കാക്കനാട്ട് ഫ്‌ളാറ്റിലെ രോഗബാധ; വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി
കൊച്ചി: കാക്കനാട് ഡി എല്‍ എഫ് ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് കൂട്ടത്തോടെ ശാരീരികാസ്വാസ്ഥ്യം ഉണ്ടാകാന്‍ കാരണം വെള്ളത്തിലെ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം. ഫ്ളാറ്റ് സമുച്ചയത്തില്‍ നിന്നും ആരോഗ്യ വകുപ്പ് പരിശോധനക്ക് അയച്ച് ഫലം ലഭിച്ച വെള്ളത്തിലെ മൂന്ന് സാംപിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. 6 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.
ഫ്ളാറ്റിലെ വിവിധ കുടിവെള്ള സ്രോതസുകളായ ഓവര്‍ഹെഡ് ടാങ്കുകള്‍, ബോര്‍വെല്ലുകള്‍, ഡൊമെസ്റ്റിക്ക് ടാപ്പുകള്‍, കിണറുകള്‍, ടാങ്കര്‍ ലോറികളില്‍ സപ്ലൈ ചെയ്യുന്ന വെള്ളം എന്നിവയില്‍ നിന്നാണ് സാംപിളുകള്‍ ശേഖരിച്ചത്. ഇവയില്‍ 19 സാംപിളുകളിലെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. ഇതില്‍ പലതിലും ബാക്ടീരിയുടെ സാന്നിധ്യം കാണുന്നുണ്ട് എന്നാണ് ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ പറയുന്നത്.

അതിനാല്‍ ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി വരികയാണ്. വെള്ളിയാഴ്ച മുതല്‍ ആരോഗ്യ വകുപ്പ് വിവിധ ഫ്ളാറ്റുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിശ്ചിത സാമ്പിളുകള്‍ രണ്ട് നേരം പരിശോധിച്ച് ക്ലോറിന്റെ അളവ് വിലയിരുത്തി വരുന്നുണ്ട് എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. അതിനിടെ അസ്വസ്ഥതയെ തുടര്‍ന്ന് 22 പേര്‍ കൂടി ചികിത്സ തേടി.
ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ഡി എം ഒ നിയോഗിച്ച സംഘത്തിന് മുന്നിലാണ് ഫ്‌ളാറ്റ് നിവാസികള്‍ ചികിത്സ തേടിയത്. കഴിഞ്ഞ ഒരു മാസത്തോളമായി ഉണ്ടായ ജലജന്യരോഗത്തെ തുടര്‍ന്ന് 500 ലേറെ പേരാണ് ഇതുവരെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. വയറിളക്കവും ഛര്‍ദ്ദിയുമായാണ് പലരും ചികിത്സ തേടിയിരിക്കുന്നത്. അതേസമയം ആരുടേയും നില ഗുരുതരമല്ല എന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.
അതേസമയം, ഫ്‌ളാറ്റില്‍ വയറിളക്ക രോഗബാധയെ തുടര്‍ന്ന് കേരള പൊതുജനാരോഗ്യ നിയമം 2023, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കാക്കനാട് പൊതുജനാരോഗ്യ അധികാരിയായ മെഡിക്കല്‍ ഓഫീസര്‍ ഫ്ളാറ്റ് അസോസിയേഷന് നോട്ടീസ് നല്‍കിയിട്ടുണ്ട്. 15 ടവറുകളിലായി 4095 നിവാസികളാണ് കാക്കാനാട്ടെ ഡി എല്‍ ഫ് ഫ്ളാറ്റില്‍ താമസിക്കുന്നത്.
നിലവില്‍ ടാങ്കര്‍ വഴി വെള്ളം എത്തിച്ചാണ് ഫ്ളാറ്റില്‍ ജല വിതരണം നടത്തുന്നത്. കഴിഞ്ഞ ആഴ്ച മുതലാണ് ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് സങ്കീര്‍ണമായ രീതിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ആരംഭിച്ചത്. അഞ്ച് വയസില്‍ താഴെയുള്ള 30 ഓളം കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും പിടിപ്പെട്ടിരുന്നു. ആരോഗ്യ മന്ത്രിയുടെ ഓഫിസില്‍ വിളിച്ച് പരാതി പറഞ്ഞ ശേഷമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. സ്വകാര്യ ആശുപത്രിയിലാണ് മിക്കവരും ചികിത്സ തേടിയത് എന്നതിനാല്‍ ആരോഗ്യ വകുപ്പില്‍ ഈ വിവരം ലഭിച്ചിരുന്നില്ല.












Click it and Unblock the Notifications