ചരട് ജപിച്ചു നൽകിയതിന് 20 രൂപ ദക്ഷിണ വാങ്ങിയ ശാന്തിക്കാരന് സസ്പെൻഷൻ! ഇതാണോ ഇത്ര വലിയ അഴിമതിയെന്ന്...
ദർശനത്തിന് പോകുന്ന ഏതൊരു ഭക്തനും പത്തോ ഇരുപതോ ദക്ഷിണ കൊടുക്കുമെന്നും, ഇതാണോ ഇത്ര വലിയ അഴിമതിയെന്നുമാണ് കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരിക്കുന്നത്.
കോഴിക്കോട്: ദേവസ്വം ബോർഡ് വിജിലൻസിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രൻ. ചരട് ജപിച്ച് നൽകിയതിന് 20 രൂപ ദക്ഷിണ വാങ്ങിയ ശാന്തിക്കാരനെ സസ്പെൻഡ് ചെയ്ത വിജിലൻസ് നടപടിക്കെതിരെയാണ് കെ സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്.
ദർശനത്തിന് പോകുന്ന ഏതൊരു ഭക്തനും പത്തോ ഇരുപതോ ദക്ഷിണ കൊടുക്കുമെന്നും, ഇതാണോ ഇത്ര വലിയ അഴിമതിയെന്നുമാണ് കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരിക്കുന്നത്. വലിയ ക്ഷേത്രങ്ങളിൽ ദേവസ്വം ബോർഡ് നടത്തുന്ന തട്ടിപ്പുകൾ കണ്ടുപിടിക്കാൻ ഒരു വിജിലൻസുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയിലെ കൊള്ളയ്ക്ക് വിജിലൻസുകാർ തന്നെയാണ് നേതൃത്വം നൽകുന്നതെന്നും, ബാർ കോഴ കേസും, മലബാർ സിമന്റ്സ് കേസും എഴുതിത്തള്ളിയ വിജിലൻസാണ് ഇരുപത് രൂപ ദക്ഷിണ വാങ്ങിയ പാവം നമ്പൂതിരിയുടെ ജീവിതം വഴിയാധാരം ആക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:- ''ചരട് ജപിച്ചുനൽകിയതിന് 20 രൂപ ദക്ഷിണവാങ്ങിയ ശാന്തിക്കാരനെ വിജിലൻസ് പിടികൂടി സസ്പെൻഡ് ചെയ്തിരിക്കുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് വിജിലൻസാണ് ഈ ധീരകൃത്യം നടത്തിയിരിക്കുന്നത്. ഭയങ്കര അഴിമതിയാണ് വിജിലൻസ് കയ്യോടെ പിടികൂടിയിരിക്കുന്നത്. കേരളത്തിൽ നടക്കുന്ന ഏററവും വലിയ അഴിമതിക്കാണ് പിണറായി സർക്കാർ അന്ത്യം കുറിച്ചിരിക്കുന്നത്. സർക്കാരിൻറെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി. നാണമുണ്ടോ വിജിലൻസുകാരെ നിങ്ങൾക്ക്.
ദർശനത്തിനുപോകുന്ന ഏതു ഭക്തനും പത്തോ ഇരുപതോ രൂപ ദക്ഷിണ കൊടുക്കും. ഇതാണോ ഇത്രവലിയ അഴിമതി? വലിയ വലിയ ക്ഷേത്രങ്ങളിൽ എന്തെല്ലാം വെട്ടിപ്പാണ് ദേവസ്വം ബോർഡുകൾ നടത്തുന്നത്. അതൊന്നും കണ്ടുപിടിക്കാൻ ഒരു വിജിലൻസുമില്ല. ശബരിമലയിലെ കൊള്ളക്ക് വിജിലൻസുകാർ തന്നെയാണ് നേതൃത്വം നൽകുന്നത്. ബാർ കോഴയും മലബാർ സിമൻറ്സ് കേസ്സും പാററൂർ ഭൂമിക്കേസ്സും ഇ. പി. ജയരാജൻ കേസ്സും കെ. ബാബുവിൻറെ കേസ്സും എഴുതിത്തള്ളുന്ന നാണം കെട്ട വിജിലൻസാണ് ഇരുപതു ഉറുപ്പിക ദക്ഷിണ വാങ്ങിയ പാവം നമ്പൂതിരിയുടെ ജീവിതം വഴിയാധാരമാക്കിയിരിക്കുന്നത്. ഈ വിജിലൻസ് ഉദ്യോഗസ്ഥരയൊക്കെ ചൂലു മൂത്രത്തിൽ മുക്കി അടിക്കുകയാണ് വേണ്ടത്. കള്ളനു കഞ്ഞിവെക്കുന്ന വൃത്തികെട്ട വിജിലൻസാണ് കേരളത്തിലുള്ളത്''.
കൂടുതൽ വാർത്തകൾ:












Click it and Unblock the Notifications