കല്ലുവാതുക്കല്‍ മദ്യ ദുരന്തം: മുഖ്യപ്രതി മണിച്ചന് മോചനം, ഫയലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസിലെ കുറ്റക്കാരന്‍ മണിച്ചന് ജയില്‍ മോചനം. മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. 31 പേര്‍ മരിച്ച മദ്യ ദുരന്ത കേസിലെ പ്രധാന പ്രതിയാണ് മണിച്ചന്‍.

കേസിലെ മുഖ്യപ്രതിയായ ചന്ദ്രന്‍ എന്ന മണിച്ചനെ ജീവപര്യന്തം ശിക്ഷയ്ക്കാണ് വിധിക്കപ്പെട്ടത്. മണിച്ചന്‍ 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മണിച്ചനെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മണിച്ചനടക്കം വിവിധ കേസുകളില്‍പ്പെട്ട 33 പേരുടെ ശിക്ഷ ഇളവ് ചെയ്ത് ജയില്‍ മോചിതരാക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയുടെ 75-ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായിട്ടാണ് മണിച്ചനടക്കം ഉള്ളവര്‍ക്ക് കൂട്ടമോചനം നല്‍കുന്നത്.
2000 ഒക്ടോബര്‍ 31-നാണ് കേരളത്തെ ഞെട്ടിച്ച മദ്യ ദുരന്തമുണ്ടാകുന്നത്. വ്യാജ മദ്യ നിര്‍മാണത്തിനായി മണിച്ചന്റെ വീട്ടില്‍ ഭൂഗര്‍ഭ അറകള്‍ നിര്‍മിച്ചിരുന്നുവെന്നും മദ്യത്തിന്റെ വീര്യം കൂട്ടാനായി സ്പിരിറ്റില്‍ മീഥൈല്‍ ആള്‍ക്കഹോള്‍ കലര്‍ത്തി വിതരണം ചെയ്യുകയുമായിരുന്നു എന്നായിരുന്നു കണ്ടെത്തല്‍.
31 പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് കാഴ്ച നഷ്ടമാകുകയും 500 പേര്‍ ചികിത്സ തേടുകയും ചെയ്ത ദുരന്തമാണ് കല്ലുവാതുക്കല്‍ മദ്യ ദുരന്തം. മണിച്ചന്റെ ജയില്‍ മോചനം എന്ന ആവശ്യത്തെ രാജ്ഭവന്‍ ഗൗരവമായാണ് കണ്ടത്. അതേസമയം, കേസിലെ മറ്റൊരു പ്രതിയായിരുന്ന വിതരണക്കാരി താത്ത എന്ന ഹൈറുന്നീല തടവ് അനുഭവിക്കേ 2009-ല്‍ മരിച്ചിരുന്നു. മണിച്ചന്റെ ഡയറിയില്‍ നിന്ന് ചില സി പി എം നേതാക്കള്‍ക്കും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും മാസപ്പടി പണം നല്‍കിയതിന്റെ രേഖകള്‍ കണ്ടെത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു .
നേരത്തെ മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി, മണികണ്ഠന്‍ എന്നിവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി കഴിഞ്ഞ വര്‍ഷം വിട്ടയച്ചിരുന്നു. അതിനിടെ മണിച്ചന്റെ ഭാര്യ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട് .
Recommended Video
കേസില്‍ 302ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനില്‍ക്കല്‍, കാഴ്ച നഷ്ടപ്പെടുത്തല്‍, ചാരായത്തില്‍ വിഷം കലര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍, സ്പിരിറ്റ് കടത്തല്‍, ചാരായവില്‍പ്പന തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള ശിക്ഷയാണ് വിധിച്ചിരുന്നത്. ശിക്ഷ ഒരേ കാലത്ത് അനുഭവിച്ചാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചിരുന്നു .












Click it and Unblock the Notifications