സിപിഎം നിലപാടിനൊപ്പം നില്‍ക്കേണ്ട ബാധ്യത സിപിഐക്കില്ല; കാനത്തിന് മുതിര്‍ന്ന നേതാക്കളുടെ മക്കളുടെ കത്ത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ - റെയില്‍ പദ്ധതിയ്‌ക്കെതിരെ മുതിര്‍ന്ന സി പി ഐ നേതാക്കളുടെ മക്കള്‍. പദ്ധതിയെ അനുകൂലിച്ചുള്ള സി പി ഐ.യുടെ നിലപാടിനെ ചോദ്യം ചെയ്ത് മുതിര്‍ന്ന നേതാക്കളുടെ മക്കള്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്ത് നല്‍കിയിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോന്‍, എം എന്‍ ഗോവിന്ദന്‍ നായര്‍ എന്നിവരുടെ മക്കളടങ്ങുന്ന 21 പേരാണ് കാനം രാജേന്ദ്രന് കത്ത് നല്‍കിയിരിക്കുന്നത്. കെ - റെയില്‍ ജനവിരുദ്ധമാണെന്നും അത് തുറന്ന പറയാന്‍ പാര്‍ട്ടി തയ്യാറാകണമെന്നും ആണ് കത്തിലെ ആവശ്യം.
സി പി ഐയെ പ്രതീക്ഷയോടെയാണ് കണ്ടതെന്നും എന്നാല്‍ പാര്‍ട്ടിയുടെ വര്‍ത്തമാന കാല അവസ്ഥയെ കുറിച്ചുള്ള ആശങ്ക കൊണ്ടാണ് ഇങ്ങനെ ഒരു കത്തെഴുതുന്നത് എന്ന ആമുഖത്തോടെയാണ് തുടങ്ങുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തും നിലവിലെ രണ്ടാം സര്‍ക്കാരിലും നിര്‍ണായകമായ പല പ്രശ്‌നങ്ങളിലും വിയോജിപ്പ് രേഖപ്പെടുത്തേണ്ട ഘട്ടത്തില്‍ അത് ചെയ്യാന്‍ സി പി ഐയ്ക്കായിരുന്നെന്നും എന്നാല്‍ കെ - റെയില്‍ അനുകൂല നിലപാട് അംഗീകരിക്കാനാവില്ലെന്നുമാണ് കത്തില്‍ പറയുന്നത്.

ലോകായുക്ത നിയമഭേദഗതിയിലെ നിലപാട് ശരിയുടെ ഭാഗത്തുള്ള നില്‍പ്പായി തങ്ങള്‍ കാണുന്നു. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളുടെ കാര്യത്തില്‍ സത്യസന്ധവും ഉചിതവുമായ നിലപാട് സ്വീകരിക്കുന്നതാണ് സി പി ഐയുടെ പൈതൃകമെന്നും നേതാക്കളുടെ മക്കള്‍ ഓര്‍മിപ്പിച്ചു. അതേസമയം കെ - റെയിലിന്റെ കാര്യത്തില്‍ സി പി ഐയുടെ നിലപാട് മനസിലാക്കാനാകുന്നില്ലെന്നും കത്തില്‍ പറയുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി പി ഐയ്‌ക്കൊപ്പം ഉറച്ച് നിന്ന നേതാക്കള്‍ക്ക് പൊതുകാര്യങ്ങളില്‍ ഉറച്ച നിലപാടുണ്ടായിരുന്നുവെന്ന് നേതാക്കളുടെ മക്കള്‍ പറയുന്നു.

അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് സൈലന്റ് വാലി പദ്ധതിയില്‍ സി പി ഐ നിലപാട് വ്യക്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാധാരണക്കാരായ ബഹുഭൂരിപക്ഷം ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന കെ - റെയില്‍ പദ്ധതി വരുമ്പോള്‍ ഒരു ചര്‍ച്ചയും കൂടാതെയെടുക്കുന്ന നിലപാട് ഒരു തരത്തിലും യോജിക്കാനാവുന്നതല്ല. ജനകീയ വികാരം അവഗണിച്ചുള്ള സി പി ഐ എം നിലപാടിനോട് ഒപ്പം നില്‍ക്കേണ്ട ബാധ്യത സി പി ഐക്കില്ലെന്നാണ് തങ്ങളുടെ വിശ്വസമെന്നും കത്തില്‍ പറയുന്നു.

ജനവിരുദ്ധമായ പദ്ധതികളില്‍ അക്കാര്യം തുറന്നു പറഞ്ഞ് വിയോജിക്കാന്‍ സി പി ഐ തയ്യാറാവണം. ഞങ്ങളുടെ മാതാപിതാക്കളടക്കം പതിനായിരങ്ങള്‍ അവരുടെ ജീവന്‍ കൊടുത്ത് വളര്‍ത്തിയ പ്രസ്ഥാനം, അതിന്റെ രാഷ്ട്രീയ പാരമ്പര്യത്തോടെ മുന്‍പന്തിയില്‍ നില്‍ക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു. കെ - റെയിലിനെ പിന്തുണയ്ക്കുന്നതിന് മുമ്പ് ഡി പി ആര്‍ പഠിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നേതാക്കളുടെ മക്കള്‍ ആവശ്യപ്പെട്ടു. പദ്ധതിയ സംബന്ധിച്ച് വിദഗ്ധരെ പങ്കെടുപ്പിച്ച് ചര്‍ച്ച നടത്തണമെന്നും ഇവര്‍ കത്തിലൂടെ കാനം രാജേന്ദ്രനോട് ആവശ്യപ്പെട്ടു.

ഈ കത്തിനെ അനുകൂലിച്ച് ഒപ്പിട്ടവരെല്ലാം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കം തൊട്ട് ദീര്‍ഘകാലം ഈ പ്രസ്ഥാനത്തെ സേവിച്ചവരുടെ മക്കളാണെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് അവസാനിപ്പിക്കുന്നത്. മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോന്‍, കെ. ദാമോദരന്‍, എം. എന്‍. ഗോവിന്ദന്‍ നായര്‍, എന്‍. ഇ. ബല്‍റാം, ശര്‍മാജി, സി. ഉണ്ണിരാജ, കെ. ഗോവിന്ദപിള്ള, റോസമ്മ പുന്നൂസ്, കെ. മാധവന്‍, മുന്‍ മന്ത്രി പി. രവീന്ദ്രന്‍, പവനന്‍, വി. വി. രാഘവന്‍, പുതുപ്പള്ളി രാഘവന്‍, കാമ്പിശ്ശേരി കരുണാകരന്‍ എന്നിവരുടെ മക്കളാണ് സി പി ഐ സംസ്ഥാന സെക്രട്ടറിയ്ക്ക് നല്‍കിയ കത്തില്‍ ഒപ്പിട്ടിട്ടുള്ളത്.












Click it and Unblock the Notifications