250 കോടിയുടെ കമ്മീഷന്‍; മൗനം കുറ്റസമ്മതം ആയി കണക്കാക്കുന്നു എന്ന് രമേശ് ചെന്നിത്തല
കൊച്ചി: കനിവ് ആംബുലന്‍സ് സര്‍വീസുമായി ബന്ധപ്പെട്ട് പുറത്തുവന്ന കമ്മീഷന്‍ ഇടപാടില്‍ സര്‍ക്കാര്‍ തുടരുന്ന മൗനത്തിനെതിരെ രമേശ് ചെന്നിത്തല. സര്‍ക്കാര്‍ പ്രതികരിക്കാത്തത് കുറ്റസമ്മതമായി കണക്കാക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ ഇടപാടും കമ്മീഷന്‍ കൈപറ്റുന്ന ഇടപാടായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാധാരണക്കാരുടെ നികുതി പണത്തില്‍ നിന്നാണ് 250 കോടി കമ്മീഷന്‍ കൈപറ്റിയിരിക്കുന്നത്. കൂടാതെ ഒന്നാകാല്‍ വര്‍ഷം കരാര്‍ നീട്ടി നല്‍കുകയും ചെയ്തു. കമ്മീഷന്‍ ഇടപാടുകള്‍ നടക്കുമ്പോള്‍ ആരോഗ്യ മേഖല സ്തംഭിച്ചിരിക്കുകയാണ്. പാവപ്പെട്ടവരുടെ ചികില്‍സയുടെ കാര്യത്തില്‍ പൂര്‍ണമായ അവഗണനയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. ഇന്നു മുതല്‍ സംസ്ഥാനത്ത് ഹൃദയ ശസ്ത്രക്രിയ മുടങ്ങുകയാണെന്നും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിന്റെ പൂര്‍ണ രൂപം: ''കനിവ് ആംബുലന്‍സ് സര്‍വീസ് കരാറുമായി ബന്ധപ്പെട്ടു പുറത്തു വന്ന 250 കോടി രൂപയുടെ കമ്മിഷന്‍ ഇടപാടില്‍ഇതുവരെ യാതൊരു പ്രതികരണവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവാത്തത് പച്ചയായ കുറ്റസമ്മതമായി തന്നെ കണക്കാക്കാവുന്നതാണ്. കമ്മിഷന്‍ കിട്ടാത്ത ഒരു ഇടപാടും നടത്താത്ത സര്‍ക്കാറായി പിണറായി വിജയന്‍ മാറിയിരിക്കുന്നു.
കേരളത്തിലെ സാധാരണക്കാരന്റെ നികുതിപ്പണത്തില്‍ നിന്നാണ് 250 കോടി കമ്മിഷന്‍ വാങ്ങിയത്. ഇതുകൂടാതെ ഒന്നേകാല്‍ വര്‍ഷം അനധികൃതമായി കരാര്‍ നീട്ടിക്കൊടുക്കുകയും പുതിയ ടെന്‍ഡറില്‍ ബ്ളാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട കമ്പനിയെ സാങ്കെതികബിഡ് റൗണ്ടില്‍ കടത്തിവിട്ടിരിക്കുകയുമാണ്. ഈ കമ്മീഷന്‍ ഇടപാടുകള്‍ ഇത്തരത്തില്‍ നടക്കുമ്പോള്‍ ആരോഗ്യമേഖല ആകെ സ്തംഭിച്ചിരിക്കുകയാണ്.
കമ്മിഷന്‍ ഇടപാടുകളൊക്കെ കൃതഹസ്തയോടെചെയ്യുന്ന സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ചികിത്സയുടെ കാര്യത്തില്‍ സമ്പൂര്‍ണ അവഗണനയാണ് കാണിക്കുന്നത്. കേരളത്തില്‍ മുഴുവന്‍ ആശുപത്രികളിലും ഹൃദയശസ്ത്രക്രിയ ഇന്നുമുതല്‍ മുടങ്ങുകയാണ്. ആന്‍ജിയോ പ്ളാസ്റ്റിക്കുള്ള ഉപകരണങ്ങള്‍ നല്‍കുന്ന വിതരണക്കാര്‍ക്ക് 160 കോടി രൂപയാണ് നല്‍കാനുള്ളത്. ഇതേത്തുടര്‍ന്ന് അവര്‍ ഇന്നു മുതല്‍ ഉപകരണവിതരണം നടത്തുന്നില്ല.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ അവശ്യമരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും ഇല്ല. ആവശ്യത്തിന് ഉപകരണങ്ങളും മരുന്നുകളുമില്ലെന്നു പരാതിപ്പെട്ടതിന്റെ തുടര്‍ന്ന് ഡോ. ഹാരീസിനെതിരെ വേട്ട നടത്തിയ സര്‍ക്കാര്‍, ഇപ്പോള്‍ നാലു ഡിപ്പാര്‍ട്ടമെന്റുകള്‍ സമാനമായ ആവശ്യം ഉന്നയിച്ചപ്പോള്‍ വെട്ടിലായിരിക്കുകയാണ്. കേരളത്തിന്റെ ആരോഗ്യമേഖല ആകെ സ്തംഭിച്ചിരിക്കുകയാണ്. ഈ വകുപ്പിന് നാഥനുണ്ടോ എന്നുതന്നെ സംശയമാണ്. പാവപ്പെട്ടവന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ പരാജയപ്പെടുന്ന മന്ത്രിയെ നീക്കം ചെയ്യാനെങ്കിലും സര്‍ക്കാര്‍ തയ്യാറാവണം.''












Click it and Unblock the Notifications