'സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമെന്നത് എംവി ഗോവിന്ദന്റെ വ്യാമോഹം': വിമര്‍ശനവുമായി കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ∙ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമെന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വ്യാമോഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതി ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സിൽവർലൈനിനു വേണ്ടി ശ്രമിക്കുന്നത്. വന്ദേഭാരത് എക്സ്പ്രസ് കേരളത്തിന് അനുവദിക്കപ്പെട്ടപ്പോൾ മലയാളികൾ എല്ലാവരും അഹ്ലാദിക്കുകയും സിപിഎമ്മും കോൺഗ്രസും ദുഃഖിക്കുകയുമാണ് ചെയ്തത്. കമ്മRഷൻ അടിക്കാൻ സാധിക്കാത്തതാണ് ഇരുകൂട്ടരുടെയും നിരാശയ്ക്കു കാരണം എന്നും സുരേന്ദ്രൻ പറഞ്ഞു.
2 ലക്ഷം കോടി രൂപ മുതൽ മുടക്കി കേരളത്തെ കടക്കെണിയിലാക്കുന്ന പദ്ധതിയായ സിൽവർലൈനിനു വേണ്ടി ഇടതുപക്ഷം വാശിപിടിക്കുന്നത് കയ്യിട്ടുവാരാൻ മാത്രം ഉദ്ദേശിച്ചാണ്. കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കുന്ന, ആയിരക്കണക്കിനു കുടുംബങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതി നടപ്പിലാക്കാൻ നരേന്ദ്ര മോദി സർക്കാർ ഒരിക്കലും അനുവദിക്കില്ല. വന്ദേഭാരത് സംസ്ഥാനത്തിനു കേന്ദ്രം നൽകില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പറഞ്ഞതെന്നും സുരേന്ദ്രൻ പറഞ്ഞു. വന്ദേഭാരത് യാഥാർഥ്യമായപ്പോൾ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണെന്നാണു ഡിവൈഎഫ്ഐ പറയുന്നത്. ഇതുപോലത്തെ രാഷ്ട്രീയ അടിമകൾ ലോകത്ത് വേറെവിടെയും കാണില്ല.

വന്ദ്േഭാരത് ആത്മനിർഭർ ഭാരതിന്റെ ഭാഗമാണ്. ഇത് പൂർണമായും ഭാരതത്തിൽ നിർമിച്ചതാണ്. അല്ലാതെ സിൽവർലൈൻ പോലെ ജപ്പാനിലെ രണ്ടാംകിട സാമഗ്രികളല്ല. ജപ്പാനിൽനിന്നു സിൽവർലൈനു വേണ്ടി സാധനങ്ങൾ കേരളത്തിൽ എത്തിക്കുന്നതിലൂടെ വലിയ അഴിമതിയായിരുന്നു സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതാണ് കേന്ദ്രത്തിന്റെ എതിർപ്പുകാരണം മുടങ്ങിയത്. സിൽവർലൈനിനു വേണ്ടി ഇതുവരെ സർക്കാർ പൊടിച്ച 67 കോടി രൂപയുടെ നഷ്ടത്തിന് ജനങ്ങളോട് മാപ്പു പറയുകയാണ് മുഖ്യമന്ത്രിയും സർക്കാരും ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ചിരിക്കുന്ന വന്ദേഭാരത് എക്സ്പ്രസ്, സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന സിൽവർലൈന് ബദലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. സിൽവർലൈൻ വേണമെന്ന നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മൂലധന നിക്ഷേപത്തിന് കടം വാങ്ങാം. വന്ദേഭാരതിൽ അപ്പവുമായി പോയാൽ അത് കേടാവുമെന്നും, അപ്പവുമായി സിൽവർലൈനിൽ തന്നെ പോകുമെന്നും ബിജെപി നേതാവ് പി.കെ.കൃഷ്ണദാസിന്റെ പരിഹാസത്തിന് മറുപടിയായി ഗോവിന്ദൻ വ്യക്തമാക്കി. അപ്പവുമായി ബന്ധപ്പെട്ട തന്റെ പരാമർശം അദ്ദേഹം വിശദീകരിച്ചു.
''അപ്പവുമായി കുടുംബശ്രീ യൂണിറ്റിന്റെ രണ്ട് അമ്മമാർ രാവിലെ പുറപ്പെടുന്നു. എന്നിട്ട് എവിടെയാണോ എത്തേണ്ടത് അവിടെ രണ്ട് രണ്ടര മണിക്കൂർ കൊണ്ട് എത്തുന്നു. അവിടെയെത്തി അപ്പവും വിറ്റ് നേരെ തിരിച്ചുപോരുന്നു. രാവിലെ പ്രഭാത ഭക്ഷണം കഴിച്ചിട്ടു പോകുന്ന അവർക്ക് തിരിച്ചെത്തി ഉച്ചഭക്ഷണം കഴിക്കാം. ഇതാണ് ഞാൻ പറഞ്ഞതിന്റെ അർഥം.
ഇതൊക്കെ ജഡ്ജിക്കും ഉയർന്ന ഉദ്യോഗസ്ഥൻമാർക്കും വക്കീലൻമാർക്കും മാത്രമേ പറ്റൂ എന്നാണ് നിങ്ങൾ ധരിച്ചുവച്ചത്. അവിടെ ബോധപൂർവം തന്നെയാണ് ഞാൻ കുടുംബശ്രീയെ ഉദാഹരിച്ചത്. അതിൽത്തന്നെ ഞാൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. വന്ദേഭാരതിൽ കയറി അപ്പവുമായി പോയാൽ രണ്ടാമത്തെ ദിവസമെങ്കിലും എത്തുമോ?
അപ്പോപ്പിന്നെ അപ്പമുണ്ടാകുമോ? അതോടെ അപ്പം പോയില്ലേ? കുടുംബശ്രീയുടെ അപ്പവുമായി കെ റെയിലിൽത്തന്നെ പോകും. അതിലേക്ക് എത്തിക്കാനാണ് ശ്രമം. സിൽവർലൈൻ പദ്ധതി പ്രകാരം 20 മിനിറ്റിൽ ഒരു ട്രെയിനാണ് ഉദ്ദേശിക്കുന്നത്. ഇത് ഒരു ദിവസത്തേക്ക് ഒരു ട്രെയിൻ ഓടിച്ചിട്ട് അത് ഇതിനു പകരമാകുമെന്നു പറഞ്ഞാൽ പകരമാകുമോ? ഇന്നല്ലെങ്കിൽ നാളെ കെ റെയിൽ കേരളത്തിന് അനിവാര്യമാണ്'' - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications