ഒടുവില്‍ വഴങ്ങി സുധാകരന്‍; 'കോണ്‍ഗ്രസില്‍ തുടരും, പാര്‍ട്ടി എത്രയോ ഭേദം.. ഞാനെത്രയോ ചെറുത്'
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍. പാര്‍ട്ടിയില്‍ തുടരും എന്നും വേറെ എവിടെ പോകും എന്നും അദ്ദേഹം ചോദിച്ചു. സ്വതന്ത്രനായി മത്സരിക്കില്ലെന്നും പാര്‍ട്ടിയുടെ അംഗീകാരം ലഭിക്കുമെങ്കില്‍ മത്സരിക്കും എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് വിധേയനാണ് എന്നും പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ല എന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
പാര്‍ട്ടിയെ വെല്ലുവിളിക്കാനൊന്നും ഞാനില്ല. പാര്‍ട്ടി എത്രയോ ഭേദമാണ്. പാര്‍ട്ടി എത്രയോ വലുതാണ്. ഞാനെത്രയോ ചെറുതാണ്. ഞാനെന്ത് പാര്‍ട്ടിയെ വെല്ലുവിളിക്കാനാണ്. പാര്‍ട്ടിക്ക് വിധേയപ്പെട്ട് നില്‍ക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. അത് അനുസരിച്ച് മുന്നോട്ട് പോകും,' സുധാകരന്‍ പറഞ്ഞു. തന്റെ അനുയായികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലായിടത്തും തനിക്ക് ആളുകള്‍ ഉണ്ടെന്നും അത് കമ്മിറ്റി ഉണ്ടാക്കാനും നേതാക്കന്മാരെ ഉണ്ടാക്കാനും അല്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമാണ് അത്. കണ്ണൂര്‍ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും സുധാകരനും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നു. തനിക്ക് കണ്ണൂര്‍ സീറ്റ് വേണമെന്നും അക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്.
എന്നാല്‍ എംപിമാര്‍ ആരേയും മത്സരിപ്പിക്കേണ്ടതില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട്. ഹൈക്കമാന്റും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഇതോടെ സുധാകരന്‍ നിലപാട് കടുപ്പിച്ചു. ഒരുവേള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്ന് വരെ ഭീഷണി മുഴക്കി. എന്നാല്‍ ഹൈക്കമാന്റ് വഴങ്ങിയില്ല. രാഹുല്‍ ഗാന്ധിയും ഇതേ നിലപാട് സ്വീകരിച്ചതോടെ സുധാകരനും പാര്‍ട്ടിയും രണ്ട് വഴിക്ക് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
മുതിര്‍ന്ന നേതാവ് എകെ ആന്റണിയും വിഷയത്തില്‍ ഇടപെട്ടെങ്കിലും സുധാകരന്‍ വഴങ്ങിയില്ല. അതിനിടെ അവസാന നിമിഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായുള്ള ചര്‍ച്ചയിലാണ് സുധാകരനെ അനുനയിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കണ്ണൂരില്‍ ടിഒ മോഹനനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇതില്‍ സുധാകരന്‍ അതൃപ്തനായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്താണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധാകരനെ മാറ്റിയത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എംപിമാര്‍ മത്സരിക്കേണ്ട എന്ന നിലപാടില്‍ സുധാകരന് ഇളവ് നല്‍കിയതുമില്ല. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. മത്സരിക്കാന്‍ ആഗ്രഹിച്ച അടൂര്‍ പ്രകാശിനും ഹൈക്കമാന്‍ഡ് അനുമതി നല്‍കിയിരുന്നില്ല.
കണ്ണൂരില്‍ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ സുധാകരന്‍ ഇന്ന് മുഴുവന്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ശേഷമാണ് നിലപാട് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications