അധിക നികുതി അടക്കേണ്ട, എന്ത് പ്രശ്‌നം വന്നാലും ഞങ്ങളുണ്ടാകും; ജനങ്ങളോട് സുധാകരന്‍
മുന്‍പ് യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അധിക നികുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കില്ല എന്ന് പിണറായി പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സുധാകരന്റെ പ്രതികരണം

തിരുവനന്തപുരം: എല്‍ ഡി എഫ് സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതി ജനങ്ങള്‍ അടയ്ക്കരുത് എന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു.
അധിക നികുതി അടക്കാത്തതിന് എന്തെങ്കിലും പ്രശ്നം വന്നാല്‍ അവരെ കോണ്‍ഗ്രസ് സംരക്ഷിക്കും എന്നും കെ സുധാകരന്‍ ഉറപ്പ് നല്‍കി. സംസ്ഥാന സര്‍ക്കാര്‍ പിടിവാശിയോടെ ആണ് നികുതി വര്‍ധന നടപ്പാക്കിയത് എന്ന് സുധാകരന്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും കെ പി സി സി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
ഏതെങ്കിലും വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സമരത്തിന് ഇറങ്ങുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പിടിവാശിയില്‍ മുഖ്യമന്ത്രി സംസ്ഥാനത്തെ തളച്ചിടുകയാണ് ചെയ്യുന്നത് എന്നും ഒരു രൂപ പോലും കുറയ്ക്കാന്‍ ഉളുപ്പ് കാട്ടാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജനകീയ സമരങ്ങള്‍ക്ക് മുന്‍പില്‍ ഈ ഏകാധിപതി മുട്ടുമടക്കിയ ചരിത്രം ഉണ്ട് എന്നും കെ സുധാകരന്‍ വ്യക്തമാക്കി.

റൊട്ടി കഴിക്കാന്‍ മാര്‍ഗ്ഗമില്ലാത്തവരോട് കേക്ക് കഴിക്കാന്‍ പറഞ്ഞ ഭരണാധികാരിയെ പോലെയാണ് പിണറായി. തദ്ദേശ സ്ഥാപനങ്ങളോട് ആയിരം കോടി പിരിക്കാന്‍ പറഞ്ഞ പിണറായിയുടെ വാക്കുകള്‍ ഇതുമായാണ് താരതമ്യപ്പെടുത്തേണ്ടത് എന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി. ഇതുവഴി ജനങ്ങള്‍ക്ക് അധികഭാരം ഉണ്ടാക്കാനേ കഴിയൂ എന്നും നികുതി വര്‍ധനക്ക് എതിരായ സമരം തുടരും എന്നും കെ സുധാകരന്‍ വ്യക്തമാക്കി.
യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അധിക നികുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കില്ല എന്ന് പിണറായി പറഞ്ഞിരുന്നു. അത് തന്നെയാണ് കോണ്‍ഗ്രസും ജനങ്ങളോട് ആവശ്യപ്പെടുന്നത് എന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി കേരളത്തിലെ ഏറ്റവും വലിയ ഗോസംരക്ഷകന്‍ ആണ് എന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തില്‍ കൗ ഹഗ് ഡേ ആചരിക്കാന്‍ മുഖ്യമന്ത്രി പറയുമോ എന്നും സുധാകരന്‍ ചോദിച്ചു. ഗോ സംരക്ഷണം വിജയകരമായി നടപ്പാക്കിയ ബി ജെ പി ഇതര മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും അദ്ദേഹം പരിഹസിച്ചു.












Click it and Unblock the Notifications