വിദ്യ എവിടെ? അറിയില്ലെന്ന് പൊലീസ്: മഹാരാജാസ് കോളേജില്‍ തെളിവെടുപ്പ്, സീലും ഒപ്പും വ്യാജം
കൊച്ചി: വ്യാജ രേഖ കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരായ അന്വേഷണം ശക്തമാക്കി പൊലീസ്. അഗളിയില്‍ നിന്നുള്ള പൊലീസ് സംഘം മഹാരാജാസ് കോളേജിലെത്തി തെളിവെടുപ്പ് നടത്തി. മഹാരാജാസ് കോളേജിൽ അധ്യാപന പരിചയമുണ്ടെന്ന് അവകാശപ്പെടുന്ന വ്യാജരേഖ സൃഷ്ടിച്ചായിരുന്നു വിദ്യയുടെ തട്ടിപ്പ്. ഡിവൈഎസ്പി എന്‍ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിയിരിക്കുന്നത്.
വൈസ് പ്രിൻസിപ്പൽ, മുൻ വൈസ് പ്രിൻസിപ്പൽ ജയ മോൾ, മലയാളം വിഭാഗം അദ്ധ്യാപകൻ മുരളി എന്നിവരുടെ മൊഴി രേഖപ്പെടുത്തി. അതേസമയം വിദ്യ എവിടെയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണം ശക്തമായ രീതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മഹാരാജാസ് ഉള്‍പ്പടെ നാല് സ്ഥലത്താണ് ഇന്ന് പരിശോധന നടക്കുന്നത്. വിദ്യയുടെ രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫാണ്. കേസ് അന്വേഷണം സജീവമല്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഡിവൈഎസ്പി എന്‍ മുരളീധരന്‍ പറഞ്ഞു.

വിദ്യയുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വ്യാജമാണെന്നതില്‍ സംശയമില്ലെന്ന് കോളേജ് വെസ് പ്രിൻസിപ്പൽ ബിന്ദു ഷർമിളയും അറിയിച്ചു. പൊലീസ് സംഘത്തിന് മൊഴി നല്‍കിയതിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. അന്വേഷണ സംഘവുമായി മികച്ച രീതിയില്‍ സഹകരിച്ചാണ് മുന്നോട്ട് പോവുന്നത്. വിദ്യ സമർപ്പിച്ച രേഖയിലെ സെക്ഷൻ നമ്പർ തെറ്റാണ്. സർട്ടിഫിക്കറ്റിലെ എംബ്ലം മഹാരാജാസ് കോളേജ് നിന്നും ഇഷ്യൂ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമാണെന്നും വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
മഹാരാജാസ് കോളേജില്‍ കഴിഞ്ഞ പത്ത് വർഷമായി മലയാളം വിഭാഗത്തില്‍ ഗസ്റ്റ് ലക്ചർ നിയമനം നടന്നിട്ടില്ല. അതുകൊണ്ട് തന്നെ അത്തരമൊരു എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഇവിടെ നിന്നും അനുവദിച്ചിട്ടില്ല. ഒരു സ്കോളർഷിപ്പിനായി നൽകിയ സർട്ടിഫിക്കറ്റിലെ ഒപ്പും സീലും ഉപയോഗിച്ചാണ് വിദ്യ വ്യാജ രേഖയുണ്ടാക്കിയതെന്നാണ് സംശയിക്കുന്നതെന്നും വൈസ് പ്രിൻസിപ്പൽ ബിന്ദു ഷർമിള പറഞ്ഞു.
മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നൽകി, 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ കരിന്തളം ഗവ കോളേജില്‍ ഗസ്റ്റ് ലക്ചററായി വിദ്യ ജോലി ചെയ്തതിരുന്നു. ഇവിടേയും പൊലീസ് അന്വേഷണം നടത്തും. അതേസമയം, വിദ്യ വ്യാജ രേഖ സമർപ്പിച്ച് ജേലി നേടാന്‍ ശ്രമിച്ച അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. അഗളി സി ഐ കോളേജിൽ നേരിട്ട് എത്തിയാകും മൊഴിയെടുക്കുക. ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നവരിൽ നിന്നും പൊലീസ് വിവരം ശേഖരിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications