'കക്കുകളിയിലെ സിപിഎം കള്ളക്കളി'; രൂക്ഷവിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: കക്കുകളി നാടകത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കക്കു കളി പുരോമനത്തിന്റെ മേലങ്കി അണിഞ്ഞ് നടത്തുന്ന ആവിഷ്കാര സ്വാതന്ത്ര്യമല്ല പകരം ഒളിച്ചു കടത്തപ്പെടുന്ന ക്രിസ്തുമത വിരുദ്ധത തന്നെയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ.
മതവും മതവിശ്വാസികളും നിത്യേന വേട്ടയാടപ്പെടുന്ന കാലത്ത് അതിന് വഴിമരുന്നിടുന്ന നാടകത്തിനെ സി പി എംം സ്പോൺസർ ചെയ്യുന്നത് ഒട്ടും നല്ലതല്ല. ജീവനോടെ ചുട്ടെരിക്കാൻ മടിക്കാത്ത സംഘ പരിവാർ പല്ലിളിച്ചിരിക്കുമ്പോൾ മത നിരാസത്തിന്റെ പാർട്ടി ക്ലാസ് നൽകേണ്ട സമയമല്ലിതെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ഫ്രാൻസിസ് നൊറോണയുടെ രചനയെ ആസ്പദമാക്കിയുള്ള കക്കു കളി പുരോമനത്തിന്റെ മേലങ്കി അണിഞ്ഞ് നടത്തുന്ന ആവിഷ്കാര സ്വാതന്ത്ര്യമല്ല പകരം ക്രിസ്ത്യൻ മിഷണറിമാരും സന്യാസം സ്വീകരിച്ചവരും പുരോഹിതരും വേട്ടയാടപ്പെടുന്ന കാലത്ത് കക്കുകളി നാടകത്തിലൂടെ ഒളിച്ചു കടത്തപ്പെടുന്നതും ക്രിസ്തുമത വിരുദ്ധത തന്നെയാണ്.
കേരളീയ നവോത്ഥാനത്തിന് ഊർജ്ജം പകർന്നത് മിഷനറിമാരും ക്രിസ്ത്യൻ സഭ സമൂഹവും വിദ്യാഭ്യാസ രംഗത്ത് നടത്തിയ ഇടപെടലും അവർ സ്ഥാപിച്ച എണ്ണമറ്റ കലാലയങ്ങളിൽ നിന്നും പഠിച്ചിറങ്ങിയവരാണെന്ന് മറന്നു കൊണ്ടാവരുത് മതരാഹിത്യത്തിന്റെ പുതു പാത തുറക്കാൻ.
സുക്കോളച്ചനെപ്പോലെ നാടിന് വഴിവിളക്കും സേവനം കൊണ്ട് തിളക്കമായവരുമായ നിരവധി സന്യാസികളെ സംഭാവന ചെയ്ത ഒരു സമൂഹത്തിനെ അവർ വേട്ടയാടപ്പെടുന്ന കാലത്ത് അവരുടെ ചോര കുടിക്കുന്ന രീതി ആശാസ്യമല്ല.
മതവും മതവിശ്വാസികളും നിത്യേന വേട്ടയാടപ്പെടുന്ന കാലത്ത് അതിന് വഴിമരുന്നിടുന്ന നാടകത്തിനെ സി പി എം സ്പോൺസർ ചെയ്യുന്നത് ഒട്ടും നല്ലതല്ല.
സന്യാസം എന്നത് കക്കുകളി നാടകത്തിലൂടെ നിങ്ങൾ വരച്ചിടുന്നതല്ല, സന്യാസം എന്ന് പറയുമ്പോൾ മദർ തരേസ അടക്കമുള്ള മുഖങ്ങളാണ് ഞങ്ങളുടെയൊക്കെ മനസ്സിൽ തെളിയുന്നത്. ആ തെളിച്ചമുള്ള മുഖങ്ങൾക്ക് നിഴൽ വിഴ്ത്താൻ ഒരു നാടകത്തിനും കഴിയില്ല...
കമ്മ്യൂണിസത്തെ വെള്ളപൂശാൻ നിങ്ങൾ ക്രിസ്തു മതത്തെയല്ല കരിവീഴ്ത്തേണ്ടത് ....
മതങ്ങൾക്ക് നേരെയുള്ള നിരന്തര അക്രമങ്ങൾ മതേതര രാജ്യത്തെ മുറിവേല്പ്പിക്കുകയേയുള്ളൂ. മനുഷ്യനെ മാനവികതയിലേക്കും മതാതീത ലോകത്തേക്കും നയിക്കേണ്ടത് അന്ധമായി എതിർത്തും അപഹസിച്ചുമല്ല, ഈ കാലം ഒറ്റപ്പെട്ട മനുഷ്യരെ ചേർത്ത് നിർത്തേണ്ട കാലമാണ്, ജീവനോടെ ചുട്ടെരിക്കാൻ മടിക്കാത്ത സംഘ പരിവാർ പല്ലിളിച്ചിരിക്കുമ്പോൾ മത നിരാസത്തിന്റെ പാർട്ടി ക്ലാസ് നൽകേണ്ട സമയമല്ലിത്.












Click it and Unblock the Notifications