സിപിഎമ്മുകാർ ചൈനീസ് ചാരന്മാരോ? ഫ്ളാഗ് കോഡ് തിരുത്താന്‍ പിണറായി ആര്? വിമർശനവുമായി കെ സുരേന്ദ്രൻ!
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. മോഹൻ ഭാഗവത് ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട വിവാദത്തിനാണ് കെ സുരേന്ദ്രന്റെ മറുപടി. ദേശീയ പതാക ഉയര്‍ത്തുന്നത് പൗരന്റെ അവകാശമാണ്. ഇതു നിഷേധിക്കാന്‍ പിണറായി വിജയന്റെ സര്‍ക്കാരിനു അവകാശമില്ലെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതു കൊണ്ട് ചൈനീസ് ചാരന്‍മാരുടെ കരിനിയമങ്ങള്‍ക്ക് ദേശസ്‌നേഹികള്‍ പുല്ലുവില കല്‍പ്പിക്കുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഭരണഘടനയുടെ അനുഛേദം 19(1)(a )പ്രകാരം സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ളിക് ദിനത്തിലും ഇന്ത്യയിലെ ഏതു പൗരനും പൊതുസ്ഥലങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, മററു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയപതാക ഉയർത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഫ്ലാഗ് കോഡ് തിരുത്താൻ പിണറായിക്ക് അവകാശമില്ല
2004 ൽ സുപ്രീംകോടതി ഇത് പൗരൻറെ മൗലികാവകാശമാണെന്ന് അസന്നിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. ദേശീയപതാകയോടുള്ള ആദരവും പവിത്രതയും കാത്തുസൂക്ഷിച്ചുകൊണ്ടുവേണമെന്ന് നിർബന്ധമുണ്ടെന്ന് മാത്രം. ഫ്ളാഗ് കോഡ് തിരുത്താനുള്ള ഒരു അവകാശവും പിണറായി വിജയനില്ലെന്ന് കെ സുരേന്ദ്രൻ പറയുന്നു.

ചൈനീസ് ചാരന്മാർ
അതനുസരിക്കാനുള്ള ഒരു ബാധ്യതയും പൗരന്മാർക്കുമില്ല. പിണറായി വിജയൻറെ ഈ ഇണ്ടാസിന് ഉപ്പുപൊതിയുന്ന കടലാസ്സിന്റെ വിലപോലും ഞങ്ങൾ കൽപ്പിക്കുന്നുമില്ല. ചൈനീസ് ചാരൻമാരുടെ കരിനിയമങ്ങൾക്ക് ദേശസ്നേഹികൾ പുല്ലുവില കൽപ്പിക്കുന്നില്ല. കേരളം ഒരു പ്രത്യേകരാജ്യമാണെന്ന് പിണറായി കരുതുന്നുണ്ടെങ്കിൽ അതംഗീകരിച്ചുകൊടുക്കാൻ മനസ്സില്ലെന്നു പറഞ്ഞുകൊള്ളുന്നുവെന്നും സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

കഴിഞ്ഞ വർഷം പതാക ഉയർത്തിയത് വിവാദമായി
നേരെത്ത ഈ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പതാക ഉയര്‍ത്തുമെന്ന് ആര്‍എസ്എസ് തലവന്‍ മോാഹന്‍ ഭാഗവത് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം അദ്ദേഹം പാലക്കാട് ഒരു സ്കൂളിൽ പതായ ഉയർത്തിയത് വൻ വിവാദമായിരുന്നു. ഇതിനെതിരെ സിപിഎം പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിരുന്നു.
സർക്കാർ സർക്കുലർ
ഈ വർഷവും പതാകയുയർത്തുമെന്ന് മോഹൻ ഭഗത് പറഞ്ഞതിനെ തുടർന്ന് ഇതു തടയാനായി റിപ്പബ്ലിക് ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തേണ്ടത് സ്ഥാപന മേധാവികള്‍ മാത്രമായിരിക്കണമെന്ന് സൂചിപ്പിച്ച് കേരള സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കെ. സുരേന്ദ്രന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്.












Click it and Unblock the Notifications