കെ- റെയിൽ: സർവ്വെ നടപടികളും ഭൂമിയേറ്റെടുക്കലും സംസ്ഥാന സർക്കാർ നിർത്തിവെയ്ക്കണമെന്ന് ബിജെപി
ദില്ലി: കെ-റെയിലിന്റെ സർവേ നടപടികളും ഭൂമിയേറ്റെടുക്കലും അടിയന്തരമായി നിർത്തിവെച്ച് സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി പ്രതിനിധികളോടൊപ്പം കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ച ശേഷം ന്യൂഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയിരുന്നു സുരേന്ദ്രൻ.

കേന്ദ്രമന്ത്രി വി.മുരളീധരൻ, മെട്രോമാൻ ഇ.ശ്രീധരൻ, മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ് എന്നിവരായിരുന്നു പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. കെ-റെയിലിനെ കുറിച്ചുള്ള സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്ക സംഘം റെയിൽവെ മന്ത്രിയെ അറിയിച്ചു.
ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോയാൽ ജനങ്ങളെ സംഘടിപ്പിച്ചു ശക്തമായ ചെറുത്തുനിൽപ്പ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് കെ.സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കെ-റെയിലിനെ അനുകൂലിച്ച് നിലപാട് മാറ്റിയത് ജനങ്ങളെ വഞ്ചിക്കലാണ്. കോൺ ഗ്രസ് യു-ടേൺ സ്വീകരിച്ചതിന് പിന്നിൽ അവരുടെ ദേശീയ നേതൃത്വത്തിന്റെ താത്പര്യമാണ്.
പുതിയ ബജറ്റിൽ പ്രഖ്യാപിച്ച വേഗം കൂടിയ വന്ദേഭാരത് ട്രെയിനുകളിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്ന് റയിൽവേ മന്ത്രി ഉറപ്പ് നൽകിയതായും സി ഗ്നൽ നവീകരണമുൾപ്പെടെയുള്ള കാര്യങ്ങളിൽ അനുകൂലമായ നിലപാടാണ് മന്ത്രിക്കുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഫൈനൽ ലൊക്കേഷൻ സർവ്വെ, ലാൻഡ് പ്ലാൻ,അലൈൻമെൻറ് ഇവയൊന്നും ഇല്ലാതെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകുന്നത് ശരിയായ നടപടി അല്ലെന്നും ഇൻ പ്രിൻസിപ്പൽ അപ്രൂവൽ എന്ന് പറഞ്ഞാൽ ഭൂമിയേറ്റെടുക്കാനുള്ള ലൈസൻസല്ലെന്നും കേന്ദ്ര വിദേശ-പാർലമെൻററി കാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. അശാസ്ത്രീയമായ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള നീക്കം കേരളത്തിന് ദോഷം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സിൽവർ ലൈൻ പദ്ധതി പദ്ധതിയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ , ഡിപിആറിലെ അപൂർണ്ണതകൾ, പതിനായിരങ്ങൾ കുടി ഒഴിപ്പിക്കൽ ഭീഷണി നേരിടുന്ന സാഹചര്യം തുടങ്ങിയ വിവിധ കാര്യങ്ങൾ കേന്ദ്ര റെയിൽ മന്ത്രിയുമായി കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ചർച്ച ചെയ്തു. ഡിപിആറിലെ അശാസ്ത്രീയതകൾ മെട്രോമാൻ ഇ ശ്രീധരൻ റെയിൽ മന്ത്രിയെ ധരിപ്പിച്ചതായും സുരേന്ദ്രൻ പറഞ്ഞു. പദ്ധതി കേരളത്തിനെ രണ്ടായി വിഭജിക്കുമെന്നും പാരിസ്ഥിതികമായി തകർക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു. സിൽവർ ലൈൻ സംബന്ധിച്ച് കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര റെയിവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതായും ബിജെപി നേതാക്കൾ വ്യക്തമാക്കി.
'ടൂ ഹോട്ട്'..മാലി ദ്വീപിൽ അവധി ആഘോഷിച്ച് മാളവിക മോഹനൻ..ഫോട്ടോകൾ വൻ വൈറൽ












Click it and Unblock the Notifications