സീ പ്ലെയിൻ ഞങ്ങൾ കൊണ്ടുവന്നത്,പിണറായി വിജയനെ പോലെ കഴിവുകെട്ട ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല: കെ സുധാകരൻ
കൊച്ചി: സീ പ്ലെയിൻ പദ്ധതി യു ഡി എഫ് സർക്കാർ കൊണ്ടുവന്നതാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തിൽ കഴിഞ്ഞ എട്ട് വർഷമായി മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയന്റെ ഭരണത്തിൽ കേരളത്തിൽ എന്ത് മാറ്റം വന്നു എന്ന് ചോദിച്ച കെ സുധാകരൻ പിണറായി കഴിവ് കെട്ട മുഖ്യമന്ത്രിയാണെന്നും പറഞ്ഞു.
'കേരളത്തിൽ കഴിഞ്ഞ എട്ട് വർഷമായി മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയന്റെ ഭരണത്തിൽ കേരളത്തിൽ എന്ത് മാറ്റം വന്നു ? സീ പ്ലെയിൻ ഞങ്ങൾ കൊണ്ടുവന്നതാണ്. 2013 ൽ ഞങ്ങൾ കൊണ്ടുവന്നതാണ്. അന്ന് ഈ പദ്ധതി കൊണ്ടുവന്നപ്പോൾ കുറ്റവും കുറവും പറഞ്ഞ് മാറ്റി കൊണ്ടുപോയതാണ്. ഞങ്ങൾ ചെയ്തതല്ലാതെ, വേറെ ആരുണ്ട്. പിണറായി വിജയന്റെ ഒരു സംഭവം പറയട്ടെ.

പൊതുയോഗത്തിലൊക്കെ ഞാൻ ചോദിക്കാറുണ്ട് അദ്ദേഹം ചെയ്ത ഒരു വികസന പദ്ധതി പറയാൻ. കെ കരുണാകരൻ ചെയ്തതൊക്കെ ഞാൻ എണ്ണിയെണ്ണി പറയാറുണ്ട്. ഉമ്മൻ ചാണ്ടി ചെയ്തതും പറയാറുണ്ട്. എന്നാൽ പിണറായി വിജയനെ പോലെ കഴിവ് കെട്ട ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. സി പി എമ്മിൽ മറ്റ് മുഖ്യമന്ത്രിമാർ ഉണ്ടായിട്ടില്ലേ. ഞങ്ങൾ ആരെങ്കിലും പറഞ്ഞോ. അവരൊക്കെ കുറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്, സുധാകരൻ പറഞ്ഞു.
അതേ സമയം സീ പ്ലെയിൻ വൈകിപ്പിച്ചതിന് പിണറായി വിജയൻ ക്ഷമ ചോദിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. യു ഡി എഫിന്റെ കാലത്ത് പദ്ധതിക്കായി എല്ലാ സജ്ജീകരണവും ഒരുക്കിയിരുന്നെന്നും ഉമ്മൻചാണ്ടിയുടെ കാലത്ത് എതിർപ്പിനെ തുടർന്ന് നിർത്തിവെയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്ന് പദ്ധതി തടസ്സപ്പെടുത്താൻ സമരം ചെയ്ത് ചില മത്സ്യത്തൊഴിലാളി സംഘടനകളെ ആരെയും ഇന്ന് കാണാനില്ല. പദ്ധതി തടസ്സപ്പെടുത്തിയവർ തന്നെ ഇപ്പോഴത് നടപ്പാക്കുന്നു. എന്നിട്ട് ഞങ്ങളാണ് വികസനം കൊണ്ടുവന്നതെന്ന് പ്രഖ്യാപിക്കുന്നു. 11 കൊല്ലം മുൻപ് വരേണ്ട പദ്ധതിയായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. യു ഡി എഫ് ഭരിക്കുമ്പോൾ ഒരു നയം എൽ ഡി എഫ് ഭരിക്കുമ്പോൾ മറ്റൊരു നയം, കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് ഇത് ശരിയല്ല, പദ്ധതി ഇത്രയും വൈകിപ്പിച്ചതിന് പിണറായി ക്ഷമ ചോദിക്കണം എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications