കളമശ്ശേരി സ്‌ഫോടനം; സംസ്ഥാനത്ത് വ്യാപക പരിശോധന, കര്‍ശന ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ വ്യാപക പരിശോധന. സംസ്ഥാനത്ത് ആളുകള്‍ കൂടുന്നിടത്തെല്ലാം പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും പരിശോധന ശക്തമാക്കി. തലസ്ഥാനത്ത് ടെക്നോ പാര്‍ക്കില്‍ അടക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. സേനയിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ജോലിക്കെത്തണമെന്ന് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, വിമാനത്താവളം, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ആളുകള്‍ കൂടുന്ന മറ്റിടങ്ങളിലെല്ലാം പരിശോധന കര്‍ശനമാക്കി. വാഹനങ്ങളില്‍ അടക്കം പൊലീസ് പരിശോധന നടത്തി വരികയാണ്. കോട്ടയം നഗരത്തിലും കോഴിക്കോട് നഗരത്തിലും പരിശോധന നടക്കുന്നുണ്ട്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് സ്‌ക്വാഡ്, പൊലീസ്, ആര്‍ പി എഫ് എന്നിവര്‍ സംയുക്ത പരിശോധന നടത്തുന്നുണ്ട്.

ഷോപ്പിംഗ് മാള്‍, പ്രാര്‍ത്ഥന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലും കര്‍ശനമായ പരിശോധനക്ക് നിര്‍ദേദ്ദശം നല്‍കിയിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. അതിനിടെ പത്തനംതിട്ട പരുമലയിലും പൊലീസ് സുരക്ഷ ശക്തമാക്കി. പരുമലയില്‍ പെരുന്നാള്‍ നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ കര്‍ശനമാക്കിയത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലും ഡോഗ് സ്‌ക്വാഡിന്റെ പരിശോധന നടത്തുകയാണ്.
പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പൊലീസ് പട്രോളിങ് ഉറപ്പാക്കണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ചന്തകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, സിനിമാ തിയറ്റര്‍, പ്രാര്‍ഥനാലയങ്ങള്‍, ആളുകള്‍ കൂട്ടംചേരുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കണമെന്ന് ഡി ജി പി പറഞ്ഞു. അതേസമയം രാജ്യത്തെ പ്രധാന നഗരങ്ങളായ ദല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലും സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി.
ഞായറാഴ്ച രാവിലെ 9.45 ഓടെയാണ് യഹോവായ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടായത്. 2500 ഓളം പേരാണ് സ്‌ഫോടന സമയത്ത് കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായിരുന്നത്. സ്‌ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിന് 22 കിലോമീറ്റര്‍ അകലെയാണ് സമ്ര കണ്‍വെന്‍ഷന്‍ സെന്റര്‍.
പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മൂന്ന് ദിവസമായി തുടരുന്ന പ്രാര്‍ഥനയുടെ സമാപന ദിവസം. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം മുഴുവന്‍ ജീവനക്കാരും അടിയന്തരമായി ജോലിക്ക് ഹാജരാകണമെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications