നേതൃമാറ്റ ചർച്ചകളിൽ സുധാകരന് അതൃപ്തി; പിന്നാലെ ഉടൻ മാറ്റില്ലെന്ന ഉറപ്പുമായി ഹൈക്കമാന്റ്
തിരുവനന്തപുരം: കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റില്ലെന്ന് ഹൈക്കമാന്റ്. സുധാകരനെ വിശ്വാസത്തിലെടുത്ത് കൊണ്ട് മാത്രമേ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും ഇപ്പോൾ നടക്കുന്നത് പുനഃസംഘടന ചർച്ച മാത്രമാണെന്നും നേതൃത്വം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന ചർച്ചകളിൽ സുധാകരൻ ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെയാണ് നേതൃത്വത്തിന്റെ മറുപടി.
കഴിഞ്ഞ കുറച്ച് കാലങ്ങളായി കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലുള്ള അധികാര വടംവലി ശക്തമാണ്. ഇരുവരും മാധ്യമങ്ങൾക്ക് മുന്നിൽ വെച്ചടക്കം ഇത്തരത്തിൽ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെയ്ക്കുകയും സംയുക്ത പത്രസമ്മേളനം നടത്താൻ തയ്യാറാകാതിരുന്നതുമെല്ലാം ഇരുവരും തമ്മിലുള്ള തർക്കത്തിന്റെ തെളിവാണെന്ന് വ്യഖ്യാനിക്കപ്പെട്ടിരുന്നു. ഇത്തരത്തിൽ നേതാക്കൾ തമ്മിലുള്ള അനൈക്യം തുടരുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് നേതൃമാറ്റം വേണമെന്ന നിലപാടിലാണ് ഹൈക്കമാന്റ് എന്നായിരുന്നു റിപ്പോർട്ടുകൾ.

മാത്രമല്ല സുധാകരന് പകരക്കാരനായി ആറ് പേരുകൾ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനഗോലു നിർദേശിച്ചതായും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആൻറോ ആൻറണി, സണ്ണി ജോസഫ്, റോജി എം ജോൺ തുടങ്ങിയ പേരുകൾ കെ പി പി സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വാർത്തകൾ വന്നത്.
തദ്ദേശതിരഞ്ഞെടുപ്പിന് മുൻപ് തന്നെ അധ്യക്ഷൻ മാറിയേക്കുമെന്ന ചർച്ചകൾ വാർത്തകളിൽ സജീവയമായതോടെ കഴിഞ്ഞ ദിവസം സുധാകരൻ നേതൃത്വത്തെ അതൃപ്തി അറിയിക്കുകയായിരുന്നത്രേ. തുടർന്നാണ് സുധാകരനെ കൂടി വിശ്വാസത്തിലെടുത്തേ തീരുമാനമെടുക്കൂവെന്ന് ഹൈക്കമാന്റ് ഉറപ്പ് നൽകിയത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള സംഘടന ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പുനഃസംഘടന ചർച്ചകൾ മാത്രമാണ് നടത്തുന്നതെന്നും എ ഐ സിസി നേതൃത്വം അറിയിച്ചു.
അധ്യക്ഷനെ മാറ്റാൻ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കെ മുരളീധരൻ പ്രതികരിച്ചിരുന്നു. സുധാകരനെ മാറ്റണമെന്ന ആവശ്യം തങ്ങളാരും ഉന്നയിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്നും മുരളീധരൻ പറഞ്ഞു. അധ്യക്ഷൻ മാറില്ല അതേസമയം ചില ഡി സി സി സെക്രട്ടറിമാരുടെ കാര്യത്തിൽ മാറ്റം ഉണ്ടായേക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications