കെ സുരേന്ദ്രൻ നിരപരാധിയല്ല, അന്വേഷണം അട്ടിമറിച്ചത് സിപിഎം-ബിജെപി കൂട്ടുകെട്ട്'; വിഡി സതീശൻ
കൊടകര കുഴൽപ്പണ കേസിൽ കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിരപരാധിയാണെന്ന ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ വാദം പൂർണ്ണമായും തെറ്റാണ്. 41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംസ്ഥാനത്തേക്ക് കൊണ്ടുവന്നു എന്നും കള്ളപ്പണം കൊണ്ടുവരാൻ നിർദ്ദേശിച്ചത് കെ സുരേന്ദ്രൻ ആണെന്നും കേരള പോലീസിൻ്റെ ആദ്യ അന്വേഷണത്തിൽ തന്നെ വ്യക്തമായതാണ്. എന്നിട്ടും കള്ളപ്പണ ഇടപാടിൽ കേസെടുക്കാൻ ഇഡി തയ്യാറായില്ല എന്നത് വിസ്മയിപ്പിക്കുന്നതാണെന്നും വിഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു.
എത് ആരോപണം വന്നാലും അതിന് പിന്നാലെ പായുന്ന ഇഡി , കൊടകര കുഴൽപ്പണ കേസിൽ പൂർണ്ണ നിശബ്ദത പാലിച്ചു. അന്വേഷണത്തിനായി സമ്മർദ്ധം ചെലുത്താൻ സംസ്ഥാന സർക്കാർ തയ്യാറായതുമില്ല . തിരൂർ സതീഷിൻ്റെ വെളിപ്പെടുത്തലിന് മുൻപ് തന്നെ 41 കോടി 40 ലക്ഷം രൂപയുടെ കളളപ്പണ ഇടപാടിനെ കുറിച്ച് പോലീസിന് അറിയാമായിരുന്നു. സി പി എം- ബി ജെ പി അവിശുദ്ധ കൂട്ടുകെട്ടിൻ്റെയും ഗൂഢാലോചനയുടേയും ഭാഗമായി അന്വേഷണം പ്രഹസനമായി. പരസ്പര സഹായ സഹകരണ സംഘമായി സി പി എമ്മും ബി ജെ പിയും പ്രവർത്തിച്ചുവെന്നും സതീശൻ കുറ്റപ്പെടുത്തി.

പിണറായി വിജയന് കേരള ബി ജെ പി യിൽ എത്രമാത്രം സ്വാധീനമുണ്ട് എന്നതിൻ്റെ തെളിവാണ് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ്റെ ഇന്നത്തെ ആരോപണങ്ങൾ വ്യക്തമാക്കുന്നതെന്നും സതീശൻ വിമർശിച്ചു. ശോഭ സുരേന്ദ്രൻ രാഷ്ട്രീയത്തിൽ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവരിൽ പ്രധാനി പിണറായി വിജയൻ ആണ് എന്നാണ് അവരുടെ ആരോപണം. കേരളത്തിലെ ബി ജെ പി നേതൃത്വം പിണറായി വിജയനുമായി ചേർന്ന് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന പരോക്ഷ ആരോപണമാണ് ശോഭ സുരേന്ദ്രൻ ഉന്നയിക്കുന്നത്. സി പി എം-ബി ജെ പി അവിശുദ്ധ കൂട്ടുകെട്ട് എവിടെ എത്തി നിൽക്കുന്നു എന്നതിന് തെളിവാണ് ശോഭ സുരേന്ദ്രൻ്റെ വാക്കുകൾ. ഇത്രയും ദുഷിച്ച രാഷ്ട്രീയ ബന്ധത്തിന് ഉപതിരഞ്ഞെടുപ്പുകളിൽ ജനം മറുപടി നൽകുമെന്നും വി ഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു.












Click it and Unblock the Notifications