കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോ അക്കാദമി: നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐ; എല്ലാം ഏറ്റെടുത്ത് കാനം; സിപിഎമ്മുമായി മച്ചാ മച്ചാ!!!

സിപിഎമ്മുമായി ഒരു വിഷയവും ഇല്ലെന്ന് കാനം. ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാരിനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല.

  • By Jince K Benny
Google Oneindia Malayalam News

കണ്ണൂർ: പരസ്പരം കടിച്ച് കീറി പോര്‍വിളി നടത്തിയിരുന്ന സിപിഐ-സിപിഎം പോരിന് നാടകീയ വഴിത്തിരവ്. ലോ അക്കാദമി വിഷയത്തില്‍ സിപിഎമ്മിന് എതിരായ ശക്തമായ നിലപാടുമായി രംഗത്ത് നിന്ന് സിപിഐ പെട്ടന്ന് കളം മാറ്റി ചവിട്ടി. തിങ്കളാഴ്ച സിപിഐ മുഖപത്രമായ ജനയുഗത്തില്‍ സിപിഎം നിലപാടിനെ വിമര്‍ശിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തോടെ രണ്ട് പാര്‍ട്ടികളും തമ്മിലുള്ള പോര് മുറുകുകയായിരുന്നു. ലേഖനത്തിന് ഉചിതമായ മറുപടിയുമായി മുന്‍ കായിക മന്ത്രി ഇപി ജയരാജനും രംഗത്തെത്തി. എന്നാല്‍ ഈ വിഷയത്തില്‍ എല്ലാം സ്വയം ഏറ്റെടുത്ത് ഒരു കീഴടങ്ങല്‍ നടത്തി വഴിത്തിരിവുണ്ടാക്കിയിരിക്കുകയാണ് സിപിഐ.

പത്രത്തിലെ ലേഖനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ട് വന്ന സിപിഐ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ മുന്നോട്ട് വന്നു. ഇന്നലെ വരെ ലോ അക്കാദമി വിഷയത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച സിപിഐ പെട്ടന്ന് മുഖ്യമന്ത്രിയേയും വിദ്യാഭ്യാസ മന്ത്രിയേയും പ്രകിര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്. ലോ അക്കാദമിയിലെ സമരം സര്‍ക്കാരിനെതിരായ സമരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരം തുടങ്ങിയത് എഐഎസ്എഫ്

ലോ അക്കാദമി സമരം സര്‍ക്കാരിനെതിരായ സമരമല്ലെന്ന് വ്യക്തമാക്കിയ കാനം, അവിടെ ആദ്യം സമരം തുടങ്ങിത് എഐഎസ്എഫ് ആണെന്ന് പറഞ്ഞു. പിന്നീടാണ് മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സമരരംഗത്ത് എത്തിയത്. അവര്‍ക്ക് രാഷ്ട്രീയമായ അജണ്ടകള്‍ കാണും. വിദ്യാര്‍ത്ഥി സമരത്തിലെ ആവശ്യങ്ങള്‍ പരിഹരിക്കാതെ വന്നതുകൊണ്ടാണ് സമരത്തിന് രാഷ്ട്രീയമാനം കൈവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐയ്ക്ക് ഒരു ആവശ്യമില്ല

ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് സിപിഐ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പ്രശ്‌ന പരിഹാരത്തിന് ഇടപെടണമെന്ന് പാര്‍ട്ടിക്ക് അഭിപ്രായമില്ലെന്നും കാനം പറഞ്ഞു. ഇതിനൊപ്പം വിദ്യാഭ്യാസ മന്ത്രിയെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല. വളരെ കഴിവുള്ള ആളാണ് വിദ്യാഭ്യാസ മന്ത്രിയെന്നും അദ്ദേഹം മനസുവച്ചാല്‍ തീര്‍ക്കാന്‍ പറ്റുന്ന കാര്യമേ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിട്ടുള്ളു എന്നും കാനം പറഞ്ഞു.

ലേഖനത്തിന്റെ ഉത്തരവാദിത്വം

ജനയുഗത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് പ്രസിദ്ധീകരിച്ച ലേഖനവുമായി ബന്ധപ്പെട്ട് ഇപി ജയരാജന്റെ വിമര്‍ശനത്തോട് പ്രതികരിക്കാന്‍ കാനം കൂട്ടാക്കിയില്ല. അതേ സമയം പാര്‍ട്ടി പത്രത്തില്‍ വരുന്ന ലേഖനങ്ങളുടെ ഉത്തരവാദിത്തം തനിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഡിറ്റോറിയല്‍ ആയി വരുന്ന ലേഖനം മാത്രമാണ് പാര്‍ട്ടിയുടെ അഭിപ്രായം. ഇത് എഡിറ്റോറിയല്‍ പേജില്‍ വന്ന വിമര്‍ശനാത്മ ലേഖനം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂമി പ്രശ്‌നം ഉന്നയിച്ചത് സിപിഐയല്ല

ലോ അക്കാദമി ഭൂമി പ്രശ്‌നത്തില്‍ അന്വേഷണം നടത്തണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടില്ല. റവന്യു വകുപ്പിന് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ലോ അക്കാദമി ഭമിയേക്കുറിച്ച് അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ സിപിഎമ്മിനേയും സിപിഐയേയും തമ്മിലടിപ്പിക്കാന്‍ ആരും നോക്കേണ്ടെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

വാക്കിലെ വിരുത്

എല്ലാം ഏറ്റെടുത്ത് സിപിഎമ്മുമായി സമരസപ്പെട്ടെങ്കിലും ചെറിയൊരു കൊട്ട് ലോ അക്കാദമി വിഷയത്തില്‍ കാനം പറയാതെ പറഞ്ഞ് വച്ചു. വിദ്യാഭ്യാസ മന്ത്രിക്ക് പരിഹരിക്കാവുന്ന ആവശ്യമേ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിട്ടുള്ളു എന്ന് പറയുമ്പോള്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി താല്പര്യ കാണിക്കുന്നില്ല എന്നുള്ള ധ്വനിയും ആ വാക്കുകളില്‍ ഉണ്ട്.

English summary
CPI State Secretary Kanam Rajendran about CPM issue. CPI didn't demand anything to government on Law Academy land case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X