'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന്‍
കണ്ണൂര്‍: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാതിരിക്കാന്‍ ഒരാള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി എന്ന് വെളിപ്പെടുത്തി കെ സുധാകരന്‍. മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും അക്കാര്യം എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടും രാഹുല്‍ ഗാന്ധിയോടും പറഞ്ഞിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു കെ സുധാകരന്റെ പ്രതികരണം.
'മത്സരിക്കാന്‍ ഖാര്‍ഗെയും രാഹുലും സമ്മതം നല്‍കിയതാണ്. എന്നാല്‍ അതിനെതിരെ ആരൊക്കയോ പരാതി കൊടുത്തു. ആ പരാതി കാരണമാണ് മത്സരിക്കാന്‍ തടസമുണ്ടായത്. അതിന് പിറകിലുള്ള ആളെ അറിയാം. പക്ഷേ, അത് പരസ്യമായി പറയുന്നില്ല,' സുധാകരന്‍ പറഞ്ഞു. അതേസമയം മത്സരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

സ്വതന്ത്രനായി മത്സരിക്കും, 15 മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും തുടങ്ങിയ വാര്‍ത്തകള്‍ ആരാണുണ്ടാക്കിയതെന്ന് അറിയില്ല. അതെല്ലാം വസ്തുതയില്ലാത്ത വാര്‍ത്തകളാണ്. അത്തരം വാര്‍ത്തകള്‍ തന്നെ വേദനിപ്പിച്ചു എന്നും അപവാദപ്രചരണത്തിന് തുല്യമായിരുന്നു അതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭാംഗമാകുക എന്നത് സന്തോഷമുള്ള കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ അംഗത്വം കിട്ടുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. പാര്‍ലമെന്റില്‍ പോകുന്നതിനേക്കാള്‍ എത്രയോ ഇരട്ടി സന്തോഷമുള്ള കാര്യമാണ്. പ്രാദേശികതലത്തിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടിയാണ് നിയമസഭയില്‍ പോകണമെന്ന് പറഞ്ഞത്. അതിന് മറ്റ് ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. മന്ത്രിയാകണമെന്നില്ല. നാട്ടിലെ ജനങ്ങള്‍ക്ക് നേരിട്ട് സേവനം നല്‍കാനാകും എന്നതായിരുന്നു എന്റെ ലക്ഷ്യം,' സുധാകരന്‍ പറഞ്ഞു.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം കണ്ണൂരില്‍ സീറ്റ് ഉറപ്പുനല്‍കിയിരുന്നെന്നും അത് പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. താന്‍ ബി ജെ പിയിലേക്ക് പോകില്ല എന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയില്‍ നിന്ന് വന്നാരും സംസാരിച്ചിട്ടില്ലെന്നും തന്നെ കണ്ട് ഇങ്ങനെ പറയാന്‍ മാത്രം ധൈര്യമുള്ളവരൊന്നും ബിജെപിയില്‍ ഇല്ല എന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിനുള്ളില്‍ തനിക്ക് അറിയപ്പെടുന്ന ശത്രുക്കളില്ലെന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.
തന്നെ ലക്ഷ്യം വെക്കുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കാന്‍ തനിക്ക് ആര്‍ജ്ജവമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡുമായും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും സംസാരിച്ച് നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചു. പ്രായത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെ വ്യക്തമായ നിലപാടുകള്‍ കാരണമാണ് ചിലര്‍ തന്നെ വേട്ടയാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭയിലേക്ക് മത്സരിക്കാനായി അവസാന നിമിഷം വരെ സുധാകരന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്ന നിലപാടില്‍ ഹൈക്കമാന്‍ഡ് ഉറച്ച് നിന്നതോടെ അദ്ദേഹത്തിന് സീറ്റ് നഷ്ടപ്പെടുകയായിരുന്നു.












Click it and Unblock the Notifications