'സത്യഭാമ ഒന്നാന്തരം സഖാത്തി...', സിപിഎമ്മിന്റെ കുഞ്ഞ് തന്നെ, പിതൃത്വം ഏറ്റെടുക്കണം: സുരേന്ദ്രന്‍
തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമ സിപിഎമ്മുകാരിയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിവാദത്തിലായപ്പോള്‍ സത്യഭാമയെ ബിജെപിക്കാരിയാക്കാന്‍ ശ്രമിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിയിലുള്ള ഒരാള്‍ക്കെങ്ങനെയാണ് സിപിഎം കമ്മിറ്റികളുടെ ശുപാര്‍ശ കത്ത് ലഭിക്കുക എന്നും സുരേന്ദ്രന്‍ ചോദിച്ചു.
താന്‍ പ്രസിഡന്റായതിന് ശേഷം അവര്‍ക്ക് അംഗത്വം നല്‍കിയിട്ടില്ല എന്നും മുന്‍പ് അംഗത്വമെടുത്തവരില്‍ പലരും പിന്നീട് പോയിട്ടുണ്ടെന്നും അതില്‍ ഉള്‍പ്പെട്ട ആളാണ് സത്യഭാമ എന്നും സുരേന്ദ്രന്‍ പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റിയുടെ അറിവോടെയാണ് കലാമണ്ഡലം സത്യഭാക്ക് പല സ്ഥാനങ്ങളും ലഭിച്ചത് എന്നും അദ്ദേഹം ആരോപിച്ചു. സുരേന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'എന്റെ പാര്‍ട്ടിയിലെ അംഗമല്ല, സിപിഎമ്മുകാരിയാ. ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്ന് കത്ത് വാങ്ങിക്കണം, ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് കത്ത് വാങ്ങിക്കണം, ഏരിയ കമ്മിറ്റിയില്‍ നിന്ന് കത്ത് വാങ്ങിക്കണം. ഞാന്‍ പറയണോ ഏത് നേതാവാണ് പറഞ്ഞത് എന്ന്. തിരഞ്ഞെടുപ്പ് കാലത്ത് അത്തരം കാര്യങ്ങള്‍ പറയാത്തത് കൊണ്ടാണ്. ആരാണ് അവിടെ സീറ്റ് ശരിയാക്കി കൊടുത്തത് എന്ന് എനിക്ക് അസലായിട്ട് അറിയാം.
നിങ്ങള്‍ക്കും അറിയാം ആരാണ്. എന്നിട്ട് ബിജെപിയാണ് എന്ന് എങ്ങനെയാ പറയുന്നത്. ഞാന്‍ 2020 ല്‍ ആണ് പ്രസിഡന്റാകുന്നത്. എന്റെ കാലത്ത് ബിജെപിയില്‍ അങ്ങനെ ഒരാള്‍ക്ക് ഒരു പദവിയും കൊടുത്തിട്ടില്ല. അങ്ങനെ ഒരാളില്ല. എനിക്ക് അത്രയെ പറയാന്‍ പറ്റൂ. അത് കഴിഞ്ഞിട്ട് പലരും വന്നിട്ടുണ്ടല്ലോ, പോയിട്ടുമുണ്ടല്ലോ. മെമ്പര്‍ഷിപ്പ് പോയത് കൊണ്ടല്ലേ അവര്‍ സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്ന് കത്ത് വാങ്ങിയത്.
ഞങ്ങളുടെ പാര്‍ട്ടി മെമ്പര്‍മാര്‍ ആരെങ്കിലും സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്ന് കത്ത് വാങ്ങിക്കുമോ. ഒന്നാന്തരം സഖാത്തിയാണ്. അത് മറച്ച് വെക്കാന്‍ ഞങ്ങളുടെ തലയിലിടുകയാണ്. സികെ പത്മനാഭന്‍ പണ്ട് കമ്മ്യൂണിസ്റ്റായിരുന്നു, അതുകൊണ്ട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. സിപിഎമ്മിന്റെ ഉന്നതനായ നേതാവാണ് അവര്‍ക്ക് ഇതെല്ലാം ശരിയാക്കി കൊടുത്തത്. വിവാദത്തിലായപ്പോള്‍ അപ്പുറത്തേക്കിടാന്‍ നോക്കേണ്ട. സിപിഎമ്മിന്റെ സ്വന്തം കുഞ്ഞാണ്, അതിന്റെ പിതൃത്വം നിങ്ങള്‍ തന്നെ ഏറ്റെടുക്കണം,' അദ്ദേഹം പറഞ്ഞു.
അതിനിടെ സത്യഭാമ ബിജെപി അംഗത്വം സ്വീകരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. 2019 ജൂലൈ ആറിന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ സത്യഭാമ ബിജെപി അംഗത്വം സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ ആണ് പുറത്ത് വന്നത്. ബിജെപിയുടെ സംസ്ഥാനതല അംഗത്വ ക്യാമ്പിലാണ് സത്യഭാമക്ക് അംഗത്വം നല്‍കിയത്. അന്നത്തെ പാര്‍ട്ടി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള, അബ്ദുള്ളക്കുട്ടി, എംടി രമേശ്, സുരേഷ് തുടങ്ങിയ ബിജെപി നേതാക്കള്‍ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നടന്‍ എംആര്‍ ഗോപകുമാറും ഈ ചടങ്ങില്‍ വെച്ചാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി കേരള എന്ന പാര്‍ട്ടിയുടെ ഔദ്യോഗിക പേജില്‍ ഈ വീഡിയോ പങ്ക് വെക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications