യഹോവായ സാക്ഷികള്‍ക്ക് യഹൂദരുമായി ബന്ധമില്ല, രക്തം സ്വീകരിക്കില്ല, രാഷ്ട്രീയത്തിലും സൈന്യത്തിലും ചേരില്ല
കളമശ്ശേരിയിലെ ബോംബ് സ്‌ഫോടനവും അതിന് പിന്നാലെ പ്രതി നടത്തിയ കുറ്റസമ്മതവുമെല്ലാം ലോകത്തെയാകെ ഞെട്ടിപ്പിക്കുന്നതാണ്. ഒരേ വിഭാഗത്തില്‍പ്പെട്ടയാള്‍ തന്നെ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ പ്രാര്‍ത്ഥനായോഗത്തിനിടെ സ്‌ഫോടനം നടത്തിയതിന്റെ ആശങ്കയിലാണ് യഹോവ സാക്ഷികള്‍. മുഖ്യധാര ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തരായി ജീവിക്കുന്നവരാണ് യഹോവയുടെ സാക്ഷികള്‍.
എന്നാല്‍ യഹോവ സാക്ഷികളുടെ പല നിലപാടുകളും അംഗീകരിക്കാനാകാത്തതാണ് എന്നും രാജ്യദ്രോഹപരമാണ് എന്നുമാണ് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ തന്റെ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞിരുന്നത്. അതിനാലാണ് താന്‍ ഇത്തരമൊരു കൃത്യം ചെയ്തത് എന്നും അദ്ദേഹം പറയുന്നു. ഈ സാഹചര്യത്തില്‍ ആരാണ് യഹോവ സാക്ഷികളെന്നും എന്തൊക്കെയാണ് അവരുടെ സവിശേഷതകള്‍ എന്നും നമുക്കൊന്ന് നോക്കാം.

യേശു സര്‍വശക്തനല്ല എന്നും ദൈവപുത്രന്‍ മാത്രമാണ് എന്നും വിശ്വസിക്കുന്നവരാണ് യഹോവകള്‍. ലോകത്തിന്റെ സ്രഷ്ടാവായി ബൈബിള്‍ പറയുന്ന യഹോവയിലാണ് അവര്‍ വിശ്വസിക്കുന്നത്. യഹോവയുടെ സാക്ഷികളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനത്തില്‍ ദൈവത്തിന്റെ സ്വന്തജനമായി ഇസ്രയേലിനെ കാണാന്‍ കഴിയില്ലെന്നും പറയുന്നുണ്ട്.
1870 ല്‍ ചാള്‍സ് റ്റെയ്‌സ് റസല്‍ എന്ന ബൈബിള്‍ ഗവേഷകന്റെ നേതൃത്വത്തില്‍ അമേരിക്കയിലെ പെനിസില്‍വാനിയയില്‍ തുടങ്ങിയ ബൈബിള്‍ പഠനസംഘാത്തിലൂടെയാണ് യഹോവായ സാക്ഷികളുടെ ആരംഭം. 1876-ല്‍ ബൈബിള്‍ വിദ്യാര്‍ത്ഥികള്‍ എന്ന സംഘടന രൂപീകരിച്ചു. 1881-ല്‍ സീയോനിന്റെ വാച്ച്ടവര്‍ സൊസൈറ്റി എന്ന നിയമപരമായ കോര്‍പ്പറേഷന്‍ തുടങ്ങിയ ശേഷം 1931 ല്‍ ഒഹായോയില്‍ നടന്ന സമ്മേളനത്തിലാണ് യഹോവയുടെ സാക്ഷികള്‍ എന്ന പേര് സ്വീകരിക്കുന്നത്.
ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ ആണ് ഇവരുടെ ആസ്ഥാനം. 1911-ല്‍ റസല്‍ തിരുവനന്തപുരത്ത് വന്ന സ്ഥലമാണ് റസല്‍പുരം എന്ന് അറിയപ്പെടുന്നത്. 1914-ല്‍ അന്ത്യകാലം തുടങ്ങിയെന്നും ലോകത്തിന്റെ അവസാനം എന്നാല്‍ ഭൂമി ഇല്ലാതാകുകയല്ല ദൈവവിചാരമില്ലാത്ത മനുഷ്യരുടെ നാശമാണ് സംഭവിക്കുക എന്നാണ് യഹോവ സാക്ഷികള്‍ വിശ്വസിക്കുന്നത്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മവ് എന്ന ത്രിയേക ദൈവത്തിലും ഇവര്‍ വിശ്വസിക്കുന്നില്ല.
കുരിശിനെയോ മറ്റു വിഗ്രഹങ്ങളെയോ വണങ്ങാത്ത ഇവര്‍ മറ്റുള്ളവരില്‍ നിന്ന് ഒന്നും വാങ്ങി കഴിക്കില്ല എന്നാണ് ഡൊമിനിക് തന്റെ കുറ്റസമ്മത വീഡിയോയില്‍ പറയുന്നത്. മറ്റ് ചികിത്സകള്‍ സ്വീകരിക്കുന്നതിനോ വാക്സിന്‍ എടുക്കുന്നതിനോ തടസമില്ലെങ്കില്‍ രക്തം സ്വീകരിക്കാത്തവരാണ് യഹോവ സാക്ഷികള്‍. രാഷ്ട്രീയം, സൈനികസേവനം എന്നിവയില്‍ നിന്നെല്ലാം ഇവര്‍ വിട്ടുനില്‍ക്കും.
1985 ല്‍ ഈ വിഭാഗത്തില്‍പ്പെട്ട മൂന്ന് കുട്ടികള്‍ സ്‌കൂളില്‍ ദേശീയഗാനം ആലപിക്കില്ലെന്ന് നിലപാടെടുത്തിരുന്നു. സ്‌കൂള്‍ മൂവരെയും പുറത്താക്കിയെങ്കിലും സുപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടത്തില്‍ വിധി ഇവര്‍ക്ക് അനുകൂലമായിരുന്നു. ഇവരുടെ ആരാധനയുടെ ഭൂരിഭാഗവും ബൈബിളും ബൈബിള്‍ അധിഷ്ഠിത പ്രസിദ്ധീകരണങ്ങളുടെയും പഠനത്തില്‍ നിന്നുള്ളതാണ്.












Click it and Unblock the Notifications