ഈ നേട്ടം കാണാന്‍ മണിച്ചേട്ടനില്ലെന്ന ദുഃഖം:ഞങ്ങളൊക്കെ ഒരു കരയ്ക്ക് എത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു: ആർഎല്‍വി
തൃശൂർ: കേരള കലാമണ്ഡലത്തിലെ ആദ്യ മലയാളി നൃത്ത അധ്യാപകനായി ചുമതലയേറ്റെടുത്തുകൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ആർ എല്‍ വി രാമകൃഷ്ണന്‍. ഭരതനാട്യത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം. ഇന്ന് സർവ്വകലാശാല ആസ്ഥാനത്ത് എത്തിയ അദ്ദേഹം അധ്യാപകനായി ചുമതലയേറ്റെടുത്തു. യു ജി സി നിര്‍ദ്ദേശപ്രകാരം രണ്ട് മാസം മുന്‍പ് വന്ന ഒഴിവിലേക്ക് ആർ എല്‍ വി രാമകൃഷ്ണന്‍ അപേക്ഷിക്കുകയായിരുന്നു.
യോഗ്യത പരീക്ഷയും അഭിമുഖവും നടത്തി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഒന്നാമനായിരുന്നു രാമകൃഷ്ണന്‍. നേരത്തെ കലാമണ്ഡലത്തിന്റെ തുടക്കത്തില്‍ ചെന്നൈയില്‍നിന്നുള്ള എ ആര്‍ ആര്‍ ഭാസ്‌കര്‍, രാജരത്‌നം മാസ്റ്റര്‍ എന്നിവർ അധ്യാപകരായിട്ടുണ്ടായിരുന്നു. അവർക്ക് ശേഷം നൃത്ത വിഭാഗത്തില്‍ അധ്യാപകനായി ജോലി ലഭിക്കുന്ന ആദ്യ വ്യക്തിയാണ് ആർ എല്‍ വി രാമകൃഷ്ണന്‍. കലാമണ്ഡലത്തിലെ നിയമനം സൗഭാഗ്യമായിട്ടാണ് കണക്കാക്കുന്നതെന്നും ഈ നേട്ടം കാണാന്‍ ജേഷ്ഠ്യന്‍ കലാഭവന്‍ ഇല്ലാത്തത് സന്തോഷത്തിനിടയിലെ ദുഃഖമാണെന്നും ആർ എല്‍ വി രാമകൃഷ്ണന്‍ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.

'പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത സന്തോഷമാണ് ഈ ഒരു നിമിഷത്തിലുള്ളത്. ഒരുപാട് കഷ്ടപ്പാടുകള്‍ക്ക് ഒടുവിലാണ് ഇത്തരമൊരു അംഗീകാരം ലഭിച്ചത്. കലാമണ്ഡലത്തിന്റെ തുടക്കകാലത്ത് തമിഴ്നാട്ടില്‍ നിന്നുള്ള എ ആര്‍ ആര്‍ ഭാസ്‌കര്‍, രാജരത്‌നം മാസ്റ്റര്‍ എന്നിവരായിരുന്നു നൃത്താധ്യാപകരായി ഉണ്ടായിരുന്നത്. അവർക്ക് ശേഷം നൃത്തവിഭാഗത്തില്‍ ജോലി ലഭിക്കുന്ന ആദ്യ അധ്യാപകനാണ് ഞാന്‍. അതിനെ വളരെ സൗഭാഗ്യകരമായായ കാര്യമായാണ് കാണുന്നത്' - ആർ എല്‍ വി രാമകൃഷ്ണന്‍ പറയുന്നു.
ഈ സമയത്ത് ആദ്യം ഓർക്കുക കലാഭവന്‍ മണി ചേട്ടനേയാണ്. ഈ നേട്ടം കാണാന്‍ അദ്ദേഹം ഇല്ലാലോയെന്ന വലിയ വിഷമമുണ്ട്. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും എല്ലാവിധ പിന്തുണയും ഉണ്ടായിരുന്നു. ഏട്ടന്‍ പോയതിന് ശേഷം നമ്മുടെയൊക്കെ ജീവിതത്തിലുണ്ടായ നേട്ടങ്ങള്‍ അദ്ദേഹവുമായി പങ്കുവെക്കാന്‍ കഴിയുന്നില്ലായോന്ന വിഷമം വളരെ വലുതാണ്. ജീവനോടെയുണ്ടായിരുന്നെങ്കില്‍ എന്റെ ഈ നേട്ടം ഏറ്റവും കൂടുതല്‍ ആഘോഷിക്കുക അദ്ദേഹമായിരുന്നു.
ഞങ്ങളെയൊക്കെ ഒരു കരയ്ക്ക് അടുപ്പിക്കണമെന്ന് അദ്ദേഹം എന്നും ആഗ്രഹിച്ചിരുന്നു. കലാകാരന്‍ എന്ന നിലയില്‍ ഒരുപാട് വേദനകള്‍ ഏട്ടന്‍ അനുഭവിച്ചിട്ടുണ്ട്. പലവിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിച്ച് കടന്നു വന്നയാളാണ്. അതുകൊണ്ട് തന്നെ ഏതൊരു കലാകാരനും സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. ഒരുസമയത്ത് എനിക്ക് അമേരിക്കയില്‍ ജോലി ശരിയാക്കിയിരുന്നു. എന്നാല്‍ കലയോടുള്ള അതിയായ സ്നേഹം കാരണം ഈ വഴി തന്നെ സഞ്ചരിക്കുകയായിരുന്നു. ഒടുവില്‍ അദ്ദേഹത്തിന്റെ ആഗ്രഹം പോലെ സമാധാനപരായ അന്തരീക്ഷത്തില്‍ ജോലി കിട്ടി എന്നുള്ളത് സന്തോഷപരമായ കാര്യമാണെന്നും ആർ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു.
ദൂരദര്‍ശന്‍ കേന്ദ്രം എ ഗ്രേഡഡ് ആര്‍ട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ആർ എല്‍ വി രാമകൃഷ്ണന്‍ കഴിഞ്ഞ 15 വർഷത്തിലധികമായി കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലും ആര്‍ എല്‍ വി കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം അനുഷ്ഠിക്കുന്നു. 1996-മുതല്‍ തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജില്‍ നിന്നും മോഹിനിയാട്ടം പഠിച്ച ഇദ്ദേഹം നാല് വര്‍ഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. എം ജി യൂണിവേഴ്സിറ്റിയില്‍നിന്ന് എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായ ആർ എല്‍ വി രാമകൃഷ്ണന്‍ കേരള കലാമണ്ഡലത്തില്‍ നിന്ന് പെര്‍ഫോമിങ്ങ് ആര്‍ട്സില്‍ എംഫില്‍ ടോപ്പ് സ്‌കോററുമായിരുന്നു. കലാമണ്ഡലത്തില്‍ നിന്നും പി എച്ച് ഡി പൂർത്തിയാക്കിയ രാമകൃഷ്ണന് നെറ്റ് യോഗ്യതയുമുണ്ട്.












Click it and Unblock the Notifications