'സമരത്തെ തകർക്കാൻ ശ്രമിച്ചവർക്കും കുറഞ്ഞ വിലയിൽ പെട്രോൾ കിട്ടും', പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ
തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില കുറയ്ക്കാനുളള കേന്ദ്ര തീരുമാനം കോൺഗ്രസ് നടത്തിയ സമരങ്ങളുടെ ഫലമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. റോഡ് തടഞ്ഞുളള കോൺഗ്രസ് സമരത്തോട് പ്രതിഷേധിച്ച നടൻ ജോജു ജോർജിന് എതിരെയും കെ സുധാകരൻ ഒളിയമ്പെയ്തു. വിടി ബൽറാമും ജോജുവിന് എതിരെ പ്രതികരിച്ചു.
കെ സുധാകരന്റെ പ്രതികരണം ഇങ്ങനെ: '' രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടു. ഇന്ധനവിലയിൽ ജനത്തിന് താൽക്കാലിക ആശ്വാസം. കോൺഗ്രസിൻ്റെ സമരത്തെ തകർക്കാൻ ശ്രമിച്ചവർക്കും നാളെ മുതൽ കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാകും. ഇന്ധന വില ഇനിയും കുറയേണ്ടതുണ്ട്. അവകാശ സമരങ്ങളെ അടിച്ചമർത്താൻ ഏത് തമ്പുരാൻ വന്നാലും അതിന് വഴങ്ങി കൊടുക്കാൻ കോൺഗ്രസിന് സൗകര്യമില്ല. കരുത്തുറ്റ പ്രതിഷേധങ്ങളുമായി കോൺഗ്രസ് ജനങ്ങൾക്കൊപ്പം തെരുവിലുണ്ടാകും.
കല്യാണം അടിച്ച് പൊളിച്ച് ആഘോഷമാക്കി റബേക്ക, ചിത്രങ്ങൾ കാണാം

വിടി ബൽൽറാമിന്റെ പ്രതികരണം: '' ഇപ്പോൾ മനസ്സിലായോ ഇന്ധനവില ഇത്രയും നാളും ഉയർന്നുനിന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരത മൂലമാണെന്ന്? മോദി സർക്കാരിനെതിരെ ഉയർന്നുവന്ന ജനരോഷത്തിൽ നിന്ന് അവരെ രക്ഷപ്പെടുത്താനായാണ് കേരളത്തിലെ സിപിഎമ്മുകാർ ഈ വിഷയത്തിൽ കോൺഗ്രസിനെ പ്രതിസ്ഥാനത്ത് നിർത്താൻ നിരന്തരം പെടാപ്പാട് പെട്ടിരുന്നത്. ആഭ്യന്തരവിലയെ ക്രൂഡ്ഓയിലിന്റെ അന്താരാഷ്ട്ര വിലയുമായി, അതായത് ഉത്പാദനച്ചെലവുമായി ബന്ധപ്പെടുത്തി നിശ്ചയിക്കുന്ന പെട്രോൾ പ്രൈസിംഗ് ഡീറഗുലേഷൻ എന്ന യുപിഎ സർക്കാരിന്റെ നയം മൂലമല്ല, അതിന് വിരുദ്ധമായി ക്രൂഡ്ഓയിലിന് വില കുറയുമ്പോഴും നികുതി കുത്തനെ കൂട്ടി വില ഉയർത്തിത്തന്നെ നിർത്തുന്ന മോദി സർക്കാരിന്റെ ജനദ്രോഹ സമീപനമായിരുന്നു പ്രശ്നത്തിന്റെ യഥാർത്ഥ കാരണം.
വ്യക്തിതലത്തിൽ ഉണ്ടാവുന്ന ചില ചെറിയ അസൗകര്യങ്ങൾ സഹിച്ചും ഈ വലിയ പോരാട്ടത്തിൽ രാജ്യവ്യാപകമായി അണിനിരന്ന സാധാരണക്കാരുടേതാണ് ഭരണാധികാരികളെ തിരുത്തിച്ചുകൊണ്ടുള്ള ഈ വിജയം, പ്രിവിലിജിന്റെ അങ്ങേത്തലയ്ക്ക് നിന്ന് ആ അതിജീവന സമരങ്ങളെ പുച്ഛിക്കുന്ന അരാഷ്ട്രീയ സെലിബ്രിറ്റി ഷോജുമാരുടേതല്ല''.
ഷാഫി പറമ്പിലിന്റെ പ്രതികരണം: '' കോൺഗ്രസ്സാണ് ശരി .അഞ്ചും പത്തും കുറച്ചത് ആരുടെയും ഔദാര്യമല്ല. ഇത്രയും കാലം നടത്തിയ നികുതി കൊള്ളയുടെ ഭീകരത ഇനിയെങ്കിലും ജനത ഉൾകൊള്ളണം. കമ്പനികളാണോ ഇന്ന് അഞ്ചും പത്തും കുറച്ചത് എന്ന് കോൺഗ്രസ്സിനെ ആവേശത്തോടെ കുറ്റം പറഞ്ഞവർ ആലോചിക്കണം. എണ്ണ വിലനിയന്ത്രണം കമ്പനികളിൽ എടുത്ത് മാറ്റിയിട്ടാണോ ഇപ്പോൾ എണ്ണ വില കുറഞ്ഞത് ?
ചുമ്മാ തീ... സൂപ്പർ കൂൾ ലുക്കിൽ റിമ കല്ലിങ്കൽ, ചിത്രങ്ങൾ കാണാം
പാക്കിസ്ഥാനിലും ശ്രീലങ്കയിലും നേപ്പാളിലുമൊക്കെ കിട്ടുന്ന വിലക്ക് ഇന്ത്യാ രാജ്യത്ത് പെട്രോളും ഡീസലും കിട്ടാത്തത് നികുതി ഭീകരത കൊണ്ടാണ് എന്ന് ആർക്കാണ് മനസ്സിലാകാത്തത് ? സംസ്ഥാന സർക്കാർ ഇനി മുട്ടാപോക്ക് ന്യായങ്ങൾ പറയാതെ ജനങ്ങൾക്ക് ആശ്വാസമാകുന്ന തീരുമാനം എടുക്കാൻ വൈകരുത്. ഇത് കേന്ദ്ര സർക്കാരിന് ചെയ്യുവാൻ കഴിയാവുന്നതിന്റെ പരമാവധിയല്ല എന്ന് മറക്കരുത്. രാജ്യവ്യാപകമായ സമരം ചെയ്ത കോൺഗ്രസ്സ് പ്രസ്ഥാനം ജനങ്ങൾക്ക് വേണ്ടി നടത്തിയ പോരാട്ടത്തിൽ പങ്കാളികളായവർക്ക് ഹൃദയാഭിവാദ്യങ്ങൾ''.












Click it and Unblock the Notifications