അരുണ്‍, ഷെറിന്‍ നിങ്ങള്‍ക്ക് എന്റെ സല്യൂട്ട്: ആലിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് കമല്‍ ഹാസന്‍
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് എന്ന അടയാളപ്പെടുത്തലുമായാണ് പത്തു മാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാം എന്ന പിഞ്ചുകുഞ്ഞ് ഈ ഭൂമിയില്‍ നിന്ന് യാത്രയായത്. സ്‌നേഹത്തിന്റെ വലിയൊരു മാതൃക മുതിര്‍ന്നവര്‍ക്ക് കാണിച്ചുകൊടുത്ത ശേഷമാണ് ആലിന്‍ ഷെറിന്‍ കടന്നുപോകുന്നത്. വാഹനാപകടത്തിലുള്ള പിഞ്ചുകുഞ്ഞിന്റെ വേര്‍പാട് കേരളത്തിന്റെ കണ്ണീരായി മാറിയെങ്കിലും ആ കുഞ്ഞ് ബാക്കിവെച്ചത് പ്രതീക്ഷയുടെ വലിയൊരു വെട്ടമാണ്.
കോട്ടയത്തുണ്ടായ അപകടത്തിലാണ് മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്റെയും മകള്‍ ആലിന് ഗുരുതരമായി പരിക്കേറ്റത്. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് കുഞ്ഞിന് മസ്തിഷ്‌കമരണം സംഭവിച്ചത്. തുടര്‍ന്ന് കുട്ടിയുടെ വൃക്കകള്‍, ഹൃദയം, കരള്‍, നേത്രപടലങ്ങള്‍ എന്നിവ ദാനം ചെയ്യുകയായിരുന്നു. നാലു പേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ് ആലിന്‍ യാത്രയായത്.

മല്ലപ്പള്ളി സിഎസ്‌ഐ ചര്‍ച്ചിലാണ് ഇന്ന് ഉച്ചയ്ക്കു ശേഷം ആലിന്റെ സംസ്‌കാരം നടന്നത്. നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ വലിയ ജനസഞ്ചയമാണ് ആലിനെ അവസാനമായി കാണാന്‍ എത്തിയത്. കുഞ്ഞിന്റെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് നടത്തിയത്. ആലിന്റെ മാതാപിതാക്കള്‍ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ, ആലിന്റെ മാതാപിതാക്കളെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഉലകനായകന്‍ കമല്‍ ഹാസനും ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. എക്‌സിലാണ് നടന്‍ മാതാപിതാക്കളെ ആശ്വസിപ്പിച്ച് കുറിപ്പ് പങ്കുവെച്ചത്. നിരവധി പേരാണ് ഈ കുറിപ്പ് ഷെയര്‍ ചെയ്യുന്നത്. കമല്‍ ഹാസന്റെ കുറിപ്പ് ഇങ്ങനെ:
ഞങ്ങളുടെ കുഞ്ഞ് അലിന്‍ ഷെറിന്‍ എബ്രഹാം മാസങ്ങളോളം അമ്മയുടെ ഉദരത്തില്‍ ജീവിച്ചു, പത്ത് മാസം മാതാപിതാക്കളുടെ അതിരുകളില്ലാത്ത സ്‌നേഹത്താല്‍ ജീവിച്ചു. ഇപ്പോള്‍, അവള്‍ മറ്റ് അഞ്ച് കുഞ്ഞുങ്ങളെ മികച്ച ജീവിതം നയിക്കാന്‍ സഹായിക്കും.
മനസു കൊണ്ടും ഹൃദയം കൊണ്ടും, നിങ്ങള്‍ സ്‌നേഹമുള്ള മാതാപിതാക്കളാണ് - എന്നും അങ്ങനെ തന്നെ തുടരട്ടെ. ജീവിതത്തിലൂടെ നിങ്ങളുടെ സന്തോഷം വീണ്ടെടുക്കുക. നിങ്ങള്‍ രണ്ടുപേരും അത് യഥാര്‍ത്ഥത്തില്‍ അര്‍ഹിക്കുന്നു.












Click it and Unblock the Notifications