന്തപുരം നോര്‍ത്തും ആയി അറിയപ്പെട്ടിരുന്ന മണ്ഡലം 2008ലെ പുനര്‍നിര്‍ണയത്തോടെയാണ് വട്ടിയൂര്‍ക്കാവ് ആയി മാറിയത്.
ഞെട്ടിച്ചാണ് ബിജെപിയുടെ വരവ്
കോണ്‍ഗ്രസ്, സിപിഎം അംഗങ്ങള്‍ ജയിച്ചിട്ടുള്ള മണ്ഡലം പുനര്‍നിര്‍ണയ ശേഷം നടന്ന 2011ലെ തിരഞ്ഞെടുപ്പില്‍ കെ മുരളീധരനിലൂടെ കോണ്‍ഗ്രസ് പിടിക്കുകയായിരുന്നു. 16000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മുരളീധരന് പക്ഷേ, 2016ല്‍ ഭൂരിപക്ഷം 7600 ആയി കുറഞ്ഞു. 2011ല്‍ 13000 വോട്ട് മാത്രമുണ്ടായിരുന്ന ബിജെപി 2016ല്‍ 43000 ആക്കി ഉയര്‍ത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ശരിക്കും ഞെട്ടിച്ചു.
2016ലെ തിരഞ്ഞെടുപ്പ് മുതലാണ് മണ്ഡലത്തില്‍ ത്രികോണ പോര് തുടങ്ങിയത്. മുരളീധരന്‍ വടകര മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ 2019ല്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയും മേയറായിരുന്ന വികെ പ്രശാന്ത് ജയിക്കുകയായിരുമായിരുന്നു. 2021ലും പ്രശാന്തിലൂടെ മണ്ഡലം സിപിഎം നിലനിര്‍ത്തി. ഈ രണ്ട് തിരഞ്ഞെടുപ്പിലും പ്രശാന്തിന് ശക്തരായ എതിരാളികള്‍ ഉണ്ടായിരുന്നില്ല എന്നതും എടുത്തു പറയണം.
2021ല്‍ 21000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് ജയിച്ചത്. കോണ്‍ഗ്രസിന്റെ വീണ നായര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കെ മുരളീധരന്‍ എത്തിയാല്‍ പ്രശാന്തിന് നന്നായി ജോലി എടുക്കേണ്ടി വരും. മാത്രമല്ല, ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിക്ക് മറ്റു നീക്കുപോക്കുകള്‍ക്ക് സാധിക്കുകയുമില്ല. പ്രമുഖ സ്ഥാനാര്‍ഥിയെ ബിജെപിയും നിര്‍ത്താന്‍ നിര്‍ബന്ധിതരാകും. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തിലാണ് ബിജപിയുടെ വരവ്. അതുകൊണ്ടുതന്നെ ഇത്തവണ തീപാറും പോരാട്ടമാണ് വട്ടിയൂര്‍ക്കാവില്‍ എന്ന് ഉറപ്പിക്കാം.












Click it and Unblock the Notifications