'പിണറായി സന്താന ഉല്‍പാദനശേഷിയില്ലാത്ത ആളെ പോലെ'; വിവാദ പരാമര്‍ശവുമായി മുരളീധരന്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ആരാണ് കൊണ്ടുവന്നത് എന്ന അവകാശവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സന്താന ഉല്‍പാദനശേഷിയില്ലാത്ത ആളെ പോലെയാണ് പിണറായി വിജയന്റെ അവകാശവാദം മുരളീധരന്‍ പറഞ്ഞു. 'പ്രത്യുല്‍പാദന ശേഷിയില്ലാത്ത ആള്‍ അയല്‍വീട്ടിലെ കുട്ടിയോട് ഞാനാണ് അച്ഛന്‍ എന്ന് പറയുന്നതുപോലെയാണ് പിണറായി,' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
യു ഡി എഫിന്റെ കുട്ടികളുടെ അവകാശം ഏറ്റെടുക്കാന്‍ എല്‍ ഡി എഫ് ശ്രമിക്കുകയാണ് എന്നും ഒരു നാണവുമില്ലാതെ യു ഡി എഫ് പദ്ധതികളുടെ പിതൃത്വം പിണറായി ഏറ്റെടുക്കുകയാണ് എന്നും മുരളീധരന്‍ പറഞ്ഞു. കെ പി സി സി സംവിധാന്‍ ബച്ചാവോ പൊതുസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. അതേസമയം തന്റെ വിമര്‍ശനം കടുത്തിട്ടില്ല എന്നും വ്യക്തിപരമായ അധിക്ഷേപമല്ല ഇത് എന്നും അദ്ദേഹം പിന്നീട് പറഞ്ഞു.

എന്നാല്‍ പറയേണ്ടി വന്നാല്‍ ഇനിയും പറയുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും വേദിയിലിരിക്കെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പി സി വിഷ്ണുനാഥ് എം എല്‍ എയും രംഗത്തെത്തി.
വിഴിഞ്ഞം പദ്ധതി കരുണാകരന്റെ കാലത്ത് ആലോചന തുടങ്ങിയ പദ്ധതിയാണെന്നും പിന്നീട് വന്ന മുഖ്യമന്ത്രിമാര്‍ പല കാര്യങ്ങളും ചെയ്തു എന്നും വിഷ്ണുനാഥ് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത് എന്നും നേരത്തെ തീരുമാനിച്ച പ്രകാരം 2019 ലാണ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടിരുന്നതെന്നും പി സി വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.
ബി ജെ പി സംസ്ഥാന അധ്യക്ഷന് വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ ഇരിപ്പിടം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തിലും വിഷ്ണുനാഥ് പ്രതികരിച്ചു. രാജീവ് ചന്ദ്രശേഖറിന് ഇരിപ്പിടം നല്‍കിയതുമായി ബന്ധപ്പെട്ട മന്ത്രി മുഹമ്മദ് റിയാസ് ചോദിക്കേണ്ടത് മുഖ്യമന്ത്രിയോടാണ്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരനും സീറ്റ് വേണം എന്ന് ആവശ്യപ്പെടാതെ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിച്ചെന്നും വിഷ്ണുനാഥ് ആരോപിച്ചു.
അതേസമയം ദളിതരെ കൈകാര്യം ചെയ്യുന്നതില്‍ പിണറായി - മോദി സര്‍ക്കാരുകള്‍ തമ്മില്‍ വ്യത്യാസമില്ല എന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. റാപ്പര്‍ വേടനെതിരായ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഗഹത്തിന്റെ പ്രതികരണം.












Click it and Unblock the Notifications