കളമശേരി മെഡിക്കല്‍ കോളേജിന്റെ മുഖം മാറുന്നു; കാന്‍സര്‍ സെന്ററും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കും 2025ല്‍
കൊച്ചി: പൊതുജനാരോഗ്യ രംഗത്ത് വന്‍ കുതിപ്പിന് ഒരുങ്ങി കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ആശുപത്രിയിലെ കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റേയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റേയും നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. ജനുവരി 30 ന് കാന്‍സര്‍ സെന്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കും. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മാണം ഫെബ്രുവരി അവസാനവും പൂര്‍ത്തിയാക്കും.
കാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരവും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് മെയ് ആദ്യവാരവും ഉദ്ഘാടനം ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിന്റെ അഭിമാന പദ്ധതിയാണ് കൊച്ചി കാന്‍സര്‍ സെന്റര്‍. മറ്റ് കാന്‍സര്‍ സെന്ററുകളില്‍ നിന്നു വ്യത്യസ്തമായി ഗവേഷണത്തിനു കൂടി ഇവിടെ പ്രാധാന്യം നല്‍കുന്നുണ്ട്. 6.4 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് ഇതിനായി ഒരുങ്ങുന്നത്.

360 കിടക്കകളും അത്യാധുനിക പരിശോധനാ സംവിധാനങ്ങളും ഇവിടെയുണ്ടാകും. ഭാവിയിലെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചുള്ള പ്ലാനാണു തയാറാക്കി വികസിപ്പിച്ചിരിക്കുന്നത്. ആകെ 12 ഓപ്പറേഷന്‍ തിയേറ്ററുകളാണുള്ളത്. ഇതില്‍ ഒരെണ്ണം ഭാവിയില്‍ റോബോട്ടിക് ശസ്ത്രക്രിയയുടെ സാധ്യത ഉറപ്പുവരുത്തുന്നതാണ്. കേരളത്തിലാദ്യമായി പ്രോട്ടോണ്‍ തെറാപ്പി എന്ന നൂതന സംവിധാനത്തിനു കൂടിയുള്ള സംവിധാനവും മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. കാന്‍സര്‍ സെന്ററില്‍ ഗവേഷണത്തിന്റെ ഭാഗമായി സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് കൂടി കുറച്ചു സ്ഥലം അനുവദിക്കും എന്നാണ് സര്‍ക്കാര്‍ പറയുന്നത്. 7000 ചതുരശ്ര അടി സ്ഥലമാണ് ഇപ്പോള്‍ ഗവേഷണത്തിനായി മാറ്റിവെച്ചിട്ടുള്ളത്. കാന്‍സര്‍ ചികിത്സ, ഗവേഷണം, സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള പ്രചോദനം ഇവയെല്ലാം പദ്ധതിയുടെ ഭാഗമാണ്.
384.34 കോടിയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. അതേസമയം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ മൂന്നു നിലകള്‍ ജനുവരിയില്‍ തന്നെ പൂര്‍ത്തിയാകും. ബ്ലോക്കിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഏപ്രില്‍ മാസം അവസാനം പൂര്‍ത്തിയാകും. നിയോ നാറ്റോളജി, പീഡിയാട്രിക് സര്‍ജറി, ന്യൂറോ സര്‍ജറി, യൂറോളജി, ട്രാന്‍സ് ഫ്യൂഷന്‍ മെഡിസിന്‍, ഹൃദയ ശസ്ത്രക്രിയാ വിഭാഗം എന്നിവയുണ്ടാകും.
286.66 കോടി രൂപയാണു നിര്‍മ്മാണ ചെലവ്. 842 പുതിയ കിടക്കകള്‍ സജ്ജമാക്കും. നിലവില്‍ 500 കിടക്കകളുണ്ട്. ആകെ 1342 കിടക്കകള്‍ സജ്ജമാകും. 8.64 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ബ്ലോക്ക് ഒരുങ്ങുന്നത്. രോഗികള്‍ക്കു കാത്തിരിക്കാനുള്ള സൗകര്യം, സാങ്കേതിക സംവിധാനങ്ങള്‍, ഡോക്ടര്‍മാര്‍ക്കാവശ്യമായ സൗകര്യങ്ങള്‍, വിവരങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ക്രമീകരണം തുടങ്ങിയ എല്ലാ അത്യാധുനിക സംവിധാനങ്ങളും ഉണ്ടായിരിക്കും.
വിദേശത്തു നിന്നെത്തി ഇവിടെയുള്ള സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്കും മെഡിക്കല്‍ കോളേജിലെത്താം. മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്താനാകും.












Click it and Unblock the Notifications