
മലയാളിയായ രാജീവ് ചന്ദ്രശേഖറിന് ആശംസയർപ്പിക്കാന്‍ പോലും കെ സുരേന്ദ്രനില്ല; വിരുദ്ധമായി ശോഭ മാത്രം
തിരുവനന്തപുരം: കര്‍ണാടകത്തില്‍ നിന്നുള്ള ഒരു രാജ്യസഭാ എംപി കേന്ദ്ര മന്ത്രിസഭയില്‍ ഇടം നേടുമ്പോള്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ അദ്ദേഹത്തിന് പ്രത്യേകമായി അഭിവാദ്യം അര്പിക്കേണ്ട കാര്യമൊന്നും ഇല്ല. എന്നാല്‍, ആ എംപി മലയാളിയും കേരളത്തിലെ എന്‍ഡിഎയുടെ മുന്‍ വൈസ് ചെയര്‍മാനും ആണെങ്കിലോ?
തള്ളാനോ കൊള്ളാനോ കഴിയാതെ ബിജെപി; രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രമന്ത്രിയാക്കിയതിൽ മുറുമുറുപ്പ്
അതേ, കേന്ദ്രമന്ത്രിസഭയില്‍ പുതിയതായി ഇടം നേടിയ രാജീവ് ചന്ദ്രശേഖറിനെ കുറിച്ച് തന്നെയാണ് പറയുന്നത്. രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയായപ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനോ കേന്ദ്ര മന്ത്രി വി മുരളീധരനോ അദ്ദേഹത്തിന് അഭിവാദ്യമര്‍പ്പിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയില്ല. എന്നാല്‍ ശോഭ സുരേന്ദ്രന് അങ്ങനെ ആയിരുന്നില്ല. കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ വരുന്ന മാറ്റത്തിന്റെ സൂചനയാണിത് എന്ന വിലയിരുത്തലും ഉണ്ട്. പരിശോധിക്കാം...

എന്തിനും ഏതിനും
ചെറിയ സംഭവങ്ങള്‍ക്ക് പോലും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണവുമായി എത്തുന്ന ആളാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. നേട്ടങ്ങള്‍ സ്വന്തമാക്കുന്നവരെ അഭിനന്ദിക്കാന്‍ ഒരുമടിയും കാണിക്കാറും ഇല്ല. എന്നാല്‍ മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗമായപ്പോള്‍ അദ്ദേഹത്തിനെ അഭിനന്ദിക്കാനും ആശംസയര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിടാനും കെ സുരേന്ദ്രന് തയ്യാറായിട്ടില്ല.

മുരളീധരനും
കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയായ വി മുരളീധരന്റെ കാര്യവും അങ്ങനെ തന്നെ. മുരളീധരന് മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയും ആണ്. എന്തായാലും സത്യപ്രതിജ്ഞ ചെയ്ത എല്ലാ മന്ത്രിമാരേയും അഭിനന്ദിച്ചുകൊണ്ട് വി മുരളീധരന് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.

കേരള ഘടകം
ബിജെപി സംസ്ഥാന ഘടകത്തിനും സ്വന്തമായി ഒരു ഫേസ്ബുക്ക് പേജ് ഉണ്ട്. ആ പേജിലും രാജീവ് ചന്ദ്രശേഖറിന് ആശംസകള്‍ അര്‍പിച്ചുകൊണ്ടുള്ള ഒരു പോസ്റ്റുപോലും ഇല്ല. ഇതെല്ലാം വ്യക്തമാക്കുന്നത് രാജീവ് ചന്ദ്രശേഖറിനോട് കേരളത്തിലെ ബിജെപിയുടെ ഔദ്യോഗിക നേതൃത്വത്തിന് ഒരു താത്പര്യവും ഇല്ല എന്നത് തന്നെയാണ്.

ശോഭ സുരേന്ദ്രന് അങ്ങനെയല്ല
എന്നാല്‍ സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ എക്സിക്യൂട്ടീവ് അംഗവും ആയ ശോഭ സുരേന്ദ്രന് അങ്ങനെ ആയിരുന്നില്ല. 'മലയാളിയായ രാജീവ് ചന്ദ്രശേഖറിലൂടെ കേരളത്തിനൊരു കേന്ദ്ര മന്ത്രിയെ കൂടി നല്‍കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. രാജീവേട്ടന് എല്ലാവിധ ആശംകളും' എന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഗ്രൂപ്പ് സമവാക്യം മാറുന്നു?
കേരളത്തിലെ ബിജെപിയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുന്നു എന്നതിന്റെ സൂചനയായിട്ടാണ് ഈ വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്നതിനേയും പ്രതികരിക്കുന്നതിനേയും വിലയിരുത്തുന്നത്. ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് രാജീവ് ചന്ദ്രശേഖര്‍ പ്രിയപ്പെട്ടവനും ആണ്. കേരളത്തിലെ ഔദ്യോഗിക നേതൃത്വം ആണെങ്കില്‍ ഇപ്പോള്‍ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ തലയുയര്‍ത്താന്‍ ആകാത്ത സ്ഥിതിയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് വിഷയം
ഏഷ്യാനെറ്റ് ന്യൂസുമായി കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ പ്രശ്നങ്ങളും ഇതുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. നിലവില്‍ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്കരണത്തിലാണ് ബിജെപി. അതിനിടെ കേന്ദ്ര മന്ത്രി വി മുരളീധരന് വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഇറക്കിവിട്ട സംഭവവും ഉണ്ടായിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയില്‍ ആണ് ഏഷ്യാനെറ്റ് ന്യൂസ്.

വാദങ്ങള്‍ നിലനില്‍ക്കില്ല
കേരളമല്ല രാജീവ് ചന്ദ്രശേഖറിന്റെ പ്രവര്‍ത്തന മേഖല എന്നാണ് ചില ബിജെപി നേതാക്കളുടെ പ്രതികരണം. അതുകൊണ്ടായിരിക്കും മുതിര്‍ന്ന നേതാക്കള്‍ ഫേസ്ബുക്കിലോ മറ്റ് സാമൂഹ്യ മാധ്യമങ്ങളിലോ ആശംസകള്‍ അര്പിക്കാത്തത് എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ കേരളത്തിലെ എന്‍ഡിഎയുടെ വൈസ് ചെയര്മാന് ആയിരുന്നു രാജീവ് ചന്ദ്രശേഖര്‍ എന്നത് മാറ്റിനിര്‍ത്താന്‍ ആകുന്ന ഒരു കാര്യമല്ല.

ലോക്സഭ തിരഞ്ഞെടുപ്പില്‍
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ കേരളത്തില്‍ മത്സരിക്കാന്‍ താത്പര്യപ്പെട്ടിരുന്നു എന്നും വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ, കേരള നേതൃത്വത്തിന് അതില്‍ തീരെ താത്പര്യമുണ്ടായിരുന്നില്ല. അതിന് ശേഷം കേരളത്തിലെ വിഷയങ്ങളില്‍ രാജീവ് ചന്ദ്രശേഖര്‍ തീരെ ഇടപെട്ടിരുന്നില്ല. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ഒരു വിധത്തിലും പങ്കാളിയാവുകയും ചെയ്തിരുന്നില്ല.
ഹോട്ട് ഇൻ ഫിറ്റ്; വർക്ക്ഔട്ട് ചിത്രങ്ങളുമായി ദീപിക ദാസ്