'സന്ദീപ് വാര്യരെ മുറുകെ പിടിക്കണം, സ്നേഹത്തിന്റെ കടയിൽ വലിയ വലിയ കസേരകൾ ലഭിക്കട്ടെ'; പരിഹസിച്ച് കെ സുരേന്ദ്രൻ
പാലക്കാട്: സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം ഒരു തരത്തിലും തിരഞ്ഞെടുപ്പിലോ ബി ജെ പിക്ക് അകത്തോ ഒരു ചലനവും ഉണ്ടാക്കാൻ പോകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കസേര കിട്ടിയില്ലെന്ന് പറഞ്ഞാണ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയിരിക്കുന്നത്. സ്നേഹത്തിന്റെ കടയിൽ സന്ദീപ് വാര്യർക്ക് വലിയ കസേരകൾ കിട്ടട്ടേയെന്ന് ആശംസിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കോൺഗ്രസിൽ ചേരാൻ തിരഞ്ഞെടുത്ത ദിവസം വളരെ പ്രധാനപ്പെട്ടതാണ്. വി ഡി സതീശൻ ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും കൊലയാളികളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേദിവസം തന്നെയാണ് സന്ദീപിനെ കോൺഗ്രസിൽ ചേർത്തത്. പാലക്കാട്ടെ വോട്ടർമാർക്ക് അത് ശരിയായ രീതിയിൽ ഉൾക്കൊള്ളാൻ കഴിയുമെന്ന് താൻ വിചാരിക്കുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സന്ദീപിനെതിരെ നേരത്തെയും പാർട്ടി നടപടിയെടുത്തതാണെന്നും ആ നടപടി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതുകൊണ്ടായിരുന്നില്ലെന്നും ആ നടപടിയുടെ കാര്യങ്ങൾ താൻ അന്ന് പുറത്ത് പറയാതിരുന്നത് ഒരു രാഷ്ട്രീയ പാർട്ടി പുലർത്തേണ്ട സാമന്യ മര്യാദയുടെ പേരിൽ മാത്രമായിരുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വി ഡി സതീശനും സുധാകരനും എല്ലാ ആശംസകളും നേരുകയാണ്. സന്ദീപ് വാര്യർ കോൺഗ്രസിൽ നീണാൾ വാഴട്ടെ എന്ന് ആശംസിക്കുന്നു. സന്ദീപ് വാര്യരെ മുറുകെ പിടിക്കാൻ ഞാൻ സതീശനോടും സുധാകരനോടും വീണ്ടും വീണ്ടും അഭ്യർത്ഥിക്കുകയാണ്. സന്ദീപ് വാര്യരുടെ കൈ ഉറപ്പിച്ചുപിടിക്കണം, സുരേന്ദ്രൻ പറഞ്ഞു.
സന്ദീപ് വാര്യർക്കെതിരെ എന്തിനാണ് നടപടി എടുത്തതെന്ന് അന്നും ഇന്നും പറയാത്തതിന്റെ കാരണം അത്തരം കാര്യങ്ങൾ പൊതു സമൂഹത്തിന് മുൻപിൽ പറയുന്നത് ഒരു രാഷ്ട്രീയ പാർട്ടിക്കും ചേർന്ന നടപടി അല്ലാത്തത് കൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു. സന്ദീപ് വാര്യർ കോൺഗ്രസിൽ പോയത് തിരഞ്ഞെടുപ്പിനെയോ ബി ജെ പിയേയോ ബാധിക്കുന്ന വിഷയമല്ലെന്നും ഇത് പ്രതികരിക്കേണ്ട വിഷയം പോലുമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയം മണക്കുന്നു. കോൺഗ്രസ് തകർന്ന് തരിപ്പണമാകും. കോൺഗ്രസ് ഈ കാര്യങ്ങൾ ഒക്കെ ശരിയായി
ശരിയായി മനസ്സിലാക്കി വരുമ്പോഴേക്കും അവർക്ക് കാര്യങ്ങൾ മനസ്സിലാകും. സതീശനും സുധാകരനും എല്ലാ ആശംസകളും നൽകുന്നു. സന്ദീപ് വാര്യരെ മുറുകെ പിടിക്കണം സ്നേഹത്തിന്റെ കടയിൽ വലിയ വലിയ കസേരകൾ ലഭിക്കട്ടെ, സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications