'കസേര കിട്ടിയാലും ഇല്ലെങ്കിലും പ്രവർത്തിക്കും, വിഷമിപ്പിക്കരുത്': വേദിയിൽ ഏറ്റുമുട്ടി ശോഭയും കെ സുരേന്ദ്രനും
തൃശൂര്‍: ബി ജെ പി വേദിയില്‍ പരോക്ഷ വിമര്‍ശനവുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രനും. പണ്ട് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഒന്നോ രണ്ടോ വനിതകളെ ബി ജെ പിയില്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തെരുവില്‍ ഇറങ്ങാനും സമരം ചെയ്യാനും നിരവധി വനിതകളുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതിന് പിന്നാലെ ശോഭ സുരേന്ദ്രന്‍ നടത്തിയ. പ്രസംഗത്തിലും പരോക്ഷ വിമര്‍ശനമുണ്ടായി.
ബി ജെ പിയില്‍ സുരേന്ദ്രനോ ശോഭയോ വിഷയമേയല്ലെന്നും ഒരുപാട് ആളുകളുടെ ത്യാഗം കൊണ്ടുണ്ടാക്കിയ പാര്‍ട്ടിയാണ് ബി ജെ പിയെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഒരുപാട് സമരങ്ങളില്‍ പങ്കെടുത്ത ആളാണ് താനെന്നും ഒരല്‍പ്പം വേദന സഹിച്ചിട്ടാണെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകയായി മുന്നോട്ടു പോകുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കസേര കിട്ടിയാലും ഇല്ലെങ്കിലും പ്രവര്‍ത്തിക്കുമെന്നും കൂടുതല്‍ വിഷമിപ്പിക്കരുതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും തമ്മിലുള്ള പോര് പാര്‍ട്ടിയില്‍ പരസ്യമാണ്. ഒരു കാലത്ത് ബി ജെ പിയുടെ സമര മുഖങ്ങളില്‍ ശക്തമായ സാന്നിദ്ധ്യമായിരുന്നു ശോഭ സുരേന്ദ്രന്‍ എന്നാല്‍ എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ശോഭ സുരേന്ദ്രന്‍ ബി ജെ പി വേദികളില്‍ പ്രത്യക്ഷപ്പെടാറില്ല. ശോഭ സുരേന്ദ്രനെ ബി ജെ പി ഒഴിവാക്കിയെന്ന തരത്തലിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നുണ്ടെന്നാണ് ബി ജെ പി അറിയിച്ചത്.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് ശോഭ സുരേന്ദ്രനെ പരിഗണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഒരു കാലത്ത് പുറത്തുവന്നിരുന്നു. എന്നാല്‍ കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതോടെ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. സംസ്ഥാന സമിതി പുനസംഘടിപ്പിച്ചപ്പോള്‍ ശോഭ സുരേന്ദ്രന് വൈസ് പ്രസിഡന്റ് പദവിയാണ് ലഭിച്ചത്.
ടെലിവിഷന്‍ ചര്‍ച്ചകളിലും ശോഭ സുരേന്ദ്രന്‍ നിറസാന്നിദ്ധമായിരുന്നു. ഒരു കാലത്ത് ബി ജെ പിക്ക് വേണ്ടി ചാനലുകളില്‍ സംസാരിക്കാന്‍ ശോഭ സുരേന്ദ്രന്‍ മാത്രമേ ഉണ്ടായിന്നുള്ളു. എന്നാല്‍ ഇപ്പോള്‍ മാസങ്ങളായി ശോഭ സുരേന്ദ്രന്‍ അതിലും പങ്കെടുക്കാറില്ല. പലതവണ ചാനല്‍ അധികൃതര്‍ ശോഭ സുരേന്ദ്രനെ ചര്‍ച്ചയ്ക്ക് വിളിക്കുമ്പോള്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്യാറുള്ളത്.
നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ബി ജെ പിയിലെ സുരേന്ദ്രന്‍- മുരളീധരന്‍ ദ്വയത്തിനെതിരെയായിരുന്നു ശോഭയുടെ നീക്കം. മുന്‍ അധ്യക്ഷന്‍ പി കെ കൃഷ്ണദാസിന്റേയും മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്റേയും പരോക്ഷ പിന്തുണയും ശോഭയ്ക്ക് ഉണ്ടായിരുന്നു.












Click it and Unblock the Notifications