'ഒരു വർഗീയതയോടും വിട്ടുവീഴ്ച ചെയ്യില്ല'; കളമശ്ശേരിയിലെ സ്ഫോടന സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി
കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനം നടന്ന സാമ്ര കൺവെൻഷൻ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മന്ത്രിമാരായ കെ രാജൻ, പി രാജീവ്, റോഷി അഗസ്റ്റിൻ, വീണാ ജോർജ്. ഹൈബി ഈഡൻ എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
വർഗീയതയെ ചെറുക്കാൻ കേരളം രാജ്യത്തിന് മാതൃകയാണ് എന്നും ഒരു വർഗീയതയോടും വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിൽ മറ്റ് മാനങ്ങളും അന്വേഷിക്കുന്നുണ്ടെന്നും മാർട്ടിൻ പ്രസ്താവിച്ച കാര്യങ്ങൾക്ക് പുറമെ വല്ലതുമുണ്ടോ, ആ കാര്യം അന്വേഷണത്തിന്റെ ഭാഗമായി കണ്ടത്തേണ്ട കാര്യമാണ്.

അത് സ്വാഭാവികമായി പോലീസിന്റെ അന്വേഷണ രീതിയിൽ പെടേണ്ടതാണെന്നും അന്വേഷണങ്ങൾ അതിന്റെ മുറയ്ക്ക് നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുമായിബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ മാത്രമേ പറയാൻ പറ്റൂ, ഇപ്പോൾ ഒരു ഊഹത്തിന്റെ അടസ്ഥാനത്തിൽ പറയാൻ പറ്റില്ല.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ വിമർശനങ്ങളോടും അദ്ദേഹം പ്രതികരിച്ചു. രാജ്യത്തിന്റെ മന്ത്രിക്ക് അന്വേഷണ ഏജൻസികളിൽ വിശ്വാസം വേണം. ഇവിടെ പോലീസ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. കാര്യങ്ങൾ മനസ്സിലാക്കാനും ആവശ്യമെങ്കിൽ പിന്തുണ കൊടുക്കാനും കേന്ദ്ര ഏജൻസികൾ എത്തിയിട്ടുണ്ട്.
ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി എന്നെ വിളിച്ച് സംസാരിച്ചിരുന്നു. വപോലീസ് ശക്തമായ നടപടികൾ എടുത്തുകൊണ്ടിരിക്കുകയാണെന്നും എന്തെങ്കിലും പ്രത്യേക സഹായം ആവശ്യമെങ്കിൽ നിങ്ങളെ ബന്ധപ്പെടാം എന്നാണ് ഞാൻ അദ്ദേഹത്തെ അറിയിച്ചത്.
ഇതാണ് സാധാരണ ഗതിയിൽ ചെയ്യേണ്ടത്. ഒരു സംസ്ഥാനത്ത് നടക്കുന്ന സംഭവം ഒറ്റപ്പെട്ട തരത്തിൽ കാണേണ്ടതില്ല. രാജ്യത്തിന്റെ ഭാഗമായ ഒരു സ്ഥലത്ത നടക്കുകയാണ്. അക്കാര്യത്തിൽ പ്രത്യേക ഇടപെടൽ കേന്ദ്രം നടത്തേണ്ട ഘട്ടം വരികയാണെങ്കിൽ അപ്പോൾ അവർ അതിന് തയ്യാറാവേണ്ടതായി വരും. അപ്പോൾ ഈ വിവരങ്ങൾ ഒന്നും വന്നിട്ടില്ല അന്വേഷണം ആരംഭിക്കുന്നതേയുള്ളൂ, മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications