തരൂര്‍ വലിയ അബദ്ധമൊന്നും പറഞ്ഞിട്ടില്ലെന്ന് സുധാകരന്‍, 'കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കും'
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഭിന്നത അവസാനിക്കുകയാണ് എന്ന സൂചന നല്‍കി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. മുതിര്‍ന്ന നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ വീട്ടിലെത്തി കണ്ട സുധാകരന്‍ ശശി തരൂരിന്റെ സമീപകാല പരാമര്‍ശങ്ങളില്‍ നടപടിയുണ്ടാകില്ല എന്നും വ്യക്തമാക്കി. ശശി തരൂരിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്നാണ് സുധാകരന്‍ പറഞ്ഞത്.
ശശി തരൂര്‍ നടത്തിയ പരാമര്‍ശം മാറ്റിപ്പറയാനും തിരുത്താനും തയ്യാറായതിനെ സ്വാഗതം ചെയ്യുന്നു എന്നും വലിയ അബദ്ധമൊന്നും ശശി തരൂര്‍ പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞതിനെല്ലാം ശശി തരൂര്‍ തന്നെ വ്യക്തത വരുത്തിയിട്ടുണ്ട് എന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. തരൂരിന്റെ വലിയ മനസിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും താനും ഒരമ്മപെറ്റ മക്കളേപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രന്റെ അനുഭവ പാരമ്പര്യം ഉപയോഗപ്പെടുത്തുന്നതില്‍ കുറച്ചുകാലമായി പാര്‍ട്ടിക്ക് വീഴ്ചയുണ്ടായി എന്ന് അദ്ദേഹം സമ്മതിച്ചു. അതില്‍ ഖേദമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. മുല്ലപ്പള്ളിയുമായി പ്രശ്‌നങ്ങളില്ല എന്നും ഒരു കാരണവശാലും മുല്ലപ്പള്ളിയെ കൈവിടില്ല എന്നും അദ്ദേഹം പറഞ്ഞു.
എല്‍ ഡി എഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഒരു മൊട്ടുസൂചി ആയുധമാക്കേണ്ടി വന്നാലും അത് ഉപയോഗിക്കും എന്നും എല്ലാ നേതാക്കളെയും നേരില്‍ കണ്ട് സംസാരിക്കും എന്നും അദ്ദേഹം പറഞ്ഞു. നേതാക്കള്‍ക്കിടയില്‍ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് വന്നിട്ടുണ്ട് എന്നും അത് പരിഹരിക്കാന്‍ വൈകിയത് മനപ്പൂര്‍വമല്ല എന്നും സുധാകരന്‍ കൂട്ടിച്ചേര്‍ക്കു. അങ്ങനെ സംഭവിച്ചതില്‍ ഖേദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിലെ രാഷ്ട്രീയത്തില്‍ ഒരുമിച്ചുനിന്ന് ഒരുമിച്ച് മുമ്പോട്ടുപോയവരാണ് തങ്ങളെന്നം അദ്ദേഹം പറഞ്ഞു. അതേസമയം സുധാകരനുമായി പണ്ടേ ഉള്ള ബന്ധമുണ്ടെന്നും കമ്മ്യൂണിക്കേഷന്‍ ഗ്യാപ് മാത്രമാണ് ഉണ്ടായതെന്നും മുല്ലപ്പള്ളിയും പറഞ്ഞു. അത് പരിഹരിക്കാന്‍ സുധാകരന്‍ തന്നെയാണ് മുന്‍കൈ എടുത്തത് എന്നും അദ്ദേഹം പറഞ്ഞു. സുധാകരനുമായുള്ളത് ദീര്‍ഘകാലമായുള്ള ബന്ധമാണ്.
ആ ബന്ധത്തില്‍ ഉലച്ചിലുണ്ടായിട്ടില്ല. പാര്‍ട്ടി എന്റെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തും. തങ്ങള്‍ രണ്ട് പേരും ഏകാധിപത്യ പോരാട്ടത്തില്‍ മുന്‍നിരയില്‍ നിന്നവരാണ് എന്നും പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ ശാശ്വതമായി പരിഹരിക്കാനാണ് ദല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശം എന്നും അദ്ദേഹം പറഞ്ഞു. ഐക്യ സന്ദേശം കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ കെ പി സി സിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം മുല്ലപ്പള്ളി നിഷേധിച്ചു. താന്‍ ആര്‍ക്കെങ്കിലും കത്തയച്ചിട്ടുണ്ടെങ്കില്‍ അത് പറയാന്‍ മടിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.












Click it and Unblock the Notifications