പ്രളയത്തിൽ പാളിപ്പോയ വിഷുഫലം; മഴ ലഭിക്കുമെന്ന ധാരണ വേണ്ട...ട്രോളുകൾക്ക് കാണിപ്പയ്യൂരിന്റെ മറുപടി...
Recommended Video

തിരുവനന്തപുരം: പ്രളയക്കെടുതിക്കിടയിലും സോഷ്യൽ മീഡിയയുടെ വേട്ടയാടൽ ഏറ്റവും അനുഭവിക്കുന്ന ആളാണ് ജോത്സ്യൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്. മഴക്കെടുതികളോടൊപ്പം തന്നെ കാണിപ്പയ്യൂരിന്റെ വിഷുഫലവും സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണ് കേരളത്തിലുണ്ടായത്. എന്നാൽ ഏ വർഷം മഴ കുറവായിരിക്കുമെന്നും വൈദ്യുതിയുടെ ഉത്പാദനത്തിലും വിതരണത്തിലുമെല്ലാം സർക്കാർ ജാഗരൂകരായിരിക്കണമെന്നുമുള്ള തരത്തിലായിരുന്നു കാണിപ്പയ്യൂരിന്റെ വിഷുഫലം.
ഒരു ചാനലിൽ കണികാണും കാണിപ്പയ്യൂർ എന്ന പേരിൽ സംപ്രേഷണം ചെയ്ത പരിപാടിയുടെ ദൃശ്യങ്ങൾ അടക്കമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അദ്ദേഹത്തിനെതിരെയുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ഈ വിഷയത്തിൽ കാണിപ്പയ്യൂരും തന്റെ ഭാഗം വ്യക്തമാക്കി കഴിഞ്ഞു.

വിഷുഫലം
ജൂൺ ഒന്ന് മുതൽ കാലവർഷം തുടങ്ങി ധാരാളം മഴ ലഭിക്കുമെന്നാണ് നമ്മുടെ ധാരണ. എന്നാൽ ഈ വർഷം ജൂൺ 10ന് ശേഷമാകും കാലവർഷപ്രതീതി ഉണ്ടാകു. 25 വരെ സാമാന്യം നല്ല മഴ ലഭിക്കും. എന്നാൽ വായു കോപം ഉള്ളതിനാൽ കാർമേഘം ഛിന്നഭിന്നമായി പോവുകയും മഴ കുറയുകയും ചെയ്യും. ജൂൺ 25 മുതൽ ജൂലൈ 4 വരെയാണ് ഏറ്റവും കനത്ത മഴ കേരളത്തിൽ ഉണ്ടാകു.
കർക്കടകത്തിൽ മഴ ലഭിക്കുമെന്നൊരു ധാരണയുണ്ട്. എന്നാൽ ഇക്കൊല്ലം ജൂലൈ 17 മുതൽ ആഗസ്റ്റ് ഒന്ന് വരെ മഴയുണ്ടാകില്ല. നല്ല ഉഷ്ണപ്രതീതിയുണ്ടാകും. കർക്കിടകം രണ്ടാം പകുതിയിൽ അതായത് ആഗസ്റ്റ് 1 മുതൽ 17 വരെ കുറച്ചൊക്കെ മഴ ലഭിക്കുമെന്നുമായിരുന്നു കാണിപ്പയ്യൂർ പരിപാടിയിൽ പ്രവചിച്ചത്.

വൈദ്യുതി ക്ഷാമം
വന പർവ്വതങ്ങളിൽ കഴിഞ്ഞ വർഷം ലഭിച്ച അത്രയും മഴ ലഭിക്കില്ല. അതുകൊണ്ട് വൈദ്യുതി ഉത്പാദനം, വിതരണം തുടങ്ങിയ മേഖലകളിൽ സർക്കാർ ജാഗരൂകരായിരിക്കണമെന്നുമായിരുന്നു കാണിപ്പയ്യൂരിന്റെ മുന്നറിയിപ്പ്. ഈ വർഷം കേരളത്തിലെ എല്ലാ വൈദ്യുതി നിലയങ്ങളിലും പൂർണ തോതിലായിരുന്നു ഉത്പാദനം. കാണിപ്പയ്യൂർ പ്രവചിച്ചതിന് നേർ വിപരീതമാണ് കേരളത്തിൽ സംഭവിച്ചത്. വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണമുണ്ടാകുമെന്നും സാമ്പത്തിക മേഖലകളിൽ വലിയ പുരോഗതിയുണ്ടാകുമെന്നും വിഷുഫലത്തിൽ പറഞ്ഞിരുന്നു.

അബദ്ധം പറ്റി
അബദ്ധം പറ്റിയെന്ന് വിചാരിച്ചാൽ മതി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തനിക്കെതിരെയുണ്ടായ വിമർശനങ്ങൾക്ക് കാണിപ്പയ്യൂർ മറുപടി നൽകിയത്. ശാസ്ത്രത്തിന് തെറ്റുപറ്റില്ല. തെറ്റുപറ്റിയത് തനിക്കാണെന്നും കാണിപ്പയ്യൂർ പറഞ്ഞു. ശാസ്ത്രം തെറ്റാണെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ ശരിയല്ലെന്നും കാണിപ്പയ്യൂർ പറഞ്ഞു.

തുലാവർഷം
ഈ വർഷം തുലാവർഷം കൂടുതൽ പെയ്യുമെന്നാണ് കാണുന്നത്. തുലാവർഷത്തിൽ നല്ല മഴ ലഭിക്കുമെന്ന് വിഷുഫലത്തിൽ പറഞ്ഞിരുന്നു. അത് ശരിയാകുമെന്നും കാണിപ്പയ്യൂർ പറയുന്നു. മെയ് ആദ്യം മഴയുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. അത് സംഭവിച്ചു. അതിന് ശേഷമുള്ള കാലയളവിലെ പ്രവചനത്തിലാണ് പിഴവ് പറ്റിയതെന്നും കാണിപ്പയ്യൂർ പറഞ്ഞു.

നിങ്ങൾക്കും സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications