'ഇത് ആർഭാടം': ട്രാവന്‍കൂര്‍ പാലസ് ഉദ്ഘാടനം കോണ്‍ഗ്രസ് ബഹിഷ്കരിക്കുമെന്ന് കെ സുധാകരന്‍
ഡല്‍ഹി: നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കാതെ ലക്ഷങ്ങള്‍ പൊടിച്ച് ആര്‍ഭാടത്തോടെയാണ് നവീകരണം നടത്തിയത്. ഇതിലൂടെ വലിയ ധൂർത്താണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ നിത്യനിദാന ചെലവുകള്‍ക്ക് പോലും കാശില്ലാതെ കോടികളുടെ കടമെടുപ്പ് തുടരുമ്പോള്‍ 40 ലക്ഷം രൂപ മുടക്കിയാണ് നവീകരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ സ്ഥിതി വളരെ മോശമായ സാഹചര്യത്തിലൂടെയാണ് മുന്നോട്ട് പോവുന്നത്. എല്ലാ മേഖലയിലും വിലക്കയറ്റം രൂക്ഷമാണ് ക്ഷേമപെന്‍ഷന്‍ മൂന്ന് മാസമായി കുടിശ്ശികയാണ്. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാറിന്റെ കെടുകാര്യസ്ഥതയാണ്. ഈ മാസം ശമ്പളവും പെന്‍ഷനും വിതരണം ചെയ്തു കഴിയുമ്പോള്‍ ഖജനാവ് കാലിയായേക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

അതേസമയം, ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് ട്രാവന്‍കൂർ പാലസിന്റെ നവീകരണം. കസ്തൂർബഗാന്ധി മാർഗിലെ 4 ഏക്കർ പ്ലോട്ടിലാണ് പാലസ് സ്ഥിതി ചെയ്യുന്നത്. കൊളോണിയൽ ആർക്കിടെക്ച്ചർ ശൈലിയിൽ രൂപകൽപന ചെയ്ത പാലസിൽ, 2060 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ, 60 ഓളം ഇടങ്ങളാണ് ഇരുനിലകളിലുമായി ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് ആർട്ട് ഗ്യാലറികൾ, കോൺഫറൻസ് ഹാൾ, സെമിനാർ ഹാൾ വിത്ത് ഡിജിറ്റൽ ബോർഡ് ലൈബ്രറി, ഡിജിറ്റൽ ലൈബ്രറി, റസ്റ്റോറന്റ്, കഫറ്റേരിയ, സുവനീർ ഷോപ്പ്, ആയുർവേദ ഷോപ്പ്, പരമ്പരാഗത വസ്ത്രശാല കൂടാതെ നടുമുറ്റവും ഫൗണ്ടനും ഉൾക്കൊളുന്നതാണ് പാലസിന്റെ അകത്തളം.
മൾട്ടി പർപ്പസ് ആംഫി തീയറ്റർ, വീഡിയോ വാൾ, ഔട്ട്ഡോർ എക്സിബിഷൻ ഏരിയ, വാട്ടർ ഫൗണ്ടൻ, 35 കിലോവാട്ട് വൈദ്യുതി ഉല്പാദന ശേഷിയുള്ള സോളാർ പാനൽ, സ്ഥിരം പ്രവർത്തിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ, വിശാലമായ ലോണും മികച്ച ലാന്റ് സ്കേപ്പുമാണ് പാലസിന്റെ പുറം കാഴ്ചകൾ. 23.8 കോടി രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചതെന്നും സർക്കാർ വ്യക്തമാക്കുന്നു.
ജസ്ബീർ സിംഗാണ് പാലസിന്റെ നവീകരണത്തിന് നേതൃത്വം നൽകിയ ചീഫ് ആർക്കിടെക്റ്റ്. കുമാർ കാർത്തികേയയാണ് പ്രോജക്ടിന്റെ കൺസർവേഷൻ ആർക്കിടെക്റ്റ്. നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ (എൻ.ബി.സി.സി) കീഴിലുള്ള പൈതൃക മന്ദിരങ്ങളുടെ നവീകരണം നിർവ്വഹിക്കുന്ന സബ്സിഡിയറി കമ്പനിയായ എൻബിസിസി സർവീസസ് ലിമിറ്റഡാണ് (എൻ. എസ്. എൽ) ട്രാവൻകൂർ പാലസിന്റെ നവീകരണം നടത്തിയതെന്നും സർക്കാർ വ്യക്തമാക്കി.












Click it and Unblock the Notifications