കത്ത് അയക്കേണ്ടത് ഖാര്‍ഗെക്കല്ലേ.. രാഹുലിനാണോ? രാജിസന്നദ്ധത പ്രകടിപ്പിച്ചിട്ടില്ലെന്ന് സുധാകരന്‍
തിരുവനന്തപുരം: താന്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ തള്ളി കെ സുധാകരന്‍. ഇത് സംബന്ധിച്ച് താന്‍ ആര്‍ക്കും കത്തയച്ചിട്ടില്ല എന്നും കെ സുധാകരന്‍ വ്യക്തമാക്കി. നേരത്തെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ കെ സുധാകരന്‍ സന്നദ്ധത അറിയിച്ചു എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെ വിശദീകരണം.
താന്‍ ആര്‍ക്കും കത്തയച്ചിട്ടില്ല എന്നും അങ്ങനെ ഒരു കത്ത് അയക്കേണ്ട സാഹചര്യം നിലവിലില്ല എന്നുമാണ് സുധാകരന്‍ പറയുന്നത്. അഥവാ അങ്ങനെ കത്തയയ്‌ക്കേണ്ടി വന്നാല്‍ പുതിയ പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കല്ലേ നല്‍കേണ്ടത് എന്ന ചോദ്യവും സുധാകരന്‍ ഉന്നയിക്കുന്നുണ്ട്. നേരത്തെ കെ പി സി സി പ്രസഡന്റ് സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ സുധാകരന്‍ സന്നദ്ധത പ്രകടിപ്പിച്ചു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

രാഹുല്‍ ഗാന്ധിക്ക് ഇത് സംബന്ധിച്ച് രണ്ട് ദിവസം മുന്‍പ് കത്ത് അയച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. കത്തില്‍ പ്രതിപക്ഷവും കെ പി സി സിയും തമ്മില്‍ യോജിപ്പില്ല എന്നും പ്രതിപക്ഷ നേതാവില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ല എന്നും കെ സുധാകരന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം സുധാകരന്‍ രാജിസന്നദ്ധത അറിയിച്ചു എന്ന വാര്‍ത്ത മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിഷേധിച്ചിട്ടുണ്ട്.

സുധാകരനുമായി നേരിട്ട് സംസാരിച്ചിരുന്നുവെന്നും വാക്ക് പിഴയില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട് എന്നും ചെന്നിത്തല വ്യക്തമാക്കി. കെ സുധാകരന്‍ കറകളഞ്ഞ മതേതരവാദിയാണ്. കെ സുധാകരന് സി പി ഐ എമ്മിന്റേയും ബി ജെ പിയുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.മുസ്ലീം ലീഗ് ഉന്നയിക്കുന്ന ആശങ്കയില്‍ അവരെ കുറ്റം പറയാനൊക്കില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.അതേസമയം ഇന്ന് നടത്താനിരുന്ന കെ പി സി സി രാഷ്ട്രീയകാര്യസമിതിയോഗം മാറ്റി വെച്ചിരിക്കുകയാണ്.

കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍ ചികിത്സയിലായതിനാലാണ് രാഷ്ട്രീയകാര്യസമിതിയോഗം മാറ്റിവെച്ചത് എന്നാണ് വിശദീകരണം. ആര്‍ എസ് എസ് അനുകൂല പ്രസ്താവന തുടര്‍ച്ചയായി നടത്തുന്നതാണ് കെ സുധാകരനെതിരെ സംസ്ഥാന നേതൃത്വത്തില്‍ അതൃപ്തി രൂപപ്പെടാന്‍ കാരണം. കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളാണ് അധ്യക്ഷന്റെ ഭാഗത്ത് നിന്ന് തന്നെ തുടര്‍ച്ചയായി ഉണ്ടാകുന്നത്.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ മുരളീധരന്‍ എം പി എന്നിവര്‍ രൂക്ഷമായാണ് സുധാകരനെതിരെ പ്രതികരിച്ചത്. ഖേദപ്രകടനം കൊണ്ട് മാത്രം മതിയാകില്ല എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് കെ പി സി സി അധ്യക്ഷനായി കെ സുധാകരനെ തെരഞ്ഞെടുത്തത്. എ ഐ സി സി അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടതോടെ കോണ്‍ഗ്രസില്‍ ഉടന്‍ പുനസംഘടന നടക്കും.












Click it and Unblock the Notifications