കോൺഗ്രസിനെ സഖ്യത്തിന് ക്ഷണിച്ച് സുരേന്ദ്രൻ ഇങ്ങനാണോ മുസ്ലീങ്ങളെ സംരക്ഷിക്കുന്നത്??
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടികൊലപ്പെടുത്തിയ
സംഭവത്തിൽ സപിഎം പറഞ്ഞ നുണകളെല്ലാം പൊളിഞ്ഞു. സംഭവത്തിൽ അഞ്ച് സിപിഎം
പ്രവർത്തകരെ പോലീസ് പിടികൂടി. വ്യക്തമായ പദ്ധതിയോടെയാണ് ഷുഹൈബിനെ
കൊന്നതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സി.പി.എം ജില്ലാ
സെക്രട്ടറി പി. ജയരാജൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരോടൊത്ത്
പിടിയിലായ പ്രതികൾ നിൽക്കുന്ന ഫോട്ടോകൾ പുറത്തായതോടെ സിപിഎം
പ്രതിരോധത്തിലായിട്ടുണ്ട്.
കണ്ണൂരിൽ സിപിഎം ആർഎസ്എസ് പ്രവർത്തകർ
തമ്മിലുള്ള കൊലപാതകങ്ങൾ അടുത്തിടെ വർദ്ധിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ്
പ്രവർത്തകൻ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ കണ്ണൂരില്‍ സിപിഎമ്മിനെതിരെ പോരാടാൻ
കോൺഗ്രസിനെ ക്ഷണിക്കുക കൂടി ചെയ്തിട്ടുണ്ട് ബിജെപി നേതാവ് കെ. സുരേന്ദ്രൻ.

കൊത്തി നുറുക്കി
വ്യക്തമായ പ്ലാനിങ്ങോടെയാണ് ഷുബൈബിനെ വെട്ടികൊലപ്പെടുത്തിയതെന്ന് കേസിൽ അറസ്റ്റിലായ പ്രതികൾ സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ അറസ്റ്റിലായ രണ്ട് പേർ ഷുഹൈബിനെ രണ്ട് ദിവസം പിന്തുടർന്ന ശേഷമായിരുന്നു കൊല നടത്തിയത്.

സിപിഎം നേതൃത്വത്തിന്റെ അറിവോടെ
എടയന്നൂരിൽ എസ്എഫ്‌ഐ പ്രവർത്തകരുമായി നേരത്തെ ഉണ്ടായ സംഘർഷവും അതിന്റെ തുടർച്ചയുമാണ് ഷുഹൈബിന്റെ കൊലപാതകമെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. എടയന്നൂരിൽ വെച്ച് തന്നെ ഷുഹൈബിനെ ആക്രമിക്കാൻ പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ അറിവോട് കൂടി തീരുമാനിച്ചിരുന്നുവെന്നും എന്നാൽ എടയന്നൂരിൽ ക്വട്ടേഷന് പറ്റിയ ആളുകൾ ഇല്ലാത്തതിനാൽ ആകാശ് തില്ലങ്കേരി അടക്കമുള്ളവരെ ഏൽപ്പിക്കുകയായിരുന്നുവെന്നും പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

കൊല്ലാൻ ഉദ്ദേശിച്ചില്ല
അതേസമയം ഷുഹൈബിന്റെ കാലുകൾ വെട്ടുക മാത്രമായിരുന്നു പ്രതികളുടെ ഉദ്ദേശം.
തട്ടുകടയിൽ ചായ കുടിക്കുന്നതിനിടെ ബോംബ് എറിഞ്ഞ് അക്രമ അന്തരീക്ഷം
സൃഷ്ടിച്ച് ഷുഹൈബിന്റെ കാലിന് 37 വെട്ട് വെട്ടുകയായിരുന്നു. എന്നാൽ
ഷുഹൈബിനെ ആസ്പത്രിയിൽ എത്തിക്കും മുമ്പ് ഷുഹൈബ് ചോര വാർന്ന്
മരിക്കുകയായിരുന്നു.

മുഖവിലക്കെടുത്തില്ല
നിലവിൽ അറസ്റ്റിലായ എം.വി ആകാശും രജിൻ രാജും ഡമ്മി പ്രതികളാണെന്ന ആരോപണം
ശക്തമാണ്. സി.പി.എം പ്രാദേശിക നേതാക്കൾക്കൊപ്പെമെത്തിയാണ് ഇരുവരും
പൊലീസിൽ കീഴടങ്ങിയത്. നേരത്തെ ആർ.എസ്.എസുകാരനെ കൊലപ്പെടുത്തിയ കേസിലും ഇരുവരും പ്രതികളാണ്. തങ്ങളാണ് ഷുഹൈബിനെ കൊന്നതെന്ന് ഇവർ കുറ്റസമ്മതം
നടത്തിയിട്ടും പൊലീസിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ ഇതു
മുഖവിലക്കെടുത്തിട്ടില്ല.

കോൺഗ്രസിനെ സഖ്യത്തിന് ക്ഷണിച്ച് സുരേന്ദ്രൻ
അതേസമയം സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായതിന് പിന്നാലെ കോണ്‍ഗ്രസിനെ സഖ്യത്തിന് ക്ഷണിച്ച് കെ സുരേന്ദ്രന്‍ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. കണ്ണൂരിൽ ആർ. എസ്. എസുകാരെ കൊല്ലുന്നതിന് സിപിഎം എപ്പോഴും പറയുന്ന ന്യായീകരണം സംഘപരിവാറിന്റ ആക്രമണഭീഷണിയിൽ നിന്ന് മുസ്ലീങ്ങളെ
സംരക്ഷിക്കാനാണ് ഞങ്ങൾ ആർ. എസ്. എസ്സിനെ നേരിടുന്നത് എന്നാണ്. എന്നാൽ ഈ
വാദഗതി എത്രമാത്രം പൊള്ളയാണെന്നുള്ളതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശുഹൈബ്
കൊലപാതകം. ഫസലിന്റെ കാര്യത്തിലും അരിയിൽ ഷുക്കൂറിന്റെ കാര്യത്തിലും
നാദാപുരത്തെ ലീഗ് പ്രവർത്തകന്റെ കൊലയിലും ഈ പൊള്ളത്തരം തെളിഞ്ഞുകാണാമെന്ന് സുരേന്ദ്രൻ കുറിച്ചു.

സിപിഎം വിപത്ത്
പാർട്ടി ഗ്രാമങ്ങളിൽ തങ്ങൾക്ക് ഭീഷണിയായി ആരുവന്നാലും തട്ടിക്കളയും
എന്നതാണ് സി. പി. എം രീതി. കൂടുതൽ ഇരകളാവുന്നത് ആർ. എസ്. എസ്സ് ആണെന്നു
മാത്രം. സി. പി. എം ഒരു സാമൂഹ്യവിരുദ്ധസംഘടനയാണ്. ഭീകരവാദികൾ
ചെയ്യുന്നതുതന്നെയാണ് സി. പി. എമ്മും ചെയ്യുന്നത്. ഇപ്പോഴത്തെ കെലപാതകത്തിനു പിന്നിലും ഉന്നതനേതാക്കൾ തന്നെയാണ്. ഗൂഡാലോചനക്കാരെ പിടിക്കാതെ കണ്ണൂർ ശാന്തമാവുകയില്ല. ആർ. എസ്. എസും സി. പി. എമ്മും ഒരുപോലെയാണെന്നുള്ള പതിവു പ്രചാരണം അവസാനിപ്പിക്കാൻ കോൺഗ്രസ്സ്
ഇനിയെങ്കിലും തയ്യാറാവണമെന്നും സുരേന്ദൻ ആവശ്യപ്പെട്ടു.

ആദ്യം രാഹുൽ ഗാന്ധിയെ പറഞ്ഞ് മനസിലാക്ക്
ആശയപരമായും നിയമപരമായും ഈ വിപത്തിനെ നേരിടാനാണ് ബിജെപി
ശ്രമിക്കുന്നത്. അതിന് പിന്തുണ നൽകാനാണ് കോൺഗ്രസ്സ് തയ്യാറാവേണ്ടത്. സിപിഎമ്മിനൊപ്പം കൂട്ടുകൂടാൻ ഓടി നടക്കുന്ന രാഹുൽഗാന്ധിയെ ആദ്യം ഇതു പറഞ്ഞുമനസ്സിലാക്കാനാണ് കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം
തയ്യാറാവേണ്ടതെന്നും സുരേന്ദ്രൻ കുറിച്ചു.

ബിജെപിക്കേ കഴിയൂ
സിപിഎം എന്ന വിപത്തിനെ എതിർത്തുതോൽപ്പിക്കാൻ ബി. ജെ. പിക്കുമാത്രമേ
കഴിയൂ. ത്രിപുര കാണിച്ചുതരുന്ന പാഠം അതാണ്. കോൺഗ്രസ്സ് അണികളും ചില
നേതാക്കളും ആ കാര്യം മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. രാജ് മോഹൻ
ഉണ്ണിത്താന്റെ വാക്കുകൾ അതാണ് കാണിക്കുന്നത്. സുധാകരന്റെ ശൗര്യം കണ്ണൂരിൽ
പണ്ടെപ്പോലെ ഫലിക്കുന്നില്ലെന്നുള്ളത് ഒരു പച്ച പരമാർത്ഥമാണെന്നും
സുരേന്ദ്രൻ ഫെയ്സ് ബുക്കിൽ കുറിച്ചു.