കെ റെയിൽ പദ്ധതിയുടെ കല്ല് പിഴുതെറിഞ്ഞ സംഭവം; നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനായി സ്ഥാപിക്കുന്ന കല്ലുകള്‍ പിഴുതെറിയുന്ന സമരം ഉദ്യോഗസ്ഥർക്ക് തലവേദനയാകുകയാണ്. ഇനിയും സമരവുമായി മുന്നോട്ട് പോകുമെന്നാണ് സമരക്കാരുടെ ആഹ്വാനം. അതേ സമയം പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമം അനുസരിച്ചുള്ള നടപടികളാകും ഇനി സമരക്കാര്‍ക്കെതിരെ പൊലീസ് എടുക്കുക. ഇതുപ്രകാരം കേസെടുത്ത് അറസ്റ്റിലാകുന്നവര്‍ നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ മൂല്യത്തിന് തുല്യമായ തുക ജാമ്യത്തിനായി കെട്ടിവെക്കേണ്ടി വരും.
കല്ലുകള്‍ ഇട്ടിടത്തുനിന്ന് അവ പിഴുതു മാറ്റിയിട്ടുണ്ടെങ്കില്‍ കെ-റെയില്‍ പൊലീസിന് നോട്ടീസ് നല്‍കും. അതനുസരിച്ച് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കും. ഇതിന് പുറമെ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെട്ടതിനും കേസെടുക്കും. 2000 രൂപ മുതല്‍ 5000 രൂപവരെയാകും ഇത്തരത്തില്‍ പിഴ ചുമത്തുക.

കെ-റെയില്‍ കല്ലുകള്‍ പിഴുത് മാറ്റിയാല്‍ പദ്ധതിയെ തടയാനാകില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാൽ സാമൂഹികാഘാത പഠനം പൂര്‍ത്തിയാകാതെ പദ്ധതി മുന്നോട്ടുപോകില്ല. സംസ്ഥാനത്ത് പദ്ധതി കടന്നുപോകുന്ന സ്ഥാനങ്ങളില്‍ ആകെ 182 കിലോമീറ്റര്‍ ദൂരത്തില്‍ 6083 കല്ലുകള്‍ മാത്രമാണ് സ്ഥാപിക്കാനായത്. സമരം ശക്തമായാല്‍ ഇപ്പോള്‍ ഇട്ടിരിക്കുന്ന കല്ലുകളും അപ്രത്യക്ഷമാകുന്ന സ്ഥിതി വരും. അത് ഒഴിവാക്കാൻ കൂടിയാണ് സർക്കാർ ഇപ്പോൾ നിയമ നടപടിയിലേക്ക് പോകുന്നത്.
ഇനി ദിവസങ്ങള്‍ മാത്രമാണ് സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കാന്‍ ശേഷിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ മാത്രമേ ഇതുവരെ പഠനം പൂര്‍ത്തിയായിട്ടുള്ളു. കല്ലിടല്‍ പൂര്‍ത്തിയാകാത്തതിനാല്‍ മറ്റിടങ്ങളില്‍ ഇതിന്റെ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ആകെ 530 കിലോമീറ്റര്‍ ദൂരത്തിലാണ് കല്ലിടേണ്ടത്. ഇതില്‍ 200 കിലോമീറ്റര്‍ റെയില്‍വേയുടെ ഭൂമിയിലൂടെയാണ്. ഇവിടെ കല്ലിടല്‍ ഇപ്പോഴുണ്ടാകില്ല. കല്ലിടല്‍ തുടങ്ങാന്‍ പോലുമാകാത്ത പത്തനംതിട്ട ജില്ലയുമുണ്ട്. റവന്യു വകുപ്പിനാണ് കല്ലിടലിന്റെ ചുമതല. സംരക്ഷണം പൊലീസ് വകുപ്പിനുമാണ്.
2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം സാമൂഹികാഘാത പഠനം നടത്താതെ വലിയ പദ്ധതികള്‍ നടപ്പിലാക്കാനാകില്ല. അതിന് അതിര്‍ത്തി നിര്‍ണയിക്കാന്‍ കല്ലുകളിടേണ്ടി വരും. സില്‍വര്‍ലൈന്‍ വിരുദ്ധ സമരം മൂലം ഇത് നടപ്പിലാക്കാന്‍ വൈകുന്നത് സാമൂഹികാഘാത പഠനം മുടങ്ങാന്‍ ഇടയാകും. ഇതിനിടയില്‍ നിയമ നടപടി വരുന്നതോടെ സമരത്തില്‍ നിന്ന് സാധാരണക്കാരെ അകറ്റി നിര്‍ത്താനായേക്കുമെന്ന് കരുതുന്നു. എന്നാല്‍ സമരം കൂടുതല്‍ ശക്തമാകാനാണ് സാധ്യത.
ചിലയിടങ്ങളില്‍ മാത്രമേ ഇട്ട കല്ലുകള്‍ പിഴുത് കളയുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളുവെന്നാണ് കെ- റെയില്‍ അധികൃതര്‍ പറയുന്നത്. അതുകൊണ്ട് സാമൂഹികാഘാത പഠനം തടസപ്പെടുത്താന്‍ സാധിക്കില്ലെന്നും എം.ഡി അജിത് കുമാര്‍ പറഞ്ഞു. അതേസമയം കല്ലുകള്‍ പിഴുത് കളയുന്നതുകൊണ്ട് സാമൂഹികാഘാത പഠനം കുറച്ച വൈകുമെന്ന് കെ- റെയിലും സമ്മതിക്കുന്നുണ്ട്. സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ പദ്ധതിക്കുണ്ടെന്നും കല്ലിടല്‍ പ്രകൃയ പൂര്‍ത്തിയാക്കാനാകുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറയുന്നു.












Click it and Unblock the Notifications