സമുദായ നേതാക്കള്‍ ഇടപെടേണ്ട വിഷയമല്ല കെ റെയില്‍; സര്‍ക്കാരിനെ അനുകൂലിച്ച് വെള്ളാപ്പള്ളി
ആലപ്പുഴ: കെ റെയില്‍ സമരങ്ങള്‍ക്കെതിരെ പൊലീസ് സ്വീകരിക്കുന്ന നടപടിയെ ന്യായീകരിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. നിയമലംഘനം ഉണ്ടായാല്‍ പൊലീസ് നടപടിയുണ്ടാകുന്നത് സ്വാഭാവികമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സമുദായ നേതാക്കള്‍ ഇടപെടേണ്ട വിഷയമല്ലെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് രാഷ്ട്രീയക്കാര്‍ സമരവുമായി രംഗത്തെത്തുന്നത്. വിവാദങ്ങള്‍ രാഷ്ട്രീയക്കാര്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ സമരത്തിന് പിന്നില്‍ തീവ്രവാദ ബന്ധം ഉണ്ടാവാമെന്ന ആരോപണം ശരിയും തെറ്റും ആവാമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
സില്‍വര്‍ ലൈനില്‍ പ്രതിപക്ഷം സമരം ശക്തമാക്കുന്നതിനിടെയാണ് സര്‍ക്കാരിനെ പിന്തുണച്ച് വെള്ളാപ്പള്ളി രംഗത്തെത്തിയത്. അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ അടിമുടി ദുരൂഹതയും ആശയകുഴപ്പവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ ആദ്യം നുണ പറഞ്ഞു. പിന്നീട് ആയിരം കള്ളങ്ങള്‍ പറയേണ്ടി വന്നു. പദ്ധതിക്ക് വേണ്ടി ആരാണ് കല്ലിടുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു.

മുഖ്യമന്തി ഒന്ന് പറയുന്നു, മന്ത്രിമാര്‍ മറ്റൊന്ന് പറയുന്നു. കെ.റെയില്‍ എം ഡി വേറൊന്ന് പറയുന്നു. അഴിമതിക്ക് വേണ്ടി മാത്രമുള്ള പദ്ധതി അനുവദിക്കില്ല. കല്ലിട്ടാല്‍ കല്ല് പിഴുതെറിയും. പോലീസിനെ ഉപയോഗിച്ചുള്ള വിരട്ടലുകള്‍ ഒന്നും വേണ്ട. സ്വകാര്യ ബസ് സമരം തുടങ്ങിയിട്ട് മൂന്ന് ദിവസമായി. ഒരു ചര്‍ച്ച നടത്താര്‍ സര്‍ക്കാരിന് കഴിഞ്ഞോ? ഇവിടെ ഒരു സര്‍ക്കാരുണ്ടോ? വരേണ്യവര്‍ഗത്തിന് വേണ്ടിയുള്ള സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരം പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സാധാരണക്കാരന്റെ വീട്ടില്‍ കല്ലിടുന്നതിന് കാണിക്കുന്നതിന്റെ പത്തിലൊന്ന് ആത്മാര്‍ഥത കാട്ടിയിരുന്നെങ്കില്‍ ബസ് സമരം പരിഹരിക്കാമായിരുന്നെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ നിര്‍ത്തിവച്ച സര്‍വ്വേ നടപടികള്‍ വീണ്ടും ആരംഭിച്ചു.
കോട്ടയത്ത് ഇന്ന് പന്ത്രണ്ട് സ്ഥലങ്ങളിലാണ് കല്ലിട്ടത്. നട്ടാശ്ശേരിയില്‍ പ്രതിഷേധക്കാര്‍ എത്തും മുന്നേ കല്ലിടല്‍ നടത്തിയിരുന്നു. പ്രതിഷേധക്കാരെ തടയാന്‍ വന്‍ പൊലീസ് സന്നാഹവും ഒരുക്കിയിരുന്നു. പൊലീസ് ഗോ ബാക്ക് വിളികളുമായി സമരക്കാര്‍ പ്രതിഷേധിക്കുകയും പ്രദേശത്ത് നാട്ടിയ സര്‍വേ കല്ലുകള്‍ ഓരോന്നായി പിഴുതെറിയുകയും ചെയ്തു.
കെ റെയിലിനെതിരെ ബിജെപിയും ശക്തമായി രംഗത്തുണ്ട്. പിണറായി സര്‍ക്കാര്‍ ജനവികാരം കണക്കിലെടുത്ത് സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കുകയാണ് വേണ്ടതെന്ന് ബിജെപി ദേശീയ ജനറല്‍സെക്രട്ടറി സിടി രവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോയെ സമരത്തിന് ദേശീയ നേതൃത്വത്തിന്റെ പിന്തുണയും ഉണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്.
സില്‍വര്‍ലൈന്‍ സര്‍ക്കാരിന്റെ മാത്രം താത്പര്യമാണ്. ജനങ്ങളും സാങ്കേതിക വിദഗ്ധരും ഇതിനെതിരാണ്. സാമ്പത്തികമായും സാങ്കേതികമായും പാരിസ്ഥിതികമായും ഈ പദ്ധതി കേരളത്തിന് ഗുണകരമല്ലെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പണമില്ലാതെ എങ്ങനെയാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതെന്നും ഏകപക്ഷീയമായ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ ബി.ജെ.പി അനുവദിക്കില്ലെന്നും സി.ടി. രവി പറഞ്ഞു. ജനിക്കാന്‍ പോകുന്ന കുട്ടികള്‍ക്കുവരെ ബാധ്യതയാകുന്ന തരത്തില്‍ ഇത്രയധികം തുക കടമെടുത്തുള്ള വമ്പന്‍ പദ്ധതി ആര്‍ക്കു വേണ്ടിയാണ് നടപ്പാക്കുന്നത്.
സര്‍ക്കാര്‍ പറയുന്നത് 64,000 കോടിയാണ് പദ്ധതി ചെലവ് എന്നാണ്. എന്നാല്‍ നീതി ആയോഗിന്റെ കണക്കില്‍ 1.25 ലക്ഷം കോടി രൂപ ചെലവ് വരും. 3.2 ലക്ഷം കോടിയുടെ പൊതുകടമുള്ള കേരളത്തിന് ഇത്രയും പണം എവിടുന്ന് കടം കിട്ടും? കേരളം ചൈനയോ ഉത്തര കൊറിയയോ അല്ലെന്ന് സിപിഎം മനസിലാക്കണം. ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം. ഇവിടെ ഏകാധിപത്യമല്ല ജനാധിപത്യമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മനസിലാക്കണം. ഇടതു സംഘടനയായ ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും സില്‍വര്‍ലൈനിനെ എതിര്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ നിക്ഷിപ്ത താത്പര്യമാണ് ഈ പദ്ധതി. അത് ഏകപക്ഷീയമായി ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സില്‍വര്‍ലൈന്‍ കടന്നുപോകുന്ന സ്ഥലത്തെ ജനങ്ങളുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാനത്ത് ഒരു ബെര്‍ലിന്‍ മതില്‍ ഉണ്ടാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ല. ബിജെപി വികസനത്തിന് എതിരല്ല. വികസനം പാരിസ്ഥിതി സൗഹൃദമാണ്. അത് നശിപ്പിക്കലല്ല, മറിച്ച് നിര്‍മ്മിക്കലാണ്. കേരള ബിജെപി നടത്തുന്ന പോരാട്ടത്തിന് ദേശീയ നേതൃത്വത്തിന്റെ എല്ലാ പിന്തുണയുമുണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications