ഇന്ധനവില വര്‍ദ്ധനവ് വെറും അഞ്ച് ശതമാനം; പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്ന് കെ സുരേന്ദ്രന്‍
കൊച്ചി: ഇന്ധനവില വര്‍ദ്ധനവിന്റെ പേരില്‍ രാജ്യത്ത് തെറ്റിദ്ധാരണ പരത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ക്രൂഡ് ഉത്പാദക രാജ്യങ്ങളില്‍ നിന്ന് ഇന്ധനത്തിന് 50 ശതമാനത്തോളമാണ് വില കൂട്ടിയത്. രാജ്യത്ത് ഇപ്പോഴത്തെ വില വര്‍ദ്ധനവ് വെറും അഞ്ച് ശതമാനത്തോളം മാത്രമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചിയില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികള്‍ക്കും ജില്ലാ പരിശീലന ശിബിരങ്ങളില്‍ ക്ലാസ്സുകള്‍ എടുക്കുന്നവര്‍ക്കുമായി സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ഏകദിന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ ഇത്തവണ ത്രികോണ മത്സരമുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിലും സി പി എമ്മിലും സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കങ്ങളുണ്ട്. കെ വി തോമസിനെ പോലുള്ളവരെ പരിഗണിക്കുന്നതില്‍ സി എമ്മില്‍ അതൃപ്തിയുണ്ട്. തൃക്കാക്കരയില്‍ ബി ജെ പിക്ക് ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബി ജെ പി അടിസ്ഥാന വര്‍ഗത്തിന്റെ പാര്‍ട്ടിയല്ലെന്ന് സ്ഥാപിക്കാന്‍ സി പി എം ശ്രമിക്കുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടി കോണ്‍ഗ്രസിലും അത് ആവര്‍ത്തിക്കുകയാണ് ചെയ്തത്. സവര്‍ണരും മുതലാളികളോടും ചേര്‍ന്ന് നില്‍ക്കുന്ന പാര്‍ട്ടിയാണ് സി പി എമ്മും അവരുടെ നേതാക്കളും. പട്ടിക ജാതിക്കാര്‍ക്കും പാരവപ്പെട്ടവര്‍ക്കുമായി പ്രവര്‍ത്തിക്കുന്നു എന്നാണ് പ്രചാരണമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം അടിസ്ഥാന ആശയങ്ങളില്‍ വെള്ളം ചേര്‍ത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ചയുടെ ലക്ഷണങ്ങളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കണ്ടത്. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയെന്ന് അകാശപ്പെടുന്നവര്‍ ഇപ്പോഴാണ് പോളിറ്റ് ബ്യൂറോയില്‍ ഒരു ദളിതനെ ഉള്‍പ്പെടുത്തിയതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭരിക്കുന്ന ബി ജെ പി സര്‍ക്കാരുകള്‍ പാര്‍ട്ടിയുടെ ആശയമായ ഏകാത്മ മാനവവാദത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സാമ്പത്തികനയങ്ങളാണെങ്കിലും സാമൂഹ്യക്ഷേമപദ്ധതികളാണെങ്കിലും ബി ജെ പി സര്‍ക്കാരുകള്‍ അടിസ്ഥാന ആശയത്തില്‍ ഉറച്ചു നില്‍ക്കും. പ്രത്യയശാസ്ത്രത്തില്‍ നിന്നും ഒട്ടും തന്നെ വ്യതിചലിക്കാതെ പദ്ധതികള്‍ നടപ്പില്‍ വരുത്തും.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ 23- ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് ആ പാര്‍ട്ടി അവരുടെ അടിസ്ഥാനാശയങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വ്യതിചലിച്ചു എന്നതാണ്. തൊഴിലാളിവര്‍ഗ്ഗ താല്‍പര്യം സംരക്ഷിക്കും എന്ന് അവകാശപ്പെടുന്ന ആ പാര്‍ട്ടി ഭരണം നടത്തുന്നത് ആ താല്‍പര്യത്തിന് എതിരായിട്ടാണ്.

പട്ടികജാതി / പട്ടികവര്‍ഗ വിഭാഗങ്ങളെ അവഗണിക്കുന്ന സര്‍ക്കാരിനാണ് സി പി എം നേതൃത്വം നല്‍കുന്നത്. ഏറ്റവും കൂടുതല്‍ ദളിത് പീഡനങ്ങളും ആദിവാസി ശിശുമരണങ്ങളും നടക്കുന്ന സംസ്ഥാനമായി കേരളം മാറി. ആദിവാസി ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക വകമാറ്റുകയോ അടിച്ചു മാറ്റുകയോ ചെയ്യുന്നു. എന്നിട്ടും ആദിവാസി ക്ഷേമം പറയുന്നത് ശുദ്ധ കാപട്യമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications