വാതില്‍ തുറന്ന് കിടക്കുകയായിരുന്നു, നവാസ് തറയില്‍.. ജീവനുണ്ടായിരുന്നെന്ന് ഹോട്ടലുടമ; കേസെടുത്ത് പൊലീസ്
കൊച്ചി: നടന്‍ കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. 51 കാരനായ നവാസ് ആരോഗ്യകാര്യങ്ങളില്‍ എല്ലാം അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്ന ആളായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. മറ്റ് ദുശ്ശീലങ്ങളൊന്നുമില്ലാത്ത ആളായിരുന്നു നവാസ് എന്നും ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു എന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
അതിനാല്‍ തന്നെ നവാസിന്റെ മരണം പലര്‍ക്കും ഉള്‍ക്കെള്ളാനായിട്ടില്ല. ഇന്നലെയാണ് ചോറ്റാനിക്കരയിലെ ഹോട്ടലില്‍ നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ഹോട്ടല്‍ മുറിയില്‍ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ നവാസിന് ജീവന്‍ ഉണ്ടായിരുന്നുവെന്നാണ് ഹോട്ടലുടമ സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞത്. മുറിയുടെ വാതില്‍ തുറന്നാണ് കിടന്നിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഹോട്ടലിലെ റൂം ബോയ് ആണ് മുറിയില്‍ വീണ് കിടക്കുന്ന നിലയില്‍ നവാസിനെ കണ്ടത്. റൂമിലെ വാതിലിനരികില്‍ വീണുകിടക്കുന്ന അവസ്ഥയിലായിരുന്നു. മുറി പൂട്ടിയിരുന്നില്ല,' സന്തോഷ് പറഞ്ഞു. ഉടന്‍ തന്നെ പൊലീസിനെയും സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറെയും വിവരമറിയിച്ചു എന്നും എല്ലാവരും ചേര്‍ന്ന് ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്നും സന്തോഷ് പറഞ്ഞു.
ഈ സമയം നവാസിന് ജീവനുണ്ടായിരുന്നു എന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 25 ദിവസമായി നവാസ് ഈ ഹോട്ടലില്‍ ആയിരുന്നു താമസിച്ചത്. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായി പ്രൊഡക്ഷന്‍ ടീം തന്നെയാണ് ഈ ഹോട്ടല്‍ അറേഞ്ച് ചെയ്തത്. അസീസും ഈ ഹോട്ടലില്‍ തന്നെയായിരുന്ന താമസിച്ചത്. റൂം ചെക്കൗട്ട് എന്ന് പ്രൊഡക്ഷനില്‍ നിന്ന് വിളിച്ച് പറഞ്ഞത് പ്രകാരമാണ് റൂമിലേക്ക് പോയി നോക്കിയത് എന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പത്ത് മണിയോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കും. ഇതിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ. കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അതേസമയം നവാസിന്റെ മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അസ്വാഭാവിക മരണത്തിന് ചോറ്റാനിക്കര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ അഞ്ചര വരെയുള്ള പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഖബറടക്കും. മിമിക്രി താരം, ഗായകന്‍, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു കലാഭവന്‍ നവാസ്. നടി രഹനയാണ് ഭാര്യ. നവാസിന്റെ പിതാവ് അബൂബക്കറും സഹോദരന്‍ നിയാസുമെല്ലാം സിനിമാ താരങ്ങളാണ്.
സ്‌റ്റേജ് ഷോകളിലൂടെയാണ് നവാസ് കലാരംഗത്തേക്ക് എത്തുന്നത്. 500 ലധികം വേദികളില്‍ പ്രകടനം നടത്തിയ നവാസ് എല്ലാവരോടും സൗ്യതയോടെയും സ്‌നേഹത്തോടെയും പെരുമാറിയിരുന്ന ഒരാളായിരുന്നു. കലാഭവനിലൂടെ മിമിക്രി രംഗത്തേക്ക് കടന്നുവന്ന നവാസ് വൈകാതെ നടനും ഗായകനുമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശിയാണ്.
1995 ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തരയിലെത്തി. മാട്ടുപ്പെട്ടി മച്ചാന്‍, തില്ലാന തില്ലാന, മായാജാലം, ജൂനിയര്‍ മാന്‍ഡ്രേക്ക്, മൈ ഡിയര്‍ കരടി, ചട്ടമ്പിനാട്, ചക്കരമുത്ത്, മേരാം നാം ഷാജി തുടങ്ങി അടുത്തിടെയിറങ്ങിയ ഡിറ്റക്ടീവ് ഉജ്ജ്വലന്‍ വരെ നിരവധി സിനിമകളില്‍ വേഷമിട്ടു.












Click it and Unblock the Notifications