കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ഫണ്ടെന്ന് അലമുറയിടേണ്ട.. അങ്ങനെയൊന്നില്ലെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: വര്‍ഷങ്ങളോളം കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ട് ബിജെപി കേരളത്തില്‍ കിട്ടിയ ഒരു എംഎല്‍എയാണ് ഒ രാജഗോപാല്‍. നിയമസഭയില്‍ ബിജെപിയുടെ ശബ്ദമാകാന്‍ സാധിച്ചിട്ടും വാ തുറന്നാല്‍ ട്രോളുകള്‍ക്ക് ഇരയാകാനാണ് ഒ രാജഗോപാലിന്റെ വിധി.

ഇത് മൂന്നാം തവണയാണ് മണ്ടന്‍ ചോദ്യങ്ങളുടെ പേരില്‍ രാജഗോപാല്‍ എംഎല്‍എ നിയമസഭയില്‍ നാണം കെടുന്നത്. നേരത്തെ ലാവ്‌ലിന്‍ കേസിനെക്കുറിച്ചും ന്യൂനപക്ഷ വിധവകളെ കുറിച്ചുമുള്ള ചോദ്യങ്ങളാണ് രാജഗോപാലിനെ നാണം കെടുത്തിയത് എങ്കില്‍ ഇത്തവണ അത് സഹകരണ മേഖലയാണ് എന്ന വ്യത്യാസമേ ഉള്ളൂ. ചോദ്യത്തിന് കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ ഉത്തരം വൈറലായതോടെ ട്രോളന്മാര്‍ക്ക് ചാകരയായി. എന്നാല്‍ രാജഗോപാലിനെ ന്യായീകരിച്ചും പ്രചാരണം നടക്കുന്നുണ്ട്. അതിന് കടകംപള്ളിക്ക് മറുപടിയുമുണ്ട്.

മണ്ടൻ ചോദ്യവുമായി രാജഗോപാൽ

മണ്ടൻ ചോദ്യവുമായി രാജഗോപാൽ

2014-15 മുതല്‍ 2017-18 വരെ സംസ്ഥാനത്തെ സഹകരണ മേഖലയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ എത്ര രൂപ അനുവദിച്ചുവെന്നും അതില്‍ മുഴുവന്‍ തുകയും ചെലവഴിച്ചില്ലെങ്കില്‍ എന്തുകൊണ്ട് എന്ന് വ്യക്തമാക്കാമോ എന്നുമാണ് ഒ രാജഗോപാല്‍ ഉന്നയിച്ച ചോദ്യം. കേന്ദ്രഫണ്ട് വിനിയോഗിച്ചതിന്റെ പശ്ചാത്തലത്തില്‍ സഹകരണ മേഖലയില്‍ എന്ത് മാറ്റമാണ് ഉണ്ടായിരിക്കുന്നത് എന്ന് വിശദമാക്കാമോ എന്ന ചോദ്യവും ഉണ്ട്. എന്നാല്‍ സഹകരണ മേഖലയ്ക്ക് കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ഫണ്ടായി തുകയൊന്നും ലഭിച്ചിട്ടില്ല എന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ മറുപടി നല്‍കിയപ്പോഴാണ് രാജഗോപാലിന് അബദ്ധം മനസ്സിലായത്. ട്രോളുകള്‍ പ്രചരിക്കുന്നതിനിടെ മന്ത്രി കള്ളം പറയുകയാണ് എന്ന് ബിജെപിക്കാര്‍ വാദിക്കുന്നുണ്ട്.

കടകംപള്ളിയുടെ മറുപടി

കടകംപള്ളിയുടെ മറുപടി

സോഷ്യൽ മീഡിയയിൽ ബിജെപി നടത്തുന്ന പ്രചരണങ്ങൾക്കുള്ള കടകംപള്ളിയുടെ മറുപടി ഇതാണ്: 2014-15 മുതല്‍ 2017-18 വരെ സഹകരണമേഖലക്ക് എത്ര തുക കേന്ദ്ര ഫണ്ടായി ലഭിച്ചെന്ന നിയമസഭാ ചോദ്യത്തിന് കേന്ദ്ര ഫണ്ടായി തുകയൊന്നും ലഭിച്ചില്ലെന്ന് സഭയില്‍ മറുപടി ഞാന്‍ നല്‍കിയിരുന്നു. ഉത്തരവാദിത്വത്തോടെ നിയമസഭയില്‍ നല്‍കിയ ഉത്തരത്തില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാന്‍ പലരും ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. സ്റ്റേറ്റ് ലിസ്റ്റില്‍ വരുന്ന വിഷയമാണ് സഹകരണം. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി വിഹിതമായി സംസ്ഥാനങ്ങള്‍ക്ക് പണം അനുവദിക്കാറില്ല. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കുന്ന ചില പ്രത്യേക പദ്ധതികള്‍ക്ക് നീക്കിവയ്ക്കാറുള്ള ഫണ്ട് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയാത്തതുമാണ്.

കേന്ദ്രത്തിന്റേത് വായ്പ

കേന്ദ്രത്തിന്റേത് വായ്പ

ഉദാഹരണമായി കേരളത്തിന്റെ സഹകരണ മേഖലയുടെ സ്വാഭാവത്തെ തന്നെ ദുര്‍ബലപ്പെടുത്തുന്ന വൈദ്യനാഥന്‍ കമ്മിറ്റി പാക്കേജുകള്‍ നമ്മള്‍ തള്ളികളഞ്ഞതാണ്. പിന്നെ എന്‍.സി.ഡി.സി, നബാര്‍ഡ് പോലുള്ള കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്‍റിയോടെ നല്‍കുന്നത് വായ്പകളാണ്. ഈ വായ്പകള്‍ക്ക് 10 മുതല്‍ 12 ശതമാനം പലിശ നല്‍കേണ്ടതുണ്ട്. കാര്‍ഷിക വായ്പകള്‍ക്ക് 4.65 മുതല്‍ 10 ശതമാനത്തോളമാണ് പലിശ. എന്‍.സി.ഡി.സിയുടെ വെബ്സൈറ്റില്‍ ഈ വിവരങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പലിശയ്ക്ക് എടുക്കുന്ന പണം സംഘങ്ങള്‍ തിരിച്ചടച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പലിശയുള്‍പ്പടെ തിരിച്ചടയ്ക്കേണ്ടി വരും. ഇതിനെ എങ്ങനെയാണ് കേന്ദ്രസര്‍ക്കാര്‍ ഫണ്ടായി കണക്കാക്കാനാവുക?

കേന്ദ്രഫണ്ടെന്ന് അലമുറയിടേണ്ട

കേന്ദ്രഫണ്ടെന്ന് അലമുറയിടേണ്ട

കേരള സംസ്ഥാന ആസൂത്രണ കമ്മീഷന്റെ വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന കേരള സര്‍ക്കാരിന്റെ പഞ്ചവത്സര പദ്ധതിയുടെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് "കേന്ദ്രഫണ്ട്.. കേന്ദ്രഫണ്ട്.." എന്ന് ചിലര്‍ അലമുറയിടുന്നത്. സംസ്ഥാന പഞ്ചവത്സരപദ്ധതിയെ കേന്ദ്രത്തിന്റെതായി തെറ്റിദ്ധരിപ്പിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. കൂടാതെ 2014ല്‍ അധികാരത്തിലെത്തിയ ബി.ജെ.പി സര്‍ക്കാര്‍ പഞ്ചവത്സര പദ്ധതികളെ നിര്‍ജ്ജീവമാക്കിയിരുന്നു.സ്വന്തം ഇഷ്ടപ്രകാരം ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനാകുന്നതല്ല നിയമസഭയിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എന്നെങ്കിലും മനസിലാക്കുക. രേഖാമൂലം അതാത് വകുപ്പുകളില്‍ നിന്നും സമാഹരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫ്ലോറില്‍ നല്‍കുന്ന ഉത്തരങ്ങള്‍ തയാറാക്കുക.

കിട്ടാത്ത ഫണ്ട്

കിട്ടാത്ത ഫണ്ട്

ശ്രീ ഓ.രാജഗോപാല്‍ ഒരു ചോദ്യം നിയമസഭയില്‍ ഉന്നയിച്ചു, അത് ഉത്തര സഹിതം ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തതല്ലാതെ ഒരു പരിഹാസ വാക്കും ഞാൻ കുറിച്ചിട്ടില്ല. ആ പോസ്റ്റ് അതേ പടി തന്നെ ഈ പേജിൽ ഉണ്ട്. പരിഹാസമായി തോന്നുന്നത് കാര്യങ്ങള്‍ മനസ്സിലാകാതെ, നിയമസഭയില്‍ ഞാനെന്തോ കള്ളം പറഞ്ഞു എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കാണ്. സഹകരണ മേഖലക്ക് എത്ര തുക കേന്ദ്ര ഫണ്ടായി ലഭിച്ചെന്നായിരുന്നു അദേഹം ചോദിച്ചത്. എന്നാല്‍ കേന്ദ്രത്തില്‍ നിന്നും ഫണ്ടല്ല, ധനകാര്യ ഏജന്‍സികളില്‍ ‘വായ്പകളാണ്' ആകെ ലഭിച്ചിട്ടുള്ളത്. എത്ര തുക വായ്പയായി കേന്ദ്രത്തില്‍ നിന്നും ലഭിച്ചു, അതില്‍ എത്ര തിരിച്ചടച്ചു എന്നായിരുന്നു അദേഹം ചോദിച്ചതെങ്കില്‍ അതിനുള്ള മറുപടി നല്‍കാന്‍ സാധിക്കുമായിരുന്നു. കിട്ടാത്ത ഫണ്ടിനെ കുറിച്ച് മറ്റെന്താണ് പറയാനാവുക എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ കടകംപള്ളി സുരേന്ദ്രൻ ഉന്നയിക്കുന്ന ചോദ്യം.

English summary
Kadakampalli Surendran's facebook post about O Rajagopal's blunder question in Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X