'സര്‍ക്കാര്‍ സിൽവർ ലൈനിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു'; തുക തികയില്ല - വി.മുരളീധരന്‍
തിരുവനന്തപുരം: സിൽവർ ലൈൻ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്ത്. കേരള സര്‍ക്കാര്‍ പദ്ധതിയുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയ ദിവസം തന്നെ പദ്ധതിയെ സംബന്ധിച്ച് റെയിൽവേ മന്ത്രി കേന്ദ്ര സർക്കാരിന്റെ നിലപാട് രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു.
കേരള സർക്കാർ പദ്ധതിയ്ക്കായി ചൂണ്ടിക്കാണിച്ച തുക 63,000 കോടി രൂപയാണ്. എന്നാൽ, ഈ തുക ഉപയോഗിച്ച് കൊണ്ട് പദ്ധതി തീർക്കാൻ സാധിക്കില്ല. കേരളത്തിലെ സിൽവർ ലൈൻ പദ്ധതി പരിസ്ഥിതി ആഘാത പ്രശ്‍നങ്ങൾ ഉണ്ടാക്കുന്നതാണെന്ന് കേന്ദ്ര റയിൽവേ മന്ത്രി വ്യക്തമായി പറഞ്ഞെന്നും വി.മുരളീധരൻ വ്യക്തമാക്കി.

അതേസമയം, സമാന വിഷയത്തിൽ ഇതേ രീതിയിൽ പ്രതികരിച്ച് കോൺഗ്രസ്സ് മുതിർന്ന നേതാവി ഉമ്മൻ ചാണ്ടിയും എത്തിയിരുന്നു. സിൽവർ ലൈൻ പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പദ്ധതിയിലെ പ്രതിഷേധം സര്‍ക്കാര്‍ കണക്കിലെടുക്കണം പ്രതിഷേധങ്ങളെ തുടർന്ന് കേരളത്തിൽ നടപ്പാക്കാൻ പോകുന്ന പദ്ധതി മാറ്റിവെക്കുന്നതിൽ നാണക്കേടോ ബലഹീനതയോ ആണെന്ന് സർക്കാർ കണക്കാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരളത്തിൽ ഹൈ സ്പീഡ് റെയിൽ നടപ്പാക്കാൻ കഴിയില്ല. അതിനാലാണ് യു ഡി എഫ് സർക്കാർ അത് വേണ്ടെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വിഴിഞ്ഞം പദ്ധതി ഇതുവരെ റോ മെറ്റീരിയൽസ് ഇല്ലാത്തതിനാൽ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ആറൻമുള വിമാനത്താവളം പ്രതിഷേധം കണ്ടാണ് യുഡിഎഫ് സർക്കാര്‍ മാറ്റി വെച്ചത്. പല തരം അഭിപ്രായങ്ങളെ കണക്കിലെടുത്ത് വേണം പദ്ധതി നടപ്പിലാക്കാൻ. അത് സർക്കാരിന്‍റെ കടമയാണ്. പാർട്ടിയുടെ മികവുകളെ ഉയർത്തി കാട്ടിയാണ് ഉമ്മൻ ചാണ്ടി സംസാരിച്ചത്. കേരളത്തിലെ വികസന കാര്യത്തിൽ യു ഡി എഫ് പ്രത്യേക താൽപ്പര്യം എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, കേരളത്തിൽ പലയിടത്തും സില്‍വര്‍ കല്ലിടലിന് എതിരെ ശക്തമായി പ്രതിഷേധമാണ് നടക്കുന്നത്. കോട്ടയം നട്ടാശേരിയില്‍ ഇന്ന് സില്‍വര്‍ ലൈനിന്റെ ഭാഗമായി സ്ഥാപിച്ച സര്‍വേ കല്ലുകള്‍ നാട്ടുകാര്‍ പിഴുത് എറിഞ്ഞു. 12 കല്ലുകളാണ് നാട്ടുകാർ എത്തുന്നതിന് മുന്‍പ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ചിരുന്നത്. പിന്നാലെ പ്രതിഷേധം ശക്തമാക്കി കല്ല് പിഴുത് മാറ്റുകയായിരുന്നു.
സില്‍വര്‍ ലൈന്‍ കല്ലിടലിന് എതിരെ പിറവത്ത് അനൂപ് ജേക്കബ് എംഎല്‍എ പ്രതിഷേധിച്ച് രംഗത്ത് എത്തിയിരുന്നു. പദ്ധതിയിൽ കല്ലിടുന്നത് എവിടെയാണ് എന്ന് പോലും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നില്ല. പദ്ധതിയുടെ നടപടികള്‍ ജനങ്ങളെ കൂടുതല്‍ ആശങ്കയിലേക്ക് തളളി വിടുന്നതായും അനൂപ് ജേക്കബ് വ്യക്തമാക്കി. കെ റെയില്‍ എംഡിക്കെതിരെ കേസെടുക്കണം എന്നും എംഎല്‍എ പറഞ്ഞു.












Click it and Unblock the Notifications