പി ജയരാജൻ പേടിത്തൊണ്ടൻ; എപ്പോഴും ആരോ വധിക്കുമെന്ന തോന്നൽ, നെഞ്ചുവേദന ഉടൻ വരുമെന്ന് കെ സുരേന്ദ്രൻ!
കോഴിക്കോട്: സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി കെ സുരേന്ദ്രൻ. ജയരാജൻ പണ്ടേ പേടിത്തൊണ്ടനാണെന്ന് അദ്ദേഹം പറഞ്ഞു. വധഭീഷണിയെ തുടർന്ന് പോലീസ് സുരക്ഷ ശക്തമാക്കിയ വാർത്ത ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എൻഡിഎയുടെ രാപ്പകൽ സമരം മാനാഞ്ചിറയില് ഉദ്ഘാടനം ചെയ്യവെയാണ് സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്.
എപ്പോഴും ആരോ വധിക്കുമെന്ന തോന്നലാണ് ജയരാജന്. കോൺഗ്രസും ലീഗും ഉൾപ്പെടെ എല്ലാ പാർട്ടിയിലും നിരവധി ശത്രക്കളാണ് പി ജയരാജനുള്ളത്. അരിയിൽ ഷുക്കൂർ വധക്കേസിൽ യു.എ.പി.എ ചുമത്തുമെന്ന് കണ്ടപ്പോൾ നെഞ്ചുവേദന വന്നിരുന്നു. ഇപ്പോൾ ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടാനുള്ള സാഹചര്യമുണ്ടായപ്പോൾ പുതിയ അടവെടുക്കുകയാണ്. നെഞ്ചുവേദന ഉടൻ വരുമെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷപ്പെടില്ല
എത്ര പോലീസിന്റ അകമ്പടി ഉണ്ടായാലും നിയമത്തിന്റെ മുന്നിൽ നിന്ന് ജയരാജന് രക്ഷപ്പെടാനാവില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ചെങ്ങന്നൂരിൽ വോട്ട് കൂട്ടാനല്ല, മറിച്ച് വിജയിക്കാനാണ് ബിജെപി മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനുവേണ്ടി ആരുടെ വോട്ടും ബിജെപി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎം മാണി കുറ്റക്കാരനാണോ അല്ലയോ എന്ന് പിണറായി വിജയനാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസ് പ്രതി പ്രനൂപ് ക്വട്ടേഷന്‍ എടുത്തിരിക്കുന്നതായാണ് കഴിഞ്ഞ ദിവസം പോലീസ് വ്യക്തമാക്കിയത്.

മോഹനൻ വധക്കേസ് പ്രതി
ജില്ലാ പോലീസ് മേധാവി എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും അടിയന്തര സന്ദേശമയക്കുകും ചെയ്തിരുന്നു. പാതിരിയാട് വാളാങ്കിച്ചാലിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന കെ മോഹനനെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് പ്രനൂപ്. ഇയാള്‍ക്കൊപ്പം ചക്കരക്കല്‍, കടമ്പൂര്‍ പൂങ്കാവ്, പാലയാട് സാമിക്കുന്നുമ്പ്രം, മേലൂര്‍ പാലം, പൊന്ന്യം നായനാര്‍ റോഡ് പ്രദേശങ്ങളിലെ ഏതാനും ക്രിമിനലുകളും സംഘത്തിലുണ്ടെന്നാണ് പൊലീസിനു ലഭിച്ച സൂചനകള്‍.

പോലീസിന്റെ തിരക്കഥ
നിലവിൽ സംസ്ഥാന സമിതിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്താണു ജയരാജൻ. ജില്ലയിൽ മടങ്ങിയെത്തിയാലുടൻ സുരക്ഷ ശക്തമാക്കുമെന്നും പോലീസ് വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും അടിയന്തര സന്ദേശമയച്ചു. ആർഎസ്എസ്-ബിജെപി നേതൃത്വത്തിന്റെ അറിവോടെയുള്ള ക്വട്ടേഷനെന്നാണു പോലീസ് റിപ്പോർട്ട് വന്നിരുന്നത്. പി. ജയരാജന് വധഭീഷണിയുണ്ടെന്ന കണ്ടെത്തൽ പൊലീസും സിപിഎമ്മും ചേർന്നുണ്ടാക്കിയ തിരക്കഥയാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

മഹത്വവൽക്കരിക്കാനുള്ള ശ്രമം
പി ജയരാജനെ മഹത്വവത്ക്കരിക്കാനും കലാപമുണ്ടാക്കാനും വേണ്ടിയാണ് ഇത്തരത്തിലൊരു കഥ അവർ മെനഞ്ഞത്. ഷുഹൈബ് വധക്കേസിൽ തകർന്ന പ്രതിഛായ തിരിച്ചുപിടിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷയെന്നും ബിജെപി ആരോപിച്ചു. അതേസമയം, വധഭീഷണിയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിനോടു പ്രതികരിക്കാൻ സിപിഎം സംസ്ഥാന സമിതിയില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ ജയരാജനോട് മാധ്യമങ്ങള്‍ പൊലീസ് റിപ്പോർട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ല.












Click it and Unblock the Notifications