കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''ഇത് സൈബർ ഗുണ്ടായിസം''; കാരശ്ശേരിക്കും റഫീഖ് അഹമ്മദിനും പിന്തുണയുമായി കെ സുധാകരൻ

Google Oneindia Malayalam News

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ കെ റെയില്‍ വിഷയത്തില്‍ പ്രതികരിച്ച സാംസ്‌ക്കാരിക പ്രമുഖര്‍ക്ക് നേരെ ഉയരുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിനും എംഎന്‍ കാരശ്ശേരിക്കും എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സിപിഎം നടത്തുന്നത് സൈബര്‍ ഗുണ്ടായിസം ആണെന്നും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുളള ക്രൂരമായ കടന്നു കയറ്റം ആണെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

കെ സുധാകരന്റെ പ്രതികരണം: '' ഇത് സൈബർ ഗുണ്ടായിസം. കെ.റെയിൽ വിഷയത്തിൽ കേരളത്തിന്റെ ആശങ്ക പങ്കുവെച്ചതിന്റെ പേരിൽ സാംസ്കാരിക രംഗത്തെ പ്രമുഖർക്കു നേരെ സി പി എം സൈബർ സംഘം നടത്തുന്ന വന്യമായ ആക്രമണം നീതീകരിക്കാനാവാത്തതാണ്. വ്യക്തിഹത്യ നടത്തുകയാണ് ഇതു വഴി സിപിഎം ചെയ്യുന്നത്. വ്യക്തിസ്വാതന്ത്യത്തിൽ മേലുള്ള ക്രൂരമായ കടന്നു കയറ്റമാണിത്.

സിപിഎം ഇംഗിതത്തിനു വഴങ്ങി ജീവിച്ചു കൊള്ളുക എന്നതാണ് അവർ നൽകുന്ന സന്ദേശം. അല്ലാത്തവരെല്ലാം തങ്ങളുടെ സൈബർ ആക്രമണങ്ങൾക്കു വിധേയരാവുക. ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന ഫാസിസ്റ്റ് രീതി. കേരളം രാഷ്ട്രീയ പ്രബുദ്ധതയുടെ നാടല്ലേ? ഇത്രയും അധമമായ പ്രവൃത്തികൾ അനുവദിക്കാമോ? കവി റഫീഖ് അഹമ്മദിനേയും കാരശ്ശേരി മാഷിനെപ്പോലുള്ളവർക്കുമെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ദാക്ഷിണ്യരഹിതമായ സൈബർ ആക്രമണങ്ങൾക്കെതിരെ നീതിബോധമുള്ള മലയാളി സമൂഹം പ്രതികരിക്കണം''.

ksu

പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്: '' ഗൗരി ലങ്കേഷിനെ കൊല ചെയ്ത സംഘപരിവാറും സാംസ്‌കാരിക പ്രവര്‍ത്തകരെ വളഞ്ഞിട്ടാക്രമിച്ച് കൊല്ലാക്കൊല ചെയ്യുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? രണ്ടും ഒരേ സമീപനമല്ലേ സ്വീകരിക്കുന്നത്. സി.പി.എം നേതാക്കള്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പഴയ ചരിത്രം അന്വേഷിക്കാനുള്ള ആപ്ലിക്കേഷന്‍ ഫോമുകള്‍ സൈബര്‍ ലോകത്ത് കൂടി പ്രചരിപ്പിക്കുകയാണ്. അവരെ ഭീഷണിപ്പെടുത്തിയും അപമാനിച്ചും പിന്തിരിപ്പിക്കാനുള്ള ശ്രമം അപമാനകരമാണ്.

ഇത് സ്റ്റാലിനിസ്റ്റ് റഷ്യയല്ല, ജനാധിപത്യ കേരളമാണ്. എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും സമൂഹമാധ്യമങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് സൈബര്‍ ഗുണ്ടകളെ അഴിച്ചുവിട്ടുകൊണ്ട് ആക്രമിച്ച് ഒതുക്കാമെന്ന് സി.പി.എം നേതൃത്വം കരുതുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതിന് കഴിയില്ലെന്ന് ഓര്‍മ്മപ്പെടുത്തുന്നു. സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിന് പിന്നിലെ ദുരൂഹത വ്യക്തമായി പറഞ്ഞിട്ടുണ്ട്. കോടിയേരി ആദ്യം കാനത്തിന് മറുപടി നല്‍കട്ടേ. ഫെബ്രുവരിയില്‍ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എതിരായ കേസ് പരിഗണിക്കുന്നു എന്നതു മാത്രമാണ് ഓര്‍ഡിനന്‍സിന് കാരണം. കോടിയേരി ബാലകൃഷ്ണന്റെ ലേഖനം വെറും ന്യായീകരണം മാത്രമാണ്. ലേഖനത്തില്‍ പറയുന്ന ഒരു കാര്യങ്ങള്‍ക്കും നിയമപരമായ അടിത്തറയില്ല''.

പിസി വിഷ്ണുനാഥ് കഴിഞ്ഞ ദിവസം റഫീഖ് അഹമ്മദിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. കുറിപ്പ് വായിക്കാം: '' ഏകാധിപത്യത്തിന്റെ കാലത്ത് വിഖ്യാതനായ മാക്‌സിം ഗോര്‍ക്കി എഴുത്തുകാരോട് ചോദിച്ചിരുന്നു: നിങ്ങള്‍ ഏത് ചേരിയിലാണ് നില്‍ക്കുന്നത്? പ്രതിബദ്ധതയുള്ള എഴുത്തുകാരനെ സംബന്ധിച്ച് നില്‍ക്കാന്‍ ഒരു ചേരിയേ ഉള്ളൂ. അത് മനുഷ്യന്റെ, മാനവികതയുടെ പക്ഷമാണ്. കൊടി നിറങ്ങളോ, അക്കാദമികളോ പ്രലോഭിപ്പിക്കാത്ത സത്യസന്ധരായ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഏറ്റവും ദുരിതം അനുഭവിക്കുന്ന മനുഷ്യനോടൊപ്പം നില്‍ക്കും. അതുമൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്.

പ്രിയ കവി റഫീക്ക് അഹമ്മദും അത്രയേ ചെയ്തിട്ടുള്ളൂ. പതിനായിരക്കണക്കിന് മനുഷ്യരെ വഴിയാധാരമാക്കുന്ന, കിടപ്പാടങ്ങളും കൃഷിയിടങ്ങളും നഷ്ടപ്പെടുത്തുന്ന, ദശലക്ഷം കോടി സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന, പരിസ്ഥിതിയെ തകര്‍ക്കുന്ന ഒരു പദ്ധതിക്കെതിരെ നിലയുറപ്പിച്ചു; കവിതയെന്ന തന്റെ മാധ്യമത്തിലൂടെ പ്രതികരിച്ചു എന്നതാണോ റഫീക്ക് അഹമ്മദ് ചെയ്ത അപരാധം?
''എങ്ങോട്ട് പോകുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍
തണ്ണീര്‍ത്തടങ്ങളെ പിന്നിട്ട്
തെങ്ങിന്‍ നിരകളെപ്പിന്നിട്ട്
കണ്ടലും കാവും കുളങ്ങളും പിന്നിട്ട്
സഹ്യനെ കുത്തിമറിച്ചിട്ട്
പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്....''

എന്ന് കെ-റെയില്‍ സംബന്ധിച്ച് മലയാളിയുടെ സകല ആകുലതകളും വരികളില്‍ ആവാഹിക്കുന്നുണ്ട് റഫീക്ക് അഹമ്മദ്. മലയാളി ചോദിക്കാന്‍ മനസ്സില്‍ക്കരുതിയ ചോദ്യങ്ങളാണ് ആ വരികളില്‍. അധികാരത്തിന്റെ ശീതളച്ഛായയില്‍ അഭിരമിക്കുന്നവര്‍ അത് കേട്ടെന്നുവരില്ല. അവര്‍ക്കുവേണ്ടി കണ്ണടച്ച് ഭക്തിഗാനം ആലപിക്കുന്ന സൈബര്‍ ക്ഷുദ്രജീവികള്‍ റഫീക്ക് അഹമ്മദിനെതിരെ തിരിഞ്ഞത്, സാംസ്‌കാരിക കേരളത്തിന് അപമാനമാണ്.

സര്‍ഗസൃഷ്ടി പോലെ പ്രധാനമാണ് അഭിപ്രായ സ്വാതന്ത്ര്യവും. ഭീഷണിപ്പെടുത്തിയും സംഘപരിവാര്‍ ചെയ്യുന്നതുപോലെ കത്തികാട്ടിയും എഴുത്തുകാരെ നിശബ്ദരാക്കാമെന്നാണോ സിപിഎം കരുതുന്നത്? പിണറായി വിജയന് സ്തുതി ഗാനം പാടുന്നവരെ മാത്രമാണോ എഴുത്തുകാരായി സിപിഎം അംഗീകരിച്ചത്. അക്കാദമികള്‍ കണ്ട് മോഹിക്കുന്ന, നിശബ്ദരായിരിക്കുന്ന എഴുത്തുകാര്‍ നമുക്ക് ചുറ്റിലും ഉണ്ട്. അത്തരം അപ്പക്കഷണം മോഹിച്ചിരിക്കുന്നവരെ സമൂഹം പുച്ഛത്തോടെ മാത്രമേ കാണുകയുള്ളൂ. അവിടെയാണ് റഫീക്ക് അഹമ്മദിനെപ്പോലുള്ള ആര്‍ജ്ജവമുള്ള ശബ്ദങ്ങള്‍ മാറ്റൊലിക്കുന്നത്. അതിന്റെ പ്രകമ്പന വീര്യം കണ്ടറിയാനിരിക്കുന്നതേയുള്ളൂ. പ്രിയ കവിയ്‌ക്കൊപ്പം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പം... ഫാസിസം തുലയട്ടെ...''

English summary
K Sudhakaran reacts to cyber attack on MN Karassery and Rafeeq Ahammad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X