'എന്നാല്‍ ശോഭാ സുരേന്ദ്രന് അധ്യക്ഷയാവട്ടെ'; കോര്‍ കമ്മിറ്റി യോഗത്തില്‍ കെ സുരേന്ദ്രന് തിരിച്ചടി
കൊച്ചി: പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം നടത്തിയ ശോഭാ സുരേന്ദ്രനെതിരെ കോര്‍ കമ്മിറ്റി യോഗത്തില്‍ അച്ചടക്ക നടപടി സ്വീകരിപ്പിക്കാന് കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു കെ സുരേന്ദ്രന്. പരസ്യ വിമര്‍ശനത്തിന് പുറമെ തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്നതും ശോഭാ സുരേന്ദ്രനെതിരെ ആയുധമാക്കാനായിരുന്നു കെ സുരേന്ദ്രനെ അനുകൂലിക്കുന്നവരുടെ നീക്കം. എന്നാല്‍ കേന്ദ്ര നേതൃത്വം ശോഭാ സുരേന്ദ്രന് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ കനത്ത തിരിച്ചടിയാണ് കെ സുരേന്ദ്രന് ഉണ്ടായത്.

ശോഭാ സുരേന്ദ്രന്
തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിട്ടില്ല. ശോഭാ സുരേന്ദ്രന് പ്രചാരണത്തിന് ഇറങ്ങാതിരുന്നത് ഇതിന് പ്രധാനമായ കാരണമായെന്നാണ് കെ സുരേന്ദ്രന്റെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടേയും വിമര്‍ശനം. ഇതോടെ സുരേന്ദ്രന് രാജി വെച്ച് ശോഭ പ്രസിഡണ്ടാവട്ടെ എന്ന ആവശ്യം ഒരു വിഭാഗം ഉയര്‍ത്തി.

ബിജെപിക്ക് ലഭിച്ചത്
കെ സുരേന്ദ്രന്റെ നേതൃത്വത്തിനെതിരെ യോഗത്തില്‍ നിശിതമായ വിമര്‍ശനമാണ് ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ നടത്തിയത്. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച അവസരമായിരുന്നു ബിജെപിക്ക് ലഭിച്ചത്. അത് അത് മുതലെടുത്ത് മികച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചില്ല. ഒരു കേന്ദ്രമന്ത്രിയും മൂന്ന് എംപിമാരും കേരളത്തിലുണ്ടായിട്ടും നല്ല ഫലമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ചര്‍ച്ച ചെയ്യണമെന്നും ശോഭാ പക്ഷം പറഞ്ഞു.

കെ സുരേന്ദ്രന് ഉത്തരമില്ല
സംസ്ഥാന പ്രസിഡന്റ് പദവി വഹിക്കുന്നവര്‍ക്ക് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വ്യക്തിവിരോധം പാടില്ലെന്നും ശോഭയെ പ്രവര്‍ത്തന രംഗത്ത് നിന്നും മാറ്റി നിര്‍ത്തിയത് എന്തിനാണെന്നും മറുവിഭാഗം ചോദിച്ചു. തിരഞ്ഞെടുപ്പിലും അതിന് മുമ്പും അവര്‍ക്ക് എന്ത് ചുമതലയായിരുന്നു പാര്‍ട്ടി നല്‍കിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ പ്രചാരണം നടത്തുന്ന നേതാക്കളുടെ പട്ടികയില്‍ ശോഭ സുരേന്ദ്രനെ ഉള്പ്പെടുത്തിയിരുന്നോയെന്ന ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം കെ സുരേന്ദ്രന് ഉണ്ടായിരുന്നില്ല.

ഒറ്റക്കെട്ടായി
കെ സുരേന്ദ്രനും വി മുരളീധരനും എതിരെ കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രന് അനുകൂലികളും ഒറ്റക്കെട്ടായി രംഗത്ത് വരികയും ചെയ്തു. ഇരുവരും തീരുമാനങ്ങള്‍ പാര്‍ട്ടിയില്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും മറുവിഭാഗം പറഞ്ഞു. ശോഭാ സുരേന്ദ്രനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നായിരുന്നു കെ സുരേന്ദ്രന് പക്ഷത്തിന്റെ ആവശ്യം. മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ഇതിനെ പിന്താങ്ങുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അച്ചടക്ക നടപടിയില്ല
എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിരോധമാണ് പി കെ കൃഷ്ണദാസ് പക്ഷം സ്വീകരിച്ചത്. കേന്ദ്ര നേതൃത്വവും ശോഭാ സുരേന്ദ്രന് അനുകുലമായ നിലപാട് സ്വീകരിച്ചതോടെ അച്ചടക്ക നടപടി സ്വീകരിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുകയായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണന് കൂടി ശോഭാ സുരേന്ദ്രന് അനുകൂലമായി സംസാരിച്ചതോടെ സുരേന്ദ്രന് പക്ഷം വലിയ പ്രതിരോധം തീര്‍ക്കാനും പോയില്ല.

ഇരുവിഭാഗങ്ങളും
ഇരുവിഭാഗങ്ങളും പരസ്പരും ആരോപണങ്ങള്‍ ശക്തമാക്കിയതോടെ സംഘടന സംവിധാനത്തെ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ കെ സുരേന്ദ്രന് കൂടുതല്‍ ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശമാണ് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് മുന്നാലെ വെച്ചത്. ശോഭാ സുരേന്ദ്രനെ എത്രയും പെട്ടെന്ന് പാര്‍ട്ടിയില്‍ സജീവമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുമെന്നും സിപി രാധാകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു.

ശോഭയ്ക്ക് പിന്തുണ
വ്യക്തിപരമായ കാരണങ്ങളാല്‍ നേതാക്കള്‍ ഏതെങ്കിലും ഒരു തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ വിവാദമാക്കേണ്ട കാര്യമില്ലെന്നും സിപി രാധാകൃഷ്ണന് പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ കോര്‍ കമ്മിറ്റിയില്‍ കൈക്കൊണ്ടു. തയ്യാറെടുപ്പിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി യോഗം 11 ന് തൃശൂരില്‍ നടക്കുമെന്നും സിപി രാധാകൃഷ്ണന് പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍
ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കാന്‍ കഴിഞ്ഞത്. മറ്റ് രണ്ട് മുന്നണികളേക്കാളും എന്‍ഡിഎയ്ക്കാണ് കൂടുതല്‍ ജനപിന്തുണ ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 4 ശതമാനം വോട്ട് കൂടി എന്നതിനോടൊപ്പം സീറ്റുകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായി. നിസ്സാര വോട്ടുകള്‍ക്കാണ് ഒട്ടേറെ സീറ്റുകള്‍ നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം നേടിയത്
ഇടതുപക്ഷം നേടിയത് ഒരു ചെറിയ വിജയം മാത്രമാണ്. അത് ഒരിക്കലും സര്‍ക്കാറിന്റെ നെറികേടുകള്‍ക്കുള്ള അംഗീകാരമല്ല. കുറച്ച് സീറ്റുകള്‍ വര്‍ധിപ്പിക്കുക എന്നതല്ല കേരളത്തിന്റെ ഭരണം പിടിച്ചെടുക്കുക എന്നതാണ്. പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്, ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.