കെ മുരളീധരനെ സുഖിപ്പിച്ച് കെ സുരേന്ദ്രന്‍! നട്ടെല്ലുള്ള നേതാവെന്ന്... പക്ഷേ, നേമത്ത് ബിജെപി- സിപിഎം മത്സരം
ദില്ലി: കെ മുരളീധരനെ നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചേക്കുമെന്ന വാര്‍ത്തയ്ക്ക് പിറകെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെ മുരളീധരനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത് എന്നതാണ് പ്രത്യേകത.
കെ മുരളീധരന്‍ നട്ടെല്ലുള്ള നേതാവാണ് എന്നാണ് സുരേന്ദ്രന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പുതുപ്പള്ളിയില്‍ ഉണ്ടായ സംഭവങ്ങളെ നാടകം എന്നാണ് സുരേന്ദ്രന്‍ വിശേഷിപ്പിച്ചത്. വിശദാംശങ്ങള്‍...
മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

കെ മുരളീധരന്‍ നേമത്ത്?
നേമത്ത് കോണ്‍ഗ്രസ് ആദ്യം പരിഗണിച്ച പേരുകളില്‍ ഒന്ന് കെ മുരളീധരന്റേതായിരുന്നു. എന്നാല്‍ പിന്നീട് ആ ചര്‍ച്ചകള്‍ പലവഴിയ്ക്ക് പിരിഞ്ഞു. ഏറ്റവും ഒടുവില്‍ ഹൈക്കമാന്‍ഡ് വീണ്ടും മുരളീധരനെ പരിഗണിക്കുന്നു എന്നാണ് വാര്‍ത്തകള്‍. കെ മുരളീധരനെ ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടും ഉണ്ട്.

നട്ടെല്ലുള്ള നേതാവ്
മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായപ്പോള്‍ തന്നെയാണ് സുരേന്ദ്രന്റെ പ്രതികരണവും. കെ മുരളീധരന്‍ നട്ടെല്ലുള്ള നേതാവാണ് എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ഒരു പ്രശംസയാണ് പലരേയും അത്ഭുതപ്പെടുത്തുന്നത്.

മുഖ്യമന്ത്രി പദത്തിനുള്ള പോര്
കേരളത്തിലെ കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും ഇടയിലുള്ള മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാണ് ഇപ്പോള്‍ കാണുന്നത് എന്നും സുരേന്ദ്രന്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ നടന്നത് നാടകമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സിപിഎം- ബിജെപി പോരാട്ടം
നേമത്ത് ആര് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വന്നാലും അത് പ്രശ്‌നമല്ലെന്നാണ് സുരേന്ദ്രന്റെ പക്ഷം. തങ്ങളുടെ ഏക സിറ്റിങ് മണ്ഡലമായ നേമത്ത് നടക്കുക സിപിഎം- ബിജെപി മത്സരം മാത്രമാണെന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും എല്ലാം നേമത്ത് ബിജെപിയ്ക്ക് തന്നെ ആയിരുന്നു ലീഡ്.

എപ്പോള്‍ വരും സ്ഥാനാര്‍ത്ഥി പട്ടിക
ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇതുവരെ പുറത്ത് വന്നിട്ടില്ല. 115 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ധാരണയായിട്ടുണ്ട് എന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുള്ളത്. ധാരണയായ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ മാര്‍ച്ച് 14 ന് പ്രഖ്യാപിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികള്‍
ബിജെപി ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുമെന്ന സൂചനയാണ് കെ സുരേന്ദ്രന്‍ നല്‍കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന് വ്യക്തമായതിന് ശേഷം ആയിരിക്കും ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക എന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുള്ളത്. നേമം സീറ്റില്‍ ആരായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥി എന്നത് അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും എന്നത് തന്നെയാണ് സുരേന്ദ്രന്‍ നല്‍കുന്ന സൂചന.
കറുപ്പിന് ഏഴഴക്; കറുപ്പില്‍ തിളങ്ങി ചാര്‍മി കൗര്‍-ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications