ശബരിമല ശാന്തമാണ്.. അത് നശിപ്പിക്കാനാണോ അങ്ങോട്ട് പോകുന്നത്? കെ സുരേന്ദ്രനോട് ഹൈക്കോടതി
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരായ സമരം സംഘപരിവാര്‍ സംഘടനകള്‍ സന്നിധാനത്ത് നിന്നും സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയതോടെ ശബരിമല സമാധാനപൂര്‍ണമാണ്. ശബരിമലയുടെ പേരില്‍ തെരുവില്‍ അക്രമം നടത്തിയവരെ നാടിളക്കി പോലീസ് പിടികൂടാനിറങ്ങിയതോടെ കേരളവും ശാന്തമാണ്.
അതിനിടെ വീണ്ടും ശബരിമലയിലേക്ക് പോകാനൊരുങ്ങുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. അനുമതി തേടി കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ശബരിമലയിലെ സമാധാനം തകര്‍ക്കാനാണോ പോകുന്നത് എന്നാണ് ഹൈക്കോടതി സുരേന്ദ്രനോട് ചോദിച്ചിരിക്കുന്നത്.

സുരേന്ദ്രന്റെ അറസ്റ്റ്
ശബരിമല സമരത്തിന്റെ തുടക്ക നാളുകളില്‍ സന്നിധാനം സംഘര്‍ഷ ഭരിതമായിരുന്നു. കെ സുരേന്ദ്രന്‍ അടക്കമുളള നേതാക്കള്‍ സന്നിധാനത്ത് തമ്പടിച്ച് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. എന്നാല്‍ മണ്ഡല കാലത്ത് കളി മാറി. നേതാക്കളെ പോലീസ് സന്നിധാനത്തേക്ക് അടുപ്പിച്ചില്ല. ശബരിമലയിലേക്ക് പോകാന്‍ എത്തിയ സുരേന്ദ്രനെ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചതിനാണ് എസ്പി യതീഷ് ചന്ദ്ര അറസ്റ്റ് ചെയ്തത്.

23 ദിവസം അഴിയെണ്ണി
തുടര്‍ന്ന് പോലീസ് മര്‍ദ്ദനം, ഇരുമുടിക്കെട്ട് ചവിട്ടല്‍ അടക്കമുളള നാടകങ്ങള്‍ കെ സുരേന്ദ്രന്‍ പരീക്ഷിച്ചുവെങ്കിലും ഒന്നും ഏറ്റില്ല. തുടര്‍ന്ന് ചിത്തിര ആട്ടവിശേഷത്തിന് എത്തിയ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചത് അടക്കമുളള അക്രമങ്ങളുടെ ഗൂഢാലോചനക്കുറ്റം ചുമത്തി സുരേന്ദ്രനെ പോലീസ് പൂട്ടി. 23 ദിവസം ജാമ്യമില്ലാതെ കെ സുരേന്ദ്രന്‍ അഴിയെണ്ണി കിടന്നു.

വീണ്ടും ഹൈക്കോടതിയിൽ
ഒടുവില്‍ കെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ ആണ്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്നതടക്കമാണ് ഉപാധി. ഇത് പ്രകാരം സുരേന്ദ്രന് ശബരിമലയില്‍ പോകാന്‍ സാധിക്കില്ല. എന്നാല്‍ താന്‍ കെട്ട് നിറച്ചിട്ടുണ്ടെന്നും മകരവിളക്ക് ദര്‍ശനത്തിന് ശബരിമലയില്‍ പോകാന്‍ ഇളവ് അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

നശിപ്പിക്കാനാണോ പോകുന്നത്
എന്നാല്‍ ഈ സീസണില്‍ തന്നെ ശബരിമലയില്‍ പോകണമെന്ന് നിര്‍ബന്ധമുണ്ടോ എന്ന് കോടതി ആരാഞ്ഞു. ഏതെങ്കിലും ഒന്നാം തിയ്യതി ദര്‍ശനം നടത്തിയാല്‍ മതിയാകില്ലേ എന്നും കോടതി ചോദിച്ചു. ശബരിമലയില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണ് എന്നും അത് നശിപ്പിക്കാനാണോ പോകുന്നത് എന്നും കോടതി സുരേന്ദ്രനോട് ചോദിച്ചു. ജസ്റ്റിസ് രാജാ വിജയന്‍ വാക്കാലാണ് ഈ ചോദ്യം ചോദിച്ചത്.

എതിർപ്പുമായി പ്രോസിക്യൂഷൻ
അതേസമയം കെ സുരേന്ദ്രന് ശബരിമലയില്‍ പോകാനുളള അനുമതി നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഈ സീസണില്‍ കെ സുരേന്ദ്രനെ പ്രവേശിപ്പിക്കരുതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനായ ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി ആവശ്യപ്പെട്ടു. ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുളള ബോധപൂര്‍വ്വമായ ശ്രമം പ്രതി നടത്തുന്നുവെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. സുരേന്ദ്രന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി.












Click it and Unblock the Notifications